സാഹിത്യം
തിരശ്ശീലക്കു പിന്നിലെ എഴുത്തുത്സവം
ഇറ്റലിയിലെ മുന്‍നിര എഴുത്തുകാരിയായ എലീന ഫെറാന്തെ (Elina Ferrante) സാഹിത്യലോകത്തെ വിസ്മയമാണ്. മറഞ്ഞിരിക്കുന്ന എഴുത്തുകാരി എന്നാണ് അവർ അറിയപ്പെടുന്നത്. ഇതുവരെ പൊതുസമൂഹത്തിനു മുന്നിൽ തന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. എലീന ഫെറാന്തേ എന്നത് ഇറ്റലിയിലെ വലിയൊരു എഴുത്തുകാരിയുടെ തൂലികാനാമമാണെന്ന അറിവു മാത്രമേ ഇപ്പോൾ വായനാലോകത്തിനു മുന്നിലുള്ളൂ. ഇ മെയിൽ വഴിയോ വിശ്വസ്തനായ തന്റെ പ്രസാധകൻ വഴിയോ മാത്രമാണ് തന്നെക്കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും അവർ പുറത്തുവിടുന്നത് എന്നതിനാൽ എഴുത്തുകാരിയുടെ വ്യക്തിത്വം ഇപ്പോഴും ഒരു പ്രഹേളികയായിത്തന്നെ തുടരുകയാണ്.
ഇറ്റലിയിലെ പ്രമുഖ എഴുത്തുകാരിയാണ് എലീന ഫെറാന്തേ. നോവലിസ്റ്റ് എന്ന നിലയിലാണ് അവർ രാജ്യാന്തരപ്രശസ്തി നേടിയിട്ടുള്ളത്. അതേസമയം, ചെറുകഥ, ഉപന്യാസം, ബാലസാഹിത്യം എന്നീ മേഖലകളിലും അവരുടെ പേര് ഇറ്റലിയിലെ വായനാസമൂഹത്തിന് സുപരിചിതമാണ്. ഇംഗ്ലീഷ് ഉൾപ്പെടെ നാൽപ്പത്തിയഞ്ചിലധികം ഭാഷകളിലേക്ക് എലീനയുടെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയുമ്പോഴാണ് ഈ എഴുത്തുകാരിയുടെ ലോക സാഹിത്യവേദിയിലെ സ്ഥാനം നമുക്ക് ബോധ്യമാകുന്നത്. ലോകമെമ്പാടും അവരുടെ രചനകളുടെ പതിനഞ്ച് ദശലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ടെന്ന് പ്രസാധകലോകവും സാക്ഷ്യപ്പെടുത്തുന്നു.
ഇറ്റലിയിലെ നേപ്പിള്‍സില്‍ 1943ൽ ജനിച്ച എലീന ഫെറാന്തേയുടെ ആദ്യ നോവൽ ഇറ്റാലിയൻ ഭാഷയിൽ 1992 ലാണ് പ്രസിദ്ധീകരിച്ചത്. 2006ൽ Troubling Love എന്ന പേരിൽ അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 2008 ൽ രണ്ടാമത്തെ നോവൽ The Days of Abandonment പ്രസിദ്ധീകരിച്ചതോടെ എലീന ഫെറാന്തെ എന്ന പേര് ഇറ്റലിയുടെ അക്ഷരലോകത്ത് സുപരിചിതമായി. അതേസമയം, എഴുത്തുകാരി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല. അവരെ കണ്ടെത്താനുള്ള പത്രപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പരിശ്രമങ്ങളും വിഫലമാവുകയായിരുന്നു.
എലീനയുടെ ഏറ്റവും പ്രശസ്തമായ കൃതി നാല് നോവലുകളുടെ സഞ്ചയമാണ്. My Brilliant Friend, The Story of a New Name, Those Who Leave and Those Who Stay, The Story of the Lost Child എന്നിവയാണ് ആ നോവലുകൾ. നിയോ പൊളിറ്റന്‍ നോവല്‍ എന്നാണ് ഈ സഞ്ചയം അറിയപ്പെടുന്നത്. ഇവയെ ഒരൊറ്റ രചനയായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കാലവും ദൈര്‍ഘ്യവും കണക്കിലെടുത്ത് അവ വെവ്വേറെ പ്രസിദ്ധീകരിച്ചതാണെന്നും ഒരഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിട്ടുണ്ട്. The Beach at Night, Incidental Inventions, Fragments,The Lying Life of Adults എന്നിവയാണ് ഈ എഴുത്തുകാരിയുടെ മറ്റു പ്രധാന രചനകൾ. In the Margins: On the Pleasures of Reading and Writing എലീനയുടെ ഏറ്റവും പുതിയ ലേഖനസമാഹാരമാണ്. എഴുത്തനുഭവങ്ങൾ, എഴുത്തുവഴിയിൽ സ്വാധീനിച്ച എഴുത്തുകാർ, ഗ്രന്ഥങ്ങൾ, വ്യത്യസ്തമായ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ, ഒരു വായനക്കാരി എന്ന നിലയിൽ തന്റെ അനുഭവങ്ങൾ, അനുഭൂതികൾ എന്നിവയെക്കുറിച്ചെല്ലാം ഇതിലെ നാല് ഉപന്യാസങ്ങളിലൂടെ അവർ വായനക്കാരോട് സംവദിക്കുന്നു. ആഖ്യാനത്തിലെ ലാളിത്യവും, ആവിഷ്കാരത്തിന്റെ താളവും സൗന്ദര്യവും അവരുടെ നോവലുകളെപ്പോലെ ഉപന്യാസങ്ങളേയും ഹൃദ്യമായ വായനാനുഭവമാക്കുന്നു.
