Connect with us

cover story

തലമുറകളിലേക്ക് നീളുന്ന രചനാത്ഭുതങ്ങൾ

വിശ്വാസവും കർമവും ആചാരവും അനുഷ്ഠാനവും തുടങ്ങി പോസ്റ്റ്മോർട്ടവും ക്ലോണിംഗും ക്രോമസോമുമെല്ലാം പ്രമേയമാക്കി അറബിയിലും മലയാളത്തിലുമായി 150 ഓളം രചനകൾ. "ഖലമുൽ ഇസ്‌ലാം' എന്ന ബഹുമതിയെ ശരിവെക്കും വിധം അതുല്യമായ ഈ രചനാവിലാസം കാലങ്ങളായി സമൂഹം നേരിട്ട പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാണ്. മനുഷ്യൻ നിലനിൽക്കുന്ന കാലത്തോളമുള്ള സമ്പാദ്യമാണ്. ഒരു മനുഷ്യന്റെ സമയം അനേകം തലമുറകൾക്ക് എങ്ങനെ ഉപകാരപ്രദമാകും എന്നതിനുള്ള സാക്ഷ്യമാണീ രചനകൾ.

Published

|

Last Updated

കേരളത്തിലെ പള്ളിദർസുകളിലും ശരീഅത്ത് ദഅ്വാ കോളജുകളിലും അവലംബിച്ചു വരുന്ന പാഠ്യപദ്ധതിയുടെ സ്ഥാപകൻ കോഴിക്കോട് ഖാസിയായിരുന്ന ഖാസി ഫഖ്റുദ്ദീൻ അബൂബക്ർ (റ)വാണ്. കുറ്റിച്ചിറയിലെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ദർസിലെ വിദ്യാർഥിയായിരുന്നു കബീർ സൈനുദ്ദീൻ മഖ്ദൂം (റ). അതുകൊണ്ട് തന്നെ കബീർ സൈനുദ്ദീൻ മഖ്ദൂം (റ), അബ്ദുൽ അസീസ് മഖ്ദൂം (റ), സഗീർ സൈനുദ്ദീൻ മഖ്ദൂം (റ) തുടങ്ങി മഖ്ദൂമുമാരുടെ രചനകൾക്കെല്ലാം ഖാസി ഫഖ്റുദ്ദീൻ അബൂബക്ർ (റ) വിന്റെ പാഠ്യപദ്ധതിയുടെ വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. അതിനാൽ മലയാളി മുസ്‌ലിംകളുടെ അറിവനുഭവങ്ങളിൽ കിതാബുകളായും വിശദീകരണ ഗ്രന്ഥങ്ങളായും മഖ്ദൂമുമാരുടെ രചനകൾക്ക് വലിയ ഇടമുണ്ടായിരുന്നു.

അവർക്ക് ശേഷം പല മലയാളികളുടെയും അറബിഗ്രന്ഥങ്ങൾ ഇന്നാട്ടിലെ മതപഠനത്തിന്റെ മാധ്യമങ്ങളായിട്ടുണ്ട്. എന്നാൽ മദ്റസയിലെ പാഠപുസ്തകങ്ങളായും ദർസിലെ ഗ്രന്ഥങ്ങളായും മലയാളിയുടെ അറിവിനേയും കർമങ്ങളെയും നിർണയിച്ച ഒരു തൂലികയേ ഉള്ളു. അത് അബ്ദുർറഹ്മാൻ ബാവ മലൈബാരി എന്ന കോടമ്പുഴ ബാവ മുസ്‌ലിയാരുടെതാണ്. നാലരപ്പതിറ്റാണ്ട് മുമ്പ് വെളിച്ചം വിതറിത്തുടങ്ങിയ ആ തൂലിക ജനകീയമായി ഈ സമൂഹം അനുഭവിക്കാൻ തുടങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷമെങ്കിലും പിന്നിട്ടിരിക്കുന്നു.

