cover story
കേശുവിന്റെ ലോകങ്ങൾ
പൂർണ വളര്‍ച്ചയെത്താതെ ജനിച്ച കേശുവിന് വലത് കൈപ്പത്തിയും വലതു കാല്‍മുട്ടിന് താഴേക്കുമില്ലായിരുന്നു. ജന്മനാ കേള്‍വിക്കും തകരാറുണ്ട്. എന്നാല്‍ ഈ പരിമിതികളെയെല്ലാം തെല്ലും കൂസാതെയാണ് ഡ്രംസ് വാദനത്തില്‍ കൊട്ടിക്കയറുന്നതും ചിത്രകലയില്‍ ശ്രദ്ധ നേടുന്നതുമെല്ലാം.
പോലീസ് കി വാര്‍ഡി ഷേര്‍ കാ ദം, നാം ഹേ മേരാ “ലിറ്റില്‍ സിംഗം’ (പോലീസ് യൂണിഫോമും സിംഹത്തിന്റെ ശക്തിയും, എന്റെ പേര് ലിറ്റില്‍ സിഗം!) ദുഷ്ടന്മാരായ വില്ലന്മാരില്‍ നിന്ന് ആളുകളെ രക്ഷിക്കുന്ന കാക്കി നിറത്തിൽ പോലീസ് യൂണിഫോമും കറുത്ത സണ്‍ഗ്ലാസുമണിഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രമായ ലിറ്റില്‍ സിംഗത്തിന്റെ ഇഷ്ടക്കാരൻ. ലിറ്റില്‍ സിംഗമെന്ന് ആരെങ്കിലും വിളിച്ചാല്‍ അവിടെ പറന്നെത്തി അവരുടെ രക്ഷകനാകുന്നതാണ് പരന്പരയിലെ സിങ്കത്തിന്റെ പതിവ്. അതുപോലെ നാടിനെയും സമൂഹത്തിനെയും രക്ഷിക്കാന്‍ ലിറ്റില്‍ സിങ്കത്തെ പോലെ ഒരു പോലീസുകാരനാകാനാണ് ഈ കൊച്ചു മിടുക്കന്റെയും ആഗ്രഹം. പറഞ്ഞു തീര്‍ക്കുമ്പോള്‍ ആദികേശിന്റെ കണ്ണില്‍ നിറയെ ആത്മവിശ്വാസത്തിന്റെ തിളക്കം.
ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂളിന് സമീപം നാക്കുന്ന് പാടം പുല്‍പറമ്പില്‍ സജിത്തിന്റെയും പ്രേംജ്യോത്സനയുടെയും ഏക മകനാണ് ആദികേശെന്ന കേശു. ശാരീരിക പരിമിതികള്‍ അതീജീവിച്ച് കലയുടെ ലോകത്ത് മാസ്മരികാനുഭവം തീര്‍ക്കുകയാണ് ഇന്നീ പത്ത് വയസ്സുകാരന്‍. പൂർണ വളര്‍ച്ചയെത്താതെ ജനിച്ച കേശുവിന് വലത് കൈപ്പത്തിയും വലതു കാല്‍മുട്ടിന് താഴേക്കുമില്ലായിരുന്നു. ജന്മനാ കേള്‍വിക്കും തകരാറുണ്ട്. എന്നാല്‍ ഈ പരിമിതികളെയെല്ലാം തെല്ലും കൂസാതെയാണ് ഡ്രംസ് വാദനത്തില്‍ കൊട്ടിക്കയറുന്നതും ചിത്രകലയില്‍ ശ്രദ്ധ നേടുന്നതുമെല്ലാം. ജ്യോത്സന ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി പരിശോധനയില്‍ വ്യക്തമായിരുന്നില്ല. ആദികേശ് ജനിച്ചപ്പോഴാണ് ശാരീരിക വൈകല്യങ്ങള്‍ വ്യക്തമായത്. ചികിത്സയും മറ്റുമായി അവന്‍ ജീവിതത്തിലേക്ക് പിച്ചവെച്ചു. ഇടതുകാലിന്റെ മുട്ടിനുതാഴെ വെപ്പുകാല്‍ വെച്ച് നടത്തം പരിശീലിച്ചു. മറ്റു കുട്ടികളെ പോലെ ഓടിനടക്കാന്‍ വെപ്പുകാല്‍ സഹായിച്ചു. ഇന്ന് നൃത്തവും സ്‌പോര്‍ട്‌സും തുടങ്ങിയെന്തും ഈ കുഞ്ഞുകാലുകൾക്ക് വഴങ്ങും.
