National
ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ
ബി ജെ പി നേതാവായ ഫെഡറേഷൻ പ്രസിഡൻ്റിനെതിരായാണ് പരാതി
ന്യൂഡൽഹി | റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ) പ്രസിഡൻ്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശർമക്കും പരിശീലകർക്കുമെതിരെ ലൈംഗികാരോപണം. ഒളിമ്പ്യൻ ഗുസ്തിതാരങ്ങളായ വിനേഷ് ഫഗോട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മല്ലിക്, സുമിത് മല്ലിക് എന്നിവരാണ് പരാതി ഉന്നയിച്ചത്. ഈ വിഷയത്തിൽ 72 മണിക്കൂറിനകം വിശദീകരണം നൽകാൻ ഡബ്ല്യു എഫ് ഐയോട് കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടു.
ഡബ്ല്യു എഫ് ഐയുടെ പ്രവർത്തന രീതികൾക്കെതിരെ ഡൽഹിയിലെ ജന്ദർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശർമക്കും പരിശീലകർക്കുമെതിരെ താരങ്ങൾ ലൈംഗികാരോപണം ഉയർത്തിയത്. പ്രമുഖരായ 31 ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
ദേശീയ ക്യാമ്പുകളിൽ വെച്ച് ബ്രിജ് ഭൂഷൺ ശർമ ഉൾപ്പെടെയുള്ളവർ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഫൊഗട്ട് വെളിപ്പെടുത്തി. ചില പരിശീലകർ വർഷങ്ങളായി താരങ്ങളെ പീഡിപ്പിക്കുന്നവരാണ്. ഫെഡറേഷൻ അധികൃതരിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും ഫൊഗട്ട് പറഞ്ഞു. ദേശീയ ക്യാമ്പിലെ പല യുവ വനിതാ താരങ്ങളും ലൈംഗിക പീഡനത്തെ കുറിച്ച് പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്.
ദേശീയ ക്യാമ്പിൽ ലൈംഗിക പീഡനത്തിന് ഇരകളായ കുറഞ്ഞത് 20 വനിതാ താരങ്ങളെ തനിക്ക് വ്യക്തിപരമായി അറിയാം. അത് തുറന്നുപറയാൻ തനിക്കിന്ന് ധൈര്യം കിട്ടി. പക്ഷേ, ഇതിന്റെ പേരിൽ നാളെ താൻ ജീവിച്ചിരിക്കുമോ എന്നു പോലും ഉറപ്പില്ല. ഫെഡറേഷനിലെ ആളുകൾ ശക്തരാണ്. ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണം- ഫൊഗട്ട് പറഞ്ഞു.
ടോക്യോ ഒളിംപിക്‌സിലെ തോൽവിക്ക് പിന്നാലെ ഫെഡറേഷൻ തന്നെ മാനസികമായി പീഡിപ്പിച്ചതായി വെങ്കല ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു. ഓരോ ദിവസവും ജീവനൊടുക്കുന്നതിനെ കുറിച്ച് താൻ ചിന്തിച്ചുവെന്നും അവർ പറഞ്ഞു. സമാനമായ ആരോപണങ്ങൾ മറ്റ് താരങ്ങളും ഉന്നയിച്ചു.