Articles
മൂന്നാം ലോകമഹായുദ്ധമോ?
ബശ്ശാര്‍ അല്‍അസദിനെതിരായി 2011ല്‍ തുടങ്ങിയ പ്രക്ഷോഭത്തെ മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമെന്ന് ആഘോഷിച്ചവരൊക്കെ ഇന്നത്തെ സിറിയയുടെ അവസ്ഥ കാണണം. പാശ്ചാത്യ ശക്തികളുടെ കൈയിലെ പാവകളായി മാറിയ വിമത ഗ്രൂപ്പുകളുടെ ആയുധപ്രയോഗം ഒരു ഭാഗത്ത്. വിമതരെ നേരിടാനെന്ന പേരില്‍ ബശ്ശാര്‍ ഭരണകൂടത്തിന്റെ ആക്രമണം. റഷ്യയും അമേരിക്കയും നടത്തുന്ന നിഴല്‍ യുദ്ധം. ഈ ജനത എങ്ങോട്ട് പോകും
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സിറിയയില്‍ നിന്ന് വീണ്ടും മരണത്തിന്റെയും പലായനത്തിന്റെയും വാര്‍ത്തകള്‍ വന്നു തുടങ്ങിയിരിക്കുന്നു. അപകടകരമായ പ്രദേശമായി സിറിയയെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയും പൗരന്മാര്‍ അവിടെ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് സംഘര്‍ഷ വ്യാപനം ഉറപ്പാണെന്ന സന്ദേശമാണ് നല്‍കുന്നത്. വടക്കു പടിഞ്ഞാറന്‍ നഗരമായ അലപ്പോയില്‍ വിമത സൈന്യം ആധിപത്യമുറപ്പിച്ചതോടെയാണ് സിറിയന്‍ ആകാശത്തും മണ്ണിലും ആയുധങ്ങള്‍ വീണ്ടും തീതുപ്പാന്‍ തുടങ്ങിയത്. കൂടുതലിടങ്ങളിലേക്ക് വിമതര്‍ ഇരച്ചു കയറുകയാണ്. ഹയാത്ത് തഹ്്രീര്‍ അല്‍ ശാം (എച്ച് ടി എസ്) എന്ന വിമത സായുധ ഗ്രൂപ്പ് ദര്‍ആയിലും ഹമായിലും ആധിപത്യമുറപ്പിച്ച് തലസ്ഥാനമായ ദമസ്‌കസിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
എച്ച് ടി എസ് ഈയിടെയാണ് വാര്‍ത്തകളില്‍ വരാന്‍ തുടങ്ങിയതെങ്കില്‍ സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെതിരെ വിമത നീക്കം തുടങ്ങിയത് മുതല്‍ കേള്‍ക്കുന്നത് അമേരിക്ക പിന്തുണക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ് ഡി എഫ്) എന്ന കുര്‍ദ് ഗ്രൂപ്പിനെയാണ്. ഐ എസ് തീവ്രവാദികളെ ചെറുക്കാന്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് പറഞ്ഞാണ് അമേരിക്ക വടക്കന്‍ സിറിയയില്‍ സ്വന്തം താവളങ്ങള്‍ പണിതത്. ഫ്രീ സിറിയന്‍ ആര്‍മിയെന്ന പേരില്‍ മറ്റൊരു വിമത ഗ്രൂപ്പും സജീവമായുണ്ട്. വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഇടപെടാനില്ലെന്ന് ബശ്ശാര്‍ അല്‍അസദ് 2020ലെ സന്ധി സംഭാഷണത്തിലൂടെ സമ്മതിച്ചതോടെ തന്നെ രാജ്യം പിളര്‍ന്നു കഴിഞ്ഞിരുന്നു. അതോടെ, അകം വേവുന്നുവെങ്കിലും പുറമേ ശാന്തത കൈവരിച്ചു. എന്നാലിപ്പോള്‍ എല്ലാ അതിരുകളും ഭേദിച്ച് വിമതര്‍ ബശ്ശാറിന്റെ അധികാര സ്ഥലങ്ങളിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. പ്രസിഡന്റ് അസദിന്റെ സൈന്യം സുപ്രധാന പോയിന്റുകളില്‍ നിന്ന് പിന്‍വാങ്ങുന്നത് വിമത ഗ്രൂപ്പുകളുടെ പ്രഹര ശേഷി കൂട്ടുന്നുണ്ട്. സിറിയയില്‍ നിന്ന് പലായനം ചെയ്ത മനുഷ്യര്‍ ലോകത്താകെയുള്ള അതിര്‍ത്തികളില്‍ കാരുണ്യം കാത്ത് കഴിയുമ്പോഴാണ് ജീവിതം അസാധ്യമായ സ്വന്തം ഇടത്ത് നിന്ന് പതിനായിരങ്ങള്‍ വീണ്ടും അപകടകരമായ പുറപ്പാടിലേക്ക് നീങ്ങുന്നത്. വെറും മണലില്‍ മുഖം പൂഴ്ത്തി കിടക്കുന്ന അയ്‌ലാന്‍ കുര്‍ദിയെന്ന രണ്ട് വയസ്സുകാരന്റെ ചിത്രം മനുഷ്യസ്‌നേഹികള്‍ മറക്കില്ല. അഭയാര്‍ഥി ബോട്ട് തകര്‍ന്ന് അവന്‍ മരിച്ചു പോയത് അവന്റെ നാട് മാറ്റാരൊക്കെയോ പകുത്തെടുത്ത് തമ്മില്‍ തല്ലിയത് കൊണ്ടാണ്. ആരൊക്കെയാണ് ഈ നാടിനെ ജീവിതം അസാധ്യമായ ഇടമാക്കി മാറ്റുന്നത്? പുതിയ കൂട്ടക്കുഴപ്പത്തില്‍ ബശ്ശാര്‍ വീഴുമോ? പതിറ്റാണ്ടുകള്‍ നീണ്ട സിറിയന്‍ പ്രതിസന്ധിയുടെ യഥാര്‍ഥ പരിഹാരമെന്താണ്?
ആഭ്യന്തര യുദ്ധമല്ല
സിറിയയില്‍ നടക്കുന്നത് ആഭ്യന്തര യുദ്ധമാണ് എന്നത് തികച്ചും വാസ്തവവിരുദ്ധമായ ആഖ്യാനമാണ്. ഒന്നും ആഭ്യന്തരമായല്ല നിശ്ചയിക്കപ്പെടുന്നത്. എല്ലാം പുറത്ത് നിന്ന് തീരുമാനിക്കപ്പെടുന്നു. പരാജിത രാഷ്ട്രങ്ങളെന്ന് അമേരിക്ക വിളിക്കുന്ന സര്‍വ മുസ്‌ലിം ജനപഥങ്ങളെയും പോലെ സിറിയയെയും ഇന്നത്തെ നിലയിലാക്കിയത് വന്‍ ശക്തികളുടെ നിഴല്‍ യുദ്ധമാണ്. അവിടെ അമേരിക്കയും ഇസ്‌റാഈലും റഷ്യയും ഇറാനും തുര്‍ക്കിയുമെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ ആയുധക്കളിയാണ് നടക്കുന്നത്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് യു എസും റഷ്യയുമാണ്. മറ്റുള്ളവര്‍ ഇരുപക്ഷത്തുമായി നിലയുറപ്പിക്കുന്നു. എച്ച് ടി എസ്്യെന്ന വിമത ഗ്രൂപ്പിന് ഇത്രയധികം ആയുധങ്ങളും സൈനിക സംവിധാനങ്ങളും എവിടെ നിന്നാണ് വന്നതെന്ന ഒറ്റ ചോദ്യത്തില്‍ എല്ലാ ഉത്തരവുമുണ്ട്. അമേരിക്ക വിതറിയ ആയുധങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. യുക്രൈനില്‍ റഷ്യ നടത്തുന്ന മുന്നേറ്റങ്ങള്‍ ബൈഡന്‍ ഭരണകൂടത്തിന് ഉണ്ടാക്കിയ മാനക്കേട് സിറിയയില്‍ പണി കൊടുത്ത് പരിഹരിക്കുകയാണ്. കാരണം, ബശ്ശാര്‍ അല്‍അസദിനെ എല്ലാ അര്‍ഥത്തിലും താങ്ങി നിര്‍ത്തുന്നത് റഷ്യയാണ്. യു എസും പാശ്ചാത്യ രാജ്യങ്ങളും ഒറ്റപ്പെടുത്തുമ്പോള്‍ ഇറാനുമായും തുര്‍ക്കിയുമായും ബന്ധം ദൃഢമാക്കാനും എണ്ണ സമ്പന്നമായ സിറിയയുടെ നിയന്ത്രണം കൈക്കലാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് റഷ്യയുടെ ബശ്ശാര്‍ സ്‌നേഹം. അമേരിക്കയോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം ആരാന്റെ മണ്ണില്‍ കണക്ക് തീര്‍ക്കുക തന്നെ. അത്യാധുനിക ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള ഇടമാണ് റഷ്യക്കും യു എസിനും സിറിയ.