ഡ്രംസില്‍ കൊട്ടിക്കയറി കേശു
വിരലുകളില്ലാത്ത തന്റെ കുഞ്ഞു കൈയില്‍ ഡ്രംസ് ഇറുക്കിപ്പിടിച്ച് കൃത്രിമക്കാല്‍ നിലത്തുറപ്പിച്ച് ചടുല താളത്തില്‍ കേശു കൊട്ടി. ഫറോക്ക് നല്ലൂര്‍ ഗവ. ഗണപത് യു പി സ്‌കൂളില്‍ കഴിഞ്ഞ പ്രവേശനോത്സവം അതിഗംഭീരമായത് ആദികേശിന്റെ ഡ്രംസ് വാദനത്തിലൂടെയായിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും നിറഞ്ഞുകവിഞ്ഞ സദസ്സിന് മുന്നില്‍ തികഞ്ഞ പാടവത്തോടെ ആദികേശ് കൊട്ടിക്കയറിയതിന്റെ ലഹരി കണ്ടുനിന്നവര്‍ ഇന്നും മറന്നിട്ടില്ല. അത്ര ആവേശവും താളവും ഒരുപോലെ നിറഞ്ഞതായിരുന്നു ആദികേശിന്റെ പ്രകടനം. തനിക്ക് കൊട്ടിപ്പഠിക്കാന്‍ പുതിയ ഡ്രംസെറ്റ് ആദികേശിന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ അച്ഛനും അമ്മയ്ക്കും അത് സാധ്യമാക്കിക്കൊടുക്കാന്‍ സാധിച്ചില്ല. മിമിക്രി കലാകാരനായ ദേവരാജന്‍ ദേവാണ് വിലപിടിപ്പുള്ള ഡ്രംസ് സെറ്റ് വാങ്ങിച്ചു നല്‍കിയത്. സ്‌കൂളില്‍ പ്രവേശനോത്സവ വേളയില്‍ തന്നെ താരമാകാന്‍ ആദികേശിന് അങ്ങനെ അവസരമൊരുങ്ങി. ആദികേശിന്റെ സംഗീതബോധവും വിരല്‍വേഗവും അച്ഛനും അമ്മയും തിരിച്ചറിയുകയായിരുന്നു. ചിരിച്ച മുഖത്തോടെ നിറഞ്ഞ ഉത്സാഹത്തോടെ പാത്രങ്ങളിലും മറ്റും കൊട്ടിക്കയറുന്ന ആദികേശിന്റെ ആഹ്ലാദം നിറഞ്ഞ പ്രകടനം സാമൂഹിക മാധ്യങ്ങളിലും വൈറലാവുകയുണ്ടായി. ഇതാണ് ദേവരാജന്‍ ദേവന്റെ ശ്രദ്ധയില്‍പ്പെടാന്‍ ഇടയായത്. താളബോധം തന്റെ രണ്ടാം വയസ്സില്‍ തന്നെ പ്രകടിപ്പിച്ചിരുന്നു. വലതുകൈക്ക് വിരലുകള്‍ ഇല്ലെങ്കിലും ഏതെങ്കിലും ഒരു കുഞ്ഞു കമ്പ് കിട്ടിയാല്‍ വരെ സ്റ്റൂളിലോ വീട്ടിലെ പാത്രങ്ങളിലോ കൊട്ടിക്കയറുന്നതായിരുന്നു ആദികേശിന് ഹരം. ഉത്സവപറമ്പുകളില്‍ നിന്ന് വാങ്ങുന്ന കളിച്ചെണ്ടയില്‍ പ്രാഗത്ഭ്യം തെളിയിക്കാനും ആദികേശിന് ഉത്സാഹമായിരുന്നു. കുഞ്ഞു കൈകള്‍ കൊട്ടി വേദനിക്കുമ്പോഴും തുണിചുറ്റി കമ്പ് കൈയില്‍ ഉറപ്പിച്ച് കൊട്ടിയതല്ലാതെ അവന്‍ താളം നിര്‍ത്തിയിരുന്നില്ല.