ഇന്റര്‍നാഷനല്‍ ബുക്കർ പ്രൈസ് ഉൾപ്പെടെ നിരവധി അവാര്‍ഡുകൾ കരസ്ഥമാക്കിയ എഴുത്തുകാരിയാണ് എലീന ഫെറാന്തേ. ലോകത്തെ ഏറ്റവും ജനസ്വാധീനമുള്ള നൂറ് വ്യക്തികളിലൊരാളായി 2006ൽ ടൈം മാഗസിന്‍ ഇവരെയാണ് തിരഞ്ഞെടുത്തത്. പക്ഷേ, എല്ലാ ആരവങ്ങൾക്കിടയിലും ഈ എഴുത്തുകാരി തന്റെ അജ്ഞാതവാസം തുടരുന്നു എന്നതാണ് കൗതുകകരമായ വസ്തുത. ഒരു കൃതി രചിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീടത് എഴുത്തുകാരന്റെതല്ലെന്നും അയാള്‍ക്കതില്‍ ഒരധികാരവുമില്ലെന്നും അതുകൊണ്ടുതന്നെ എഴുത്തുകാരന്‍ മറഞ്ഞിരിക്കുന്നതുകൊണ്ട് സാഹിത്യലോകത്ത് അത് യാതൊരു ദോഷവും ഉണ്ടാക്കുകയില്ലെന്നും അവർ പ്രസ്താവിക്കുന്നു. അതേസമയം, നിരവധി ഇന്റർവ്യുകളിലും സംവാദങ്ങളിലും സജീവമായി ഇവർ പങ്കുകൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്. എല്ലാം പക്ഷേ പ്രത്യക്ഷമായല്ല, ഇമെയിൽ വഴിയോ തന്റെ പ്രസാധകൻ വഴിയോ മാത്രമാണെന്നതാണ് സത്യം. എഴുത്തുകാരിയെന്ന നിലയിലുള്ള സമ്മർദങ്ങളിൽനിന്നും കടപ്പാടുകളിൽനിന്നും രക്ഷപ്പെടാനും എഴുത്തിൽ പൂർണ സ്വാതന്ത്ര്യം അനുഭവിക്കാനും ഈ അജ്ഞാതവാസം തന്നെ സഹായിക്കുന്നുണ്ടെന്ന് ഒരഭിമുഖത്തിൽ അവർ വെളിപ്പെടുത്തുകയുണ്ടായി. അവർ പറയുന്നത് നോക്കൂ: “സെലിബ്രിറ്റികളുടെ സവിശേഷമായ വൃത്തത്തിന്റെ (കു)പ്രശസ്തിയിൽനിന്നും, അവിടേക്ക് എങ്ങനെയെങ്കിലും കടന്നുപറ്റുക എന്ന പ്രലോഭനത്തിൽനിന്നും എന്നെത്തന്നെ മോചിപ്പിക്കാൻ ഈ ഒളിവുജീവിതം സഹായകമായിട്ടുണ്ട്. എന്റെ എഴുത്തുജീവിതത്തിലെ ഒരു സുപ്രധാനമായ തീരുമാനമായാണ് ഇതിനെ ഞാൻ കാണുന്നത്. ഇതെനിക്ക് സ്വന്തമായ ഒരിടം നേടിത്തന്നിട്ടുണ്ട് എന്നത് നിശ്ചയമാണ്. സജീവവും ചലനാത്മകവുമായ ഒരിടമാണത്. അവിടെ എന്റേതായ സ്വതന്ത്ര ചിന്തകളിലും സ്വകാര്യതകളിലും അഭിരമിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്. അത് തകർക്കുക എന്നത് അങ്ങേയറ്റം വേദനാജനകമായ കാര്യമാണ്.
അടുത്തകാലത്തായി ഇറ്റലിയിലെ അക്ഷരലോകത്തെ പലരും എലീന ഫെറാന്തേ എന്ന എഴുത്തുകാരിയെ കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ട്. അത് സംബന്ധിച്ച വാർത്തകളും ലേഖനങ്ങളും അവിടുത്തെ മാധ്യമലോകത്ത് സജീവമായിരുന്നു എന്നതും വസ്തുതയാണ്. അവർ റോമിലെ ഒരു വിവർത്തകയാണ് എന്ന നിഗമനത്തിനാണ് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. എന്നാൽ ഈ കണ്ടെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇത്തരം വാർത്തകളെ സഹൃദയലോകം മുഖവിലക്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരം വാർത്തകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് എഴുത്തുകാരിയുടെ വിശ്വസ്തനായ പ്രസാധകൻ പറയുന്നത്, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളുടെ സ്വകാര്യതയെ ആക്രമിക്കുന്ന പത്രപ്രവർത്തനം ഒരിക്കലും ആശാസ്യമല്ല എന്നാണ്. പ്രസാധകനിലൂടെ ഒരു പക്ഷെ എഴുത്തുകാരി സ്വന്തം അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നതെങ്കിൽ ഈ കണ്ടെത്തലുകൾ വെറും അപഹാസ്യവും അർഥരഹിതവുമായ നേരമ്പോക്കുകളായി മാറിയേക്കാം. ഒരു പക്ഷെ ഈ പ്രഹേളികക്കെല്ലാം ഉത്തരം നൽകിക്കൊണ്ട് ഒരു ദിവസം എലീന തന്നെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടേക്കാം എന്നാണ് ഇറ്റലിയിലെ വായനക്കാർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അതിന്റെ സാധ്യതയിൽ പക്ഷെ അവർക്കുതന്നെ സംശയമുണ്ടെന്നത് മറ്റൊരു കാര്യം!