Connect with us

Kerala

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളും; മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം

വിതരണത്തിനായി സര്‍ക്കാര്‍ ഓണത്തിനു മുമ്പു നല്‍കിയ ഭക്ഷ്യ കിറ്റാണ് പഞ്ചായത്ത് കാലതാമസം വരുത്തി വിതരണം ചെയ്തതെന്ന് ആരോപണം

Published

|

Last Updated

വയനാട് | ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളും നല്‍കിയ മേപ്പാടി ഗ്രാമ പഞ്ചായത്തിനെതിരെ ദുരന്ത ബാധിതരുടെ പ്രതിഷേധം.
കട്ടപിടിച്ചു ഭക്ഷ്യയോഗ്യമല്ലാത്ത അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നല്‍കിയത്.

മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിക്കുന്നു. വിതരണത്തിനായി സര്‍ക്കാര്‍ ഓണത്തിനു മുമ്പു നല്‍കിയ ഭക്ഷ്യ കിറ്റാണ് പഞ്ചായത്ത് കാലതാമസം വരുത്തി വിതരണം ചെയ്തത്. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം പരിശോധിക്കാതെ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത് തെറ്റാണെന്നു മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ദുരിതാശ്വാസത്തിന്റെ പേരില്‍ ഉപയോഗ ശൂന്യമായതോ പഴകിയതോ ആയ ഒന്നും വയനാട്ടിലേക്ക് അയക്കരുതെന്നു മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പഞ്ചായത്ത് ഇത്തരത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതിലും ചട്ടലംഘനം ഉണ്ടെന്നു മന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഡി വൈ എഫ് ഐ നേതൃത്വത്തില്‍ പഞ്ചായത്ത് ഉപരോധിക്കുകയാണ് പ്രതിഷേധക്കാര്‍. പുഴുവരിച്ച അരി ഉള്‍പ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. പഞ്ചായത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

 

Latest