ഉജ്ജ്വലബാല്യം പുരസ്‌കാരം
താളവാദ്യത്തിന്റെ വേഗതക്ക് പുറമെ ചിത്രകലയിലും അസാധാരണമായ കൈവഴക്കം ആദികേശ് നേടിയിട്ടുണ്ട്. ശിശുക്ഷേമ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ആദികേശ് ഉജ്ജ്വലബാല്യം പുരസ്‌കാരം നേടുകയുണ്ടായി. വ്യത്യസ്ത മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്നതാണ് ഉജ്ജ്വല ബാല്യ പുരസ്‌കാരം. ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയാണ് അംഗീകാരം നല്‍കുന്നത്. അനന്തമായ നീലാകാശം, ഇരുവശത്തും മരങ്ങളുടെ പച്ചപ്പ്, നടുവില്‍ ഒരു വീട്. വീടിനടുത്ത് ഒരമ്മയും കുഞ്ഞും. ഇതായിരുന്നു ആദികേശ് വരച്ചത്. ജന്മനാ വിരലുകള്‍ ഇല്ലാത്ത വലതുകൈക്ക് പകരമായി ഇടതുകൈ കൊണ്ടാണ് ചിത്രം വരച്ചത്. എന്നാല്‍ വര്‍ണവിന്യാസത്തിന് തെല്ലും പോരായ്മയുണ്ടായിരുന്നില്ല. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അവ പ്രതലത്തില്‍ ഒരുക്കുന്നതിലും കൃത്യമായ ബോധം ആദികേശിന് ഉണ്ടായിരുന്നു. തന്റെ സ്കൂളിലെ ചിത്രകലാ അധ്യാപികയായ ഷരീഫ ടീച്ചറുടെ പരിശീലനത്തിലാണ് ഇപ്പോള്‍ ആദികേശ്.
ശാരീരിക വെല്ലുവിളികളെ പ്രചോദനമാക്കി ചെറുപ്രായത്തില്‍ തന്നെ ആദികേശ് ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഡ്രംസ് വാദനം ആദികേശിന് ഒരു ഹരമാണെങ്കില്‍ ചിത്രരചന ഒരു തപസ്യയാണ്. ഇരുത്തം വന്ന ഒരു ചിത്രകാരന്റെ സാന്നിധ്യവും പഠനവ്യഗ്രതയും സൂക്ഷ്മമായ സംവേദനവും ആദികേശിന്റെ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. പാറിപ്പറക്കുന്ന ശലഭങ്ങളും പൂക്കളും പക്ഷികളും നൃത്തം വെക്കുന്ന കുട്ടികളുമെല്ലാമായി വരയിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് കേശു നിറം നല്‍കുകയാണ്. പ്രതീക്ഷാനിര്‍ഭരമായ ഒരു കാലത്തെയാണ് ഈ ചിത്രങ്ങളെല്ലാം സൂചിപ്പിക്കുന്നത്. പത്ത് വയസ്സുകാരനായ ആദികേശ് ഒരു തികഞ്ഞ കലാകാരനായാണ് വളര്‍ന്നുവരുന്നത്. അമിതമായ ശ്രദ്ധയോ ശിക്ഷണമോ നല്‍കിയല്ല അച്ഛനമ്മമാര്‍ അവനെ വളര്‍ത്തുന്നത്. കഴിയുന്ന പ്രോത്സാഹനം നല്‍കുന്നുണ്ട് എന്നുമാത്രം. എല്ലാ പരിമിതികള്‍ക്കുമപ്പുറം തന്റെ മോഹങ്ങള്‍ക്കൊപ്പം കലയുടെ ലോകത്ത് അത്ഭുതം തീർക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ് മിടുക്കനായ കേശു.