interview
വായനക്കാരിലേക്ക് എത്തുമ്പോൾ എഴുത്തുകാരന് ഭയം
എഴുത്തുകാരൻ ഒരിക്കലും അമാനുഷികനല്ലല്ലോ. അയാളും പ്രാണനു ഭയമുള്ള പച്ച മനുഷ്യനല്ലേ. എഴുതുമ്പോൾ സ്വതന്ത്രനായേക്കാം. നിർഭയം എഴുതിയിട്ടുണ്ടാകാം.
? പി ആർ രതീഷിന്റെ പ്രണയമഴ എന്ന കവിത വായിക്കാനെടുക്കുമ്പോൾ രണ്ട് വരി, വായിച്ചു തുടങ്ങുമ്പോൾ ഇരുനൂറു വരി, വായിച്ചു തീരുമ്പോൾ രണ്ടായിരം വരിയായി തനിക്കനുഭവപ്പെട്ടെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് പറഞ്ഞത്. വീടിനു പേർ പോലും കവിതയായി സ്വീകരിച്ച രതീഷിന്റെ ബാല്യം, ഗൃഹാന്തരീക്ഷം, ആദ്യം വായിച്ച പുസ്തകം, ജനനം എല്ലാം ഓർത്തെടുക്കാമോ?
ബാല്യകാലം കൂടുതലും കഴിഞ്ഞുപോന്നിട്ടുള്ളത് കാർഷിക സംസ്കൃതിയിലാണ്. കൃഷിയുമായി ബന്ധപ്പെട്ട് ജീവിതം നയിച്ചുപോന്നവർ കുടുംബത്തിൽ ഏറെയുണ്ട്. സർക്കാർ ജോലി ഉള്ളവരും പ്രവാസികളും പേരിനുണ്ട്. അവർക്കിടയിലൂടെയാണ് ഞാൻ വായനയുടെ ലോകത്തേക്ക് പിച്ചവെക്കുന്നത്. അക്കാലത്ത് മനസ്സിൽ എത്രയെത്ര കഥകളും കവിതകളുമാണ് പൂത്തു വിടർന്നിരുന്നത്. പക്ഷേ, അതൊന്നും എഴുതാനുള്ള ജീവിത സാഹചര്യമായിരുന്നില്ല എന്റെത്. എന്നാൽ പിന്നീട് വളരെ കാലം കഴിഞ്ഞ് ആറിൽ പഠിക്കുമ്പോഴാണ് ഞാനാദ്യമായി ഒരു കവിത എഴുതുന്നത്. അതും ദീർഘനാൾ മുന്നോട്ടു കൊണ്ടുപോകാനായില്ല. പഠനകാലങ്ങളിൽ എഴുത്ത് നിശബ്ദമായി പോയെങ്കിലും കവിത എന്നെയോ ഞാൻ കവിതയെയോ ഉപേക്ഷിച്ചില്ല.
2002ലാണ് പിന്നീട് സജീവമായി എഴുത്തിൽ മുഴുകുന്നത്. ഇതുവരെ ഏഴ് പുസ്തകങ്ങൾ ഇറങ്ങി. ദീർഘ കവിതകളോട് എനിക്കന്നും ഇന്നും വലിയ താത്പര്യമില്ല. എഴുത്തിൽ കവിതയുണ്ടാകണം. എന്റെ കവിതകളെ കുറിച്ച് ചുള്ളിക്കാട്, കെ ഇ എൻ, ബാബു ഭരദ്വാജ് അങ്ങനെ എത്രയോ വലിയ ചിന്തയുള്ളവർ ഏറ്റവും നന്നായും ദീർഘമായും പറഞ്ഞ വാക്കുകളാണ് കവിതകൾക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ് എന്നു ഞാൻ വിശ്വസിക്കുന്നു.
? എന്തു തോന്നിയാലും അത് എഴുതിയിട്ട് ഇത് കവിതയാണ് എന്നു പറയുന്നവരുടെ എണ്ണം കൂടി വരുന്നത് ഭാഷക്ക് എന്തു സംഭാവനയാണ് ചെയ്യുന്നത്. ഇത്തരം കവിതകൾക്ക് നിലനിൽപ്പുണ്ടോ?
എന്ത് എഴുതിയാലും അത് കവിതയാണെന്ന് വിശ്വസിക്കാൻ നമ്മുടെ വായനക്കാർ അത്ര വിവരമില്ലാത്തവരാണെന്ന് തോന്നുന്നില്ല. ഒരുപാട് എഴുതുന്നതിലല്ല, എഴുതുന്നതിലെ സൂക്ഷ്മതയും സത്യസന്ധതയും ചിന്തകളുമാണ് പ്രധാനം. അതേ കാലത്തെ അതിജീവിക്കൂ.
? പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളോരോന്നും പുസ്തകചന്തയിലല്ലാതെ പതിനായിര ക്കണക്കിന് കോപ്പികൾ വിറ്റഴിച്ച യുവകവിയാണ് താങ്കൾ. ഇതെങ്ങനെയാണ് സാധ്യമാക്കുന്നത്? ഗ്രാമീണ ജനതക്ക് നഷ്ടമായ കവിതയെ വായനക്കാരിലേക്ക് തിരിച്ചെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നുണ്ടോ?
