Connect with us

independence day

വിഷമിച്ചിരുന്നാല്‍ മതിയാകില്ല, നമുക്ക് അതിജീവിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിവിധ പരിപാടികള്‍ നടന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി.
ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാല്‍ മതിയാകില്ല, നമുക്ക് അതിജീവിക്കണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തില്‍ അവക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തിന് കഴിയുന്നില്ല. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഉപകരിക്കുക.

ലോകത്താകെയുള്ള പല അനുഭവങ്ങളും ഇതിനോടകം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തും ആ നിലയ്ക്ക് ഉയരാന്‍ വേണ്ട ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പല മേഖലകളിലും നാം വളരെ മികച്ച നിലയിലാണ്. എന്നാല്‍ ശാസ്ത്രാവബോധത്തില്‍ കോട്ടം ഉണ്ടാകുന്നു എന്ന സാഹചര്യം കാണാതെ പോകരുത്. കേവലം കോട്ടം വരല്‍ മാത്രമല്ല. അന്ധവിശ്വാസങ്ങളുടെ, ദുരാചാരങ്ങളുടെ, പ്രാകൃത അനുഷ്ഠാനങ്ങളുടെ പുനരുജ്ജീവിതത്തിലേക്ക് പോലും പോകുന്നു. ഏതുകാലത്തെ താണ്ടിയാണോ പുതുകാലത്തേക്ക് വന്നത് ആ കാലത്തിന്റെ അന്ധകാരത്തെ തിരിച്ചുകൊണ്ടുവരാന്‍ ജാതീയതയും വര്‍ഗീയതയും ആയുധമാക്കി ചിലര്‍ ശ്രമിക്കുന്നു.

ശാസ്ത്രാവബോധത്തില്‍ ഉണ്ടാകുന്ന പിന്നോട്ട് പോക്ക് വിഘടന,വിഭാഗീയ പ്രവണതകള്‍ക്ക് വളം വയ്ക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം പ്രവണതകള്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഒരു ജനത എന്ന നിലയ്ക്ക് നാം ശ്രദ്ധ പുലര്‍ത്തണം. രാജ്യത്ത് എവിടെയും വിവേചനങ്ങളും അതിക്രമങ്ങളും നേരിടുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിലനില്‍പ്പ് ഉറപ്പുവരുത്താനും നാം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.