Kerala
സുഹ്ബ ആത്മീയ ക്യാമ്പിന് ലോക പ്രസിദ്ധ പണ്ഡിതര്‍ മര്‍കസ് നോളജ് സിറ്റിയിലെത്തും; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഈ മാസം 28ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പ് ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ സമാപിക്കും

നോളജ് സിറ്റി | അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ ക്യാമ്പിന് വിശ്വപ്രസിദ്ധ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ്, ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് രിഫാഇ- ലെബനാണ്‍, ശൈഖ് ഹബീബ് അലി ജിഫ്രി- യമന്‍, ശൈഖ് ഉസാമ അസ്ഹരി- ഈജിപ്ത്, ശൈഖ് യഹിയ റോഡസ്- യു എസ് എ, ഇ സുലൈമാന്‍ മുസ്്ലിയാര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
ഈ മാസം 28ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പ് ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ സമാപിക്കും. ക്യാമ്പില്‍ വിവിധ പഠന സദസ്സുകള്‍, ദിക്‌റ്- ദുആ മജ്ലിസുകള്‍, ഖസീദ പാരായണങ്ങള്‍ എന്നിവ നടക്കും. പ്രവാചക ജീവിതത്തില്‍ നിന്നുള്ള വിവിധ പഠനങ്ങള്‍, ജീവിത ചിട്ടകള്‍, പ്രാര്‍ഥനകള്‍ എന്നിവ പകര്‍ത്താനും പ്രത്യേക ഇജാസത്തുകള്‍ നേരിട്ട് സ്വീകരിക്കാനുമുള്ള അവസരം ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ക്യാമ്പിന് പ്രവേശനം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ സദസ്സുകളാണ് ഒരുക്കുന്നത്. അംഗങ്ങളുടെ താത്പര്യാനുസൃതമായി വിവിധ താമസ- ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://academy.jamiulfutuh.com/suhba എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: +91 7034 046606, +91 7034 946663.