National
ഗുസ്തി താരങ്ങള്‍ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നു: നീരജ് ചോപ്ര
നീതി ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി| സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. കായികതാരങ്ങള്‍ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷക്കെതിരെ ഗുസ്തി താരങ്ങള്‍ രംഗത്തുവന്നിരുന്നു. വനിത താരമായിട്ടും തങ്ങളെ കേള്‍ക്കാന്‍ പി ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ പ്രതികരിച്ചു.
അതേസമയം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ കായികതാരങ്ങള്‍ ഡല്‍ഹി പൊലീസില്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നല്‍കിയിട്ട് ആറു ദിവസമായിട്ടും എഫ്‌ഐ ആര്‍ എടുത്തിട്ടില്ല.