1946ലാണ് ബാവ മുസ്‌ലിയാർ ജനിക്കുന്നത്. പിതാവ് മുഹമ്മദ് മുസ്‌ലിയാർ. മാതാവ് ബേപ്പൂർ സ്വദേശി അബ്ദു മുസ്‌ലിയാരുടെ മകൾ ആഇശ. പത്ത് വയസ്സുവരെ ഉമ്മയുടെ സ്വദേശമായ ബേപ്പൂരിലാണ് ബാവ മുസ്‌ലിയാർ കഴിച്ചുകൂട്ടിയത്. പ്രാഥമിക പഠനവും അവിടെ നിന്നായിരുന്നു. ശേഷം കോടമ്പുഴയിൽ സ്ഥിരതാമസമാക്കി. മതരംഗത്തെ ഉപരിപഠനം പ്രധാനമായും ഉപ്പ മുഹമ്മദ് മുസ്‌ലിയാരിൽ നിന്ന് തന്നെയായിരുന്നു. ഉപ്പയുടെ മാവൂരിലെ ദർസിൽ അഞ്ച് വർഷം പഠിച്ചു. രണ്ട് വർഷം പെരുമുഖം ബീരാൻ കോയ ഉസ്താദിന്റെ ദർസിലും പഠിച്ചു. അത് കഴിഞ്ഞ് പ്രസിദ്ധമായ വാഴക്കാട് ദാറുൽഉലൂമിന്റെ വൈജ്ഞാനിക സമ്പന്നതയിൽ ലയിച്ചു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു ദാറുൽ ഉലൂമിലെ പ്രധാന ഗുരുനാഥൻ. സി എച്ച് അബ്ദുർറഹ്മാൻ മുസ്‌ലിയാർ, മേമുണ്ട കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, വാഴക്കാട് ബീരാൻ മുസ്‌ലിയാർ എന്നിവരും അന്ന് ദാറുൽ ഉലൂമിലെ പ്രധാന ഉസ്താദുമാരായിരുന്നു.

ഔപചാരിക പഠനത്തിന് ശേഷം വൈജ്ഞാനിക പ്രവർത്തനങ്ങളുടെ വൈവിധ്യം ബാവ മുസ്‌ലിയാർ തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി. മുദർരിസ്, ഖത്വീബ്, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ തുടങ്ങി പല മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിൽ ഏതായിരുന്നു മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ പ്രയാസമാണ്. എന്നാൽ പതിനായിരങ്ങളിലേക്ക് പടർന്ന് ഒരു ജനതയുടെ ഒന്നാകെ വിശ്വാസത്തിലും കർമങ്ങളിലും ശരി അടയാളപ്പെടുത്തിയതും അവരുടെ ഹൃദയങ്ങളിൽ തസവ്വുഫിന്റെ വെളിച്ചം പരത്തിയതും അദ്ദേഹത്തിന്റെ രചനാ വിലാസങ്ങളാണ്.

മലയാളത്തിലും അറബിയിലും തനിമ വിടാതെ മൗലികമായ രചനകൾ സമ്മാനിച്ച അദ്ദേഹത്തിന്റെ കൈവഴക്കം വിസ്മയകരമാണ്. എന്നാൽ ഈ സർഗസിദ്ധിയുടെ സ്രോതസ്സ് ഏതാണെന്നോ പ്രചോദനമെന്താണെന്നോ ബാവ മുസ്‌ലിയാർ ആരോടും പറഞ്ഞിട്ടില്ല. ഞാനാരുമല്ല എന്ന ഭാവത്തിൽ ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്ന അദ്ദേഹത്തിൽ നിന്ന് അത് കണ്ടെത്താൻ ചരിത്രമെഴുതാൻ തുനിഞ്ഞവർക്കൊന്നും സാധിച്ചിട്ടുമില്ല.

1978ൽ പുറത്തിറങ്ങിയ “അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ’ എന്ന കൃതിയാണ് ആദ്യത്തെ പുസ്തകം. അറബിയും മലയാളവും ഒരേ പോലെ വഴങ്ങുമെങ്കിലും അറബിയിലെഴുതാനാണ് കൂടുതൽ താത്പര്യം. തൃശൂർ ജില്ലയിലെ വടക്കേക്കാട് ഐ സി ഐ കോളജിൽ ആറ് മുതൽ പത്ത് വരെയുള്ള മദ്റസാ ക്ലാസ്സുകളിലേക്ക് എഴുതിയ അൽഖിറാഅതുൽ ഇസ്‌ലാമിയ്യ രചനാനുഭവങ്ങളിലെ ഒരു നാഴികക്കല്ലായിരുന്നു. 1989-90 കാലഘട്ടത്തിൽ സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് അറബി ഭാഷയിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങൾ ഒരു ജനതയുടെ ജീവിതം നിർണയിക്കുന്ന വിധം ചരിത്രത്തിന്റെ ഭാഗമായി.