യുദ്ധങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ പ്രസിഡന്റാകുന്നതെന്ന് പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ (ജനുവരി 20) അദ്ദേഹത്തിന് മുന്നിലേക്ക് ഒരു ഊരാക്കുടുക്ക് ഇട്ടുകൊടുക്കുകയാണ് ബൈഡന്‍ ചെയ്തിരിക്കുന്നത്. ഈ യുദ്ധത്തില്‍ നിന്ന് ഒളിച്ചോടാന്‍ ട്രംപിന് സാധിക്കില്ലെന്ന് ബൈഡനറിയാം. യുക്രൈന് നല്‍കുന്ന സഹായം പൂര്‍ണമായി അവസാനിപ്പിച്ച് ആ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ട്രംപിന് പദ്ധതിയുണ്ട്. അത് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ റഷ്യ സമ്പൂര്‍ണ വിജയം നേടും. ആ വിജയം റഷ്യയെ കൂടുതല്‍ ശക്തമാക്കും. ആ ഘട്ടത്തില്‍ റഷ്യക്ക് മുന്നില്‍ പുതിയ ദുഷ്‌കര ദൗത്യം ഉയര്‍ന്നു വരണം. അതാണ് സിറിയ. ബശ്ശാറിനെ കൈവിടാന്‍ ഒരുക്കമല്ലാത്ത റഷ്യ ഈ ചൂണ്ടയില്‍ കൊത്തിക്കഴിഞ്ഞു. അലപ്പോയിലും ഹമായിലും ഇപ്പോള്‍ വിമതരെ നേരിടുന്നത് ബശ്ശാറിന്റെ സൈന്യമല്ല, റഷ്യയുടെ വ്യോമാക്രമണമാണ്.
ഇപ്പറഞ്ഞത് റഷ്യയും യു എസും തമ്മിലുള്ള വടംവലിയാണെങ്കില്‍ സമാന്തരമായി ഇറാനും ഇസ്‌റാഈലുമായുള്ള പോരും നടക്കുന്നുണ്ട്. അലവൈറ്റ് വിഭാഗക്കാരനായ ബശ്ശാര്‍ അല്‍അസദിനെ സഹായിക്കാന്‍ ഇറാന്‍ സൈനികര്‍ സിറിയയിലുണ്ട്. ഇസ്‌റാഈലാകട്ടെ വിമതരെ സഹായിക്കാനിറങ്ങിയിരിക്കുന്നു. തങ്ങളുമായി അതിര്‍ത്തി പങ്കിടുകയും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അമേരിക്കന്‍ പിന്തുണയോടെ തന്നെ സിറിയയില്‍ ഇറങ്ങാന്‍ ജൂതരാഷ്ട്രത്തിന് സാധിക്കും. അവിടെ ബെഞ്ചമിന്‍ നെതന്യാഹുവിന് പിടിച്ചു നില്‍ക്കാന്‍ യുദ്ധവ്യാപനം അനിവാര്യവുമാണ്. ഹിസ്ബുല്ലയുടെ പ്രധാന നേതാവിനെ സിറിയയില്‍ വെച്ച് വധിച്ച് ഈ കൂട്ടപ്പൊരിച്ചിലിനിടയില്‍ ചതിപ്രയോഗം നടത്തുകയാണ് സയണിസ്റ്റുകള്‍. ലബനാനില്‍ വെടിനിര്‍ത്തലിന് നിര്‍ബന്ധിതരായ ഇസ്‌റാഈല്‍, ഹിസ്ബുല്ലയെയും ഇറാനെയും പരോക്ഷമായി ആക്രമിക്കാനുള്ള അവസരമായി സിറിയന്‍ സംഘര്‍ഷത്തെ ഉപയോഗിക്കുകയാണ്.
