International
കൈകള്‍ നഷ്ടപ്പെട്ട ഫലസ്തീന്‍ ബാലന്റെ ചിത്രത്തിന് വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ്
ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെ വനിതാ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റ് സമര്‍ അബൂ ഇലൗഫിന്റെ ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്

ആംസ്റ്റര്‍ഡാം | ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ട ഒമ്പത് വയസ്സുള്ള ഫലസ്തീന്‍ ബാലന്റെ ചിത്രത്തിന് 2025ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയര്‍ അവാര്‍ഡ്. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനായി വനിതാ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റ് സമര്‍ അബൂ ഇലൗഫ് പകര്‍ത്തിയ മഹ്്മൂദ് അജ്ജൗര്‍ എന്ന ഫലസ്തീന്‍ ബാലന്റെ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സമര്‍ അബൂ ഇലൗഫും ഗസ്സക്കാരിയാണ്.
51,025 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 116,432 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഇസ്റാഈല്‍ ആക്രമണത്തിന്റെ ഇരയാണ് അജ്ജൗര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കുട്ടിയെ ഖത്വറിലേക്ക് മാറ്റിയിരുന്നു.
ഇത് ഉച്ചത്തില്‍ സംസാരിക്കുന്ന നിശ്ശബ്ദ ഫോട്ടോയാണ്. ഇത് ഒരു ആണ്‍കുട്ടിയുടെ കഥപറയുന്നു. മാത്രമല്ല, തലമുറകള്‍ അനന്തരഫലം അനുഭവിക്കേണ്ട വിശാലയുദ്ധത്തിന്റെയും- വേള്‍ഡ് പ്രസ്സ് ഫോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ എല്‍ സെയ്ന്‍ ഖ്വൂരി പറഞ്ഞു.