National
എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം
2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും.
ന്യൂഡല്‍ഹി | ഈ വര്‍ഷത്തെ പെന്‍ പിന്റര്‍ പുരസ്‌കാരത്തിന് എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായി അരുന്ധതി റോയി അര്‍ഹയായി. പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.
നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രസിദ്ധ പുരസ്‌കരമാണ് പെന്‍ പിന്റര്‍. ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍.
2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും.
അനീതിയുടെ കഥകള്‍ വിവേകത്തോടെയും സൗന്ദര്യത്തോടെയും അരുന്ധതി റോയ് പറയുന്നുവെന്ന് ജൂറി അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക് ചൂണ്ടിക്കാട്ടി.സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ് അരുന്ധതിയെന്ന് ജൂറി അംഗം ഖാലിദ് അബ്ദുല്ലയും അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അരുന്ധതി പ്രതികരിച്ചു.