പെട്രോ യുദ്ധം
റഷ്യയും അമേരിക്കയും സിറിയയില്‍ ഇറങ്ങിക്കളിക്കുന്നതിന് പിന്നില്‍ ആയുധക്കച്ചവടം മാത്രമല്ല ഉള്ളത്. പെട്രോളിയം അടിച്ചുമാറ്റുക കൂടി ലക്ഷ്യമാണ്. മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കരുതല്‍ ശേഖരം ചെറുതാണെങ്കിലും, സിറിയന്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ എണ്ണ, വാതക മേഖല നിര്‍ണായക സംഭാവന നല്‍കിയിരുന്നു. സിറിയക്ക് 2.5 ബില്യണ്‍ ബാരല്‍ എണ്ണയുടെ കരുതല്‍ ശേഖരം ഉണ്ടെന്നാണ് കണക്ക്. 2011ല്‍ വിമത സായുധ നീക്കം തുടങ്ങിയതോടെ ഈ എണ്ണ ശേഖരത്തിലുള്ള നിയന്ത്രണം ബശ്ശാര്‍ ഭരണകൂടത്തിന് നഷ്ടമായി. വിമതരെ സായുധമായി സഹായിക്കുന്ന യു എസിന്റെ നിയന്ത്രണത്തിലേക്ക് ഈ എണ്ണപ്പാടങ്ങള്‍ എത്തിച്ചേരുകയും ചെയ്തു. 2019ല്‍ വടക്കന്‍ മേഖലയില്‍ നിന്ന് യു എസ് സൈന്യം പിന്‍വാങ്ങിയപ്പോള്‍ സമ്പൂര്‍ണ പിന്‍മാറ്റം നടന്നില്ലെന്നോര്‍ക്കണം. കുര്‍ദ് വിഭാഗമായ എസ് ഡി എഫിന്റെ നിയന്ത്രണത്തിലുള്ള എണ്ണ സങ്കേതങ്ങള്‍ക്കുള്ള കാവല്‍ യു എസ് തുടര്‍ന്നു. കുര്‍ദുകള്‍ ചെറിയ വിലയ്ക്ക് യു എസിന് ക്രൂഡ് ഓയില്‍ വിറ്റു. 2018ല്‍ തന്നെ റഷ്യയുമായി എണ്ണ സഹകരണ കരാറുണ്ടാക്കിയ ബശ്ശാര്‍ അല്‍അസദ് നോക്കി നില്‍ക്കെ ഐ എസ് അടക്കമുള്ള മിലീഷ്യകളും യു എസും സ്വന്തം കരാറുണ്ടാക്കി ദേര്‍ അല്‍ സൗറിലെയും മറ്റ് മേഖലയിലെയും എണ്ണ സമ്പത്ത് കൈകാര്യം ചെയ്യുകയായിരുന്നു. സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചത് ഈ സാഹചര്യം കൂടിയാണ്.
അരക്ഷിത ജനത
ബശ്ശാര്‍ അല്‍അസദിനെതിരായി 2011ല്‍ തുടങ്ങിയ പ്രക്ഷോഭത്തെ മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമെന്ന് ആഘോഷിച്ചവരൊക്കെ ഇന്നത്തെ സിറിയയുടെ അവസ്ഥയൊന്ന് കണ്‍തുറന്ന് കാണണം. പാശ്ചാത്യ ശക്തികളുടെ കൈയിലെ പാവകളായി മാറിയ വിമത ഗ്രൂപ്പുകളുടെ ആയുധപ്രയോഗം ഒരു ഭാഗത്ത്. വിമതരെ നേരിടാനെന്ന പേരില്‍ ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തിന്റെ ആക്രമണം. റഷ്യയും അമേരിക്കയും നടത്തുന്ന നിഴല്‍ യുദ്ധം. ഇറാനും ഇസ്‌റാഈലും വിവിധ ശിയാ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഈ ജനത എങ്ങോട്ട് പോകും? നിരായുധരായ അഭയാര്‍ഥികളെ നേരിടാന്‍ മാത്രം അതിര്‍ത്തിയില്‍ മതില്‍ കെട്ടി, സൈന്യത്തെ കാവല്‍ നിര്‍ത്തുന്ന ട്രംപിന്റെ അമേരിക്കയിലേക്കോ? പാശ്ചാത്യ രാജ്യങ്ങളിലേക്കോ? മധ്യധരണ്യാഴിയില്‍ ബോട്ട് തകര്‍ന്ന് മരിക്കുകയെന്ന അയ്‌ലാന്‍ കുര്‍ദിയുടെ വിധിയാണോ ഈ ജനതയെ കാത്തിരിക്കുന്നത്?
സിറിയയില്‍ നിന്നാകാം മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാനിരിക്കുന്നത്. കാരണം ലോകത്തെ ഭസ്മമാക്കാന്‍ പോന്ന ആയുധങ്ങള്‍ കൈവശമുള്ള യുദ്ധഭ്രാന്തന്‍മാരാണ് അവിടെ ഏറ്റുമുട്ടുന്നത്. സിറിയ ശാന്തമാകേണ്ടത് മാനവരാശിയുടെ ആവശ്യമാണ്. അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരമുണ്ടോ? ബശ്ശാര്‍ ഉടന്‍ സ്ഥാനഭ്രഷ്ടനായേക്കാമെന്നും അദ്ദേഹം രാജ്യം വിടുമെന്നും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ബശ്ശാര്‍ ഒഴിഞ്ഞാല്‍ സിറിയ രക്ഷപ്പെടുമോ? ഗദ്ദാഫി വീണ ലിബിയയില്‍ എന്താണ് സ്ഥിതി?