Aksharam
രണ്ടാം ലോക മഹായുദ്ധം
ലോകഗതിയെ സമൂലപരിവര്‍ത്തനം നടത്തിയ ഒരു മഹാപ്രളയം തന്നെയായിരുന്നു രണ്ടാം ലോകമഹായുദ്ധം.
ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധം. ഈ മഹായുദ്ധത്തില്‍ 72 ദശലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു. എഴുപതിലേറെ രാജ്യങ്ങളാണ് പരസ്പരം പടവെട്ടിയത്. സര്‍വവിനാശകാരിയായ അണുബോംബ് വര്‍ഷിക്കപ്പെട്ട് ജപ്പാന്‍ നാശത്തിന്റെ വക്കിലെത്തിയതും അമേരിക്ക എന്ന ലോകശക്തി പിറവികൊണ്ടതും ഈ യുദ്ധത്തിലാണ്. ഹിറ്റ്ലര്‍, മുസ്സോളിനി തുടങ്ങിയ സ്വേച്ഛാധിപതികള്‍ കൊല്ലപ്പെട്ടു. പല രാജ്യങ്ങളും സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. പുതിയ സാമ്പത്തിക ശക്തികള്‍ ഉദയം ചെയ്തു. എണ്ണിയാലൊടുങ്ങാത്ത പുതിയ ആയുധങ്ങള്‍ കണ്ടെത്തി. ചുരുക്കിപ്പറഞ്ഞാല്‍ ലോകഗതിയെ സമൂലപരിവര്‍ത്തനം നടത്തിയ ഒരു മഹാപ്രളയം തന്നെയായിരുന്നു രണ്ടാം ലോകമഹായുദ്ധം.
തുടക്കം
1939 സെപ്തംബര്‍ ഒന്നിന് ജര്‍മനി പോളണ്ടിനെ ആക്രമിക്കുന്നതോടെയാണ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ഒന്നാം ലോകമഹായുദ്ധം അവസാനിച്ച 1919ലെ പാരീസ് സമാധാന സന്ധിപ്രകാരം പരാജയപ്പെട്ട രാജ്യങ്ങളുടെ മുഴുവന്‍ കോളനികളും വിജയിച്ച രാജ്യങ്ങള്‍ കൈവശപ്പെടുത്തി. കോളനികളോ, കമ്പോളങ്ങളോ ഇല്ലാതിരുന്ന ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കോളനികള്‍ പിടിച്ചെടുക്കാനും മറ്റ് രാജ്യങ്ങളെ ആക്രമിക്കാനും പദ്ധതിയിട്ടു. ഈ ആക്രമണ നയങ്ങളുടെ വ്യാപനത്തിനായി ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് അച്ചുതണ്ട് സഖ്യം. ഇതിനെതിരെ യു കെ, യു എസ് എ, സോവിയറ്റ് യൂനിയന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് സഖ്യശക്തികള്‍.
കാരണങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിന് നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു. വേഴ്സായ് ഉടമ്പടിയുടെ പരാജയം, ആഗോള സാമ്പത്തിക മാന്ദ്യം, പ്രീണന പരാജയം, ജര്‍മനിയിലെയും ജപ്പാനിലെയും സൈനികമായ വളര്‍ച്ച, ലീഗ് ഓഫ് നേഷന്‍സിന്റെ പരാജയം.
വേഴ്‌സായ് ഉടമ്പടി
വേഴ്‌സായ് ഉടമ്പടി ജര്‍മനിയെ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും തകര്‍ത്തു. അവര്‍ പ്രതികാരം ആഗ്രഹിച്ചു, സഖ്യശക്തികളുമായി പരീക്ഷണത്തിന് അവര്‍ തയ്യാറെടുത്തു.
സാമ്പത്തിക മാന്ദ്യം
1929 ലെ വലിയ മാന്ദ്യം ലോകത്തെ മുഴുവന്‍ ബാധിച്ചു. മാന്ദ്യകാലത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു.
ഫാസിസത്തിന്റെ ഉദയം
ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം കൊടുത്ത ബെനിറ്റോ മുസ്സോളിനി രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ സ്വേച്ഛാധിപത്യപരമായ നടപടികള്‍ കൈക്കൊണ്ടു. നാസി പാര്‍ട്ടിയിലൂടെ ജര്‍മനിയില്‍ അധികാരത്തിലെത്തിയ അഡോള്‍ഫ് ഹിറ്റ്ലര്‍ സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും ജൂതന്‍മാരെയും ജനാധിപത്യവാദികളെയും കൊന്നൊടുക്കി.