ഓരോരോ കാലത്തും കവിതയെ ജനകീയവത്കരിക്കാൻ പൂർവികരായ കവികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, വിനയചന്ദ്രൻ , അയ്യപ്പൻ, ചുള്ളിക്കാട് അങ്ങനെ എത്രയോ പേർ. ആ കാലം കഴിഞ്ഞ്, 2010 നു ശേഷം ഇങ്ങോട്ട് കവിതയെ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ശക്തമായി എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.
എന്റെ ഏഴ് പുസ്തകങ്ങൾ ഇതുവരെ ഇറങ്ങിയിട്ടുണ്ട്. ഇരുപതിനായിരം കോപ്പിയൊക്കെ വിറ്റുപോയ പുസ്തകങ്ങളുണ്ട്. അതിലൊരു പുസ്തകമാണ് “നട്ടുച്ചയുടെ വിലാസം’. ഈ കാലത്തും ജനങ്ങൾക്കിടയിലേക്കിറങ്ങി പുസ്തകം വിറ്റു സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്യുന്ന കവിയാണ് ഞാൻ. മൊത്തത്തിൽ എന്റെ കവിതകളുടെ അമ്പതിനായിരം കോപ്പിയെങ്കിലും ജനങ്ങളിലേക്കെത്തിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട് .അതിലെനിക്ക് അഭിമാനവുമുണ്ട്. കാരണം വിറ്റുപോകുന്നത് കവിതയാണല്ലോ. അങ്ങനെ ഒരു കാലത്ത് ചെറിയൊരു വിഭാഗത്തിന്റെ കുത്തക മാത്രമായിരുന്ന കവിതയെ സാധാരണക്കാരടക്കമുള്ള ഭൂരിപക്ഷത്തിന്റെതു കൂടിയാക്കി മാറ്റിയതിൽ ഒരു പങ്കുണ്ടെന്ന് അഭിമാനിക്കുന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയ അടക്കമുള്ള നവ മാധ്യമങ്ങൾക്കും ഇതിൽ നല്ല പങ്കുണ്ടെന്ന് പറയാതെ വയ്യ. കാരണം അവർ കൂടിയാണ് പുതിയ കവികൾക്ക് സ്വതന്ത്രമായി പാടാനും പറയാനും എഴുതാനും ഇവിടെ ഇടമൊരുക്കുന്നത്.
?വർത്തമാന ഇന്ത്യയിൽ എഴുത്തുകാരൻ എന്തിനെയാണ് ഭയപ്പെടുന്നത്.? താനാരാണെന്നുള്ള തിരിച്ചറിവെങ്കിലും വർത്തമാനകാലത്ത് എഴുത്തുകാരന് ഉണ്ടാകണമെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?
എഴുത്തുകാരൻ ഒരിക്കലും അമാനുഷികനല്ലല്ലോ. അയാളും പ്രാണനു ഭയമുള്ള പച്ച മനുഷ്യനല്ലേ. എഴുതുമ്പോൾ സ്വതന്ത്രനായേക്കാം. നിർഭയം എഴുതിയിട്ടുണ്ടാകാം. അതും കഴിഞ്ഞ് തന്റെ കൃതി വായനക്കാരനിലേക്ക് എത്തുമ്പോഴാണ് എഴുത്തുകാരന് ഭയം ഉണ്ടാവുന്നത്. ഈ ഭയമാണ് ഇന്ന് ഇന്ത്യയെ അപ്പാടെ ഗ്രസിച്ചിരിക്കുന്നത്. ഇവിടെ എഴുത്തുകാർക്ക് കാവലാളാകേണ്ട ഭരണകൂടമാണ് തോക്കിനും ലാത്തിക്കും മുഷ്ടിക്കും മുന്നിൽ എഴുത്തുകാരേയും കലാസാംസ്കാരിക പ്രവർത്തകരേയും ഇല്ലാതാക്കുന്നത്. എന്നിട്ടാരെയാണ് ഭരണകൂടം സംരക്ഷിക്കുന്നത്? അതാണു പറഞ്ഞത്, ഇന്ത്യയിലെ നിലവിലെ രാഷ്ടീയാവസ്ഥ വളരെ അപകടവും ഭീകരവുമാണെന്ന്. എന്നിട്ടും താങ്കൾ പറഞ്ഞ ജാതി, രാഷ്ട്രീയം, ഭരണകൂടം തുടങ്ങി എന്തിനും നേരെ എഴുത്തുകാർ തുറന്നെഴുതുകയും ശബ്ദമുയർത്തുകയും ചെയ്യുന്നുണ്ട്. ഇത് താനാരാണെന്നുള്ള തിരിച്ചറിവിൽ നിന്നു മാത്രമാകില്ല, ഇന്ത്യ എന്താണെന്നും എങ്ങനെയാകണമെന്നും ഉള്ള ബോധത്തിൽ നിന്നു കൂടിയാണ്.