ദേശീയത
ഇറ്റലിയും ജര്‍മനിയും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനായി ദേശീയതയിലേക്ക് തിരിഞ്ഞു. ജര്‍മനി ജര്‍മനിക്കാര്‍ക്ക്, ഇറ്റലി ഇറ്റലിക്കാര്‍ക്ക് എന്ന നയം ജനങ്ങള്‍ക്കിടയില്‍ ദേശീയബോധം വളര്‍ത്തിയെടുത്തു.
ജപ്പാന്റെ ഉദയം
ഒന്നാംലോകമഹായുദ്ധത്തിന് ശേഷം ജപ്പാന്‍ ലോകത്തെ പ്രബലശക്തിയായി ഉയര്‍ന്നുവന്നു. വ്യാവസായിക പുരോഗതിയും സാമ്പത്തിക വികസനവും ജപ്പാനെ സാമ്രാജ്യത്വനയം പിന്തുടരാന്‍ പ്രേരിപ്പിച്ചു.
പ്രീണന നയം
അച്ചുതണ്ടുശക്തികളായ ജര്‍മനിയും ജപ്പാനും ഇറ്റലിയും വിവിധ രാജ്യങ്ങളെ ആക്രമിച്ചപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ മുതലാളിത്ത രാജ്യങ്ങള്‍ ഈ ആക്രമണങ്ങളെ ചെറുത്തില്ല. പകരം സോഷ്യലിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂനിയനെ അവര്‍ മുഖ്യശത്രുവായി കണ്ടു. ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയ ഈ നയം പ്രീണന നയം എന്ന് അറിയപ്പെടുന്നു.
ജര്‍മന്‍ ആക്രമണ നയം
ചെക്കോസ്ലോവാക്യയിലെ ജര്‍മന്‍ ഭൂരിപക്ഷ പ്രദേശമായ സുഡറ്റന്‍ ലാന്‍ഡിന് മേല്‍ 1938ല്‍ ഹിറ്റ്ലര്‍ അവകാശവാദമുന്നയിച്ചു. യുദ്ധമൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂണിക് എന്ന സ്ഥലത്ത് വെച്ചുണ്ടാക്കിയ ഉടമ്പടിയില്‍ ഈ സ്ഥലം ജര്‍മനിക്ക് കൈമാറി. കൂടാതെ ഇനി ഒരു പ്രദേശവും പിടിച്ചെടുക്കില്ലെന്ന് വാഗ്ദാനവും നല്‍കി. എന്നാല്‍ ആറ് മാസത്തിനകം ഹിറ്റ്ലര്‍ മ്യൂണിക് ഉടമ്പടിയെ അവഗണിച്ചു.
പോളണ്ട് ആക്രമണം
1939ല്‍ പോളണ്ടിലൂടെ ജര്‍മനിക്കും പ്രഷ്യക്കുമിടയില്‍ ഒരു സൈനിക റോഡ് നിര്‍മിക്കുന്നതിന് അനുവദിക്കാനും ഡാന്‍സിക് തുറമുഖം തങ്ങള്‍ക്ക് നല്‍കാനും ഹിറ്റ്ലര്‍ പോളണ്ടിനെ നിര്‍ബന്ധിച്ചു. എന്നാല്‍ പോളണ്ട് ആവശ്യങ്ങളെ നിരാകരിച്ചു. ഇതിനെ തുടര്‍ന്ന് 1939 സെപ്തംബര്‍ ഒന്നിന് ഹിറ്റ്ലര്‍ പോളണ്ടിന് മേല്‍ മിന്നലാക്രമണം നടത്തി. ഇതിനെ തുടര്‍ന്ന് സഖ്യകക്ഷികള്‍ ജര്‍മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു.
യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍
ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില താറുമാറായി. ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു. യുറോപ്യന്‍ രാജ്യങ്ങളുടെ ലോക മേധാവിത്വം തകര്‍ന്നു. സഖ്യകക്ഷികള്‍ ജര്‍മനിയെ കിഴക്കന്‍ ജര്‍മനി എന്നും പടിഞ്ഞാറന്‍ ജര്‍മനി എന്നും രണ്ടായി വിഭജിച്ചു. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. അനേകം രാജ്യങ്ങള്‍ സ്വതന്ത്രമായി. അമേരിക്കയും സോവിയറ്റ് യൂനിയനും വന്‍ശക്തികളായി മാറി. കോളനിയാധിപത്യം, സാമ്രാജ്യത്വം എന്നീ നയങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപേക്ഷിച്ചു. ലോകസമാധാനം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നു.