ഈ മുന്നേറ്റത്തിന്റെ അണിയറയിൽ ബാവ മുസ്‌ലിയാർ ഏറെക്കുറെ ഏകനായിരുന്നു. ബാല്യത്തിന്റെ മാനസിക വ്യവഹാരങ്ങളറിഞ്ഞ ഈ ശൈലിക്ക് വേണ്ടി ഉള്ളടക്കത്തിന്റെ ശക്തി ഒട്ടും കുറക്കേണ്ടി വന്നില്ല എന്നത് ബാവ മുസ്‌ലിയാരുടെ രചനയുടെ അത്ഭുതം തന്നെയായിരുന്നു. പിന്നീട് പല പരിഷ്കരണങ്ങൾക്കും പാഠപുസ്തകങ്ങൾ വിധേയമായെങ്കിലും അതിന്റെയും അടിസ്ഥാനം ഈ രചനകൾ തന്നെയായിരുന്നു.

150 ഓളം വരുന്ന ബാവ മുസ്്ലിയാരുടെ പുസ്തകങ്ങളെയെല്ലാം ഒരു ചെറിയ കുറിപ്പിൽ വിശകലനം ചെയ്യൽ അസാധ്യമാണ്. വളരെ പ്രധാനപ്പെട്ട രചനകളിൽ ചിലത് പരാമർശിക്കുക മാത്രമാണ് ചെയ്യാനാവുക.

അദ്ദേഹത്തിന്റെ രചനകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ഉപകാരപ്രദമായ ഗ്രന്ഥമാണ് ഖുലാസ അൽഫിഖ്ഹുൽ ഇസ്‌ലാമിയ്യ. സൈനുദ്ദീൻ മഖ്ദൂം (റ) സഗീറിന്റെ ലോകപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിനെ അടിസ്ഥാനമാക്കിയുള്ള ഈ രചന നിത്യജീവിതത്തിൽ അനിവാര്യമായ കർമങ്ങളും ഇടപാടുകളും ലളിതമായി വിവരിക്കുന്നു. ആധുനിക കർമശാസ്ത്ര സമസ്യകളുടെ പൂരണവും ഈ ഗ്രന്ഥം സാധ്യമാക്കുന്നു. കേരളത്തിലെ ദർസ്, ശരീഅത്ത് – ദഅ്വാ കോളജുകളിൽ ഈ ഗ്രന്ഥം സിലബസിലില്ലാത്തവ വിരളമായിരിക്കും. കുട്ടികളുടെ ധൈഷണിക വളർച്ച ഉൾക്കൊണ്ട് തയ്യാറാക്കിയ “മആലിമുത്വുല്ലാബ്’ സകാത്, ഇൻഷ്വറൻസ് തുടങ്ങി ആധുനിക സാമ്പത്തിക വിഷയങ്ങൾ ലളിതമായി ചർച്ച ചെയ്യുന്നു.
മനുഷ്യോത്പത്തി, ഭാഷോത്പത്തി, പരിണാമസിദ്ധാന്തം, ഹൈന്ദവ പുനർജൻമവാദം എന്നിവയെല്ലാം ചർച്ച ചെയ്ത് പുരോഗമിക്കുന്ന അബുൽബശർ മികച്ച ഒരു ചരിത്രഗ്രന്ഥമാണ്. എന്നാൽ ചരിത്ര വിഷയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ രചന സയ്യിദുൽബശർ എന്ന തിരുനബി(സ) ചരിത്രമാണ്.

മലയാളി മുതഅല്ലിമുകൾ ഏറ്റവുമധികം അവലംബിക്കുന്ന തിരുനബി ചരിത്രം സയ്യിദുൽ ബശറായിരിക്കും. ഖിലാഫതുർറാശിദ, ഖിലാഫതുൽ ഉമവിയ്യീൻ, താരീഖുൽ ആലമുൽ ഇസ്‌ലാമിയ്യ എന്നിവയും ചരിത്ര വിജ്ഞാനശാഖയിലെ അതുല്യമായ രചനകളാണ്.

തസവ്വുഫ് വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു വിജ്ഞാന ശാഖയാണ്. ഈ ഫന്നിൽ കോടമ്പുഴ ബാവ മുസ്‌ലിയാർക്ക് നിരവധി രചനകളുണ്ട്. തസവ്വുഫിലെ പ്രസിദ്ധ രചനകളായ കിതാബുൽ അദ്കിയ, നഫാഇസുദ്ദുറർ, ജൗഹറതുതൗഹീദ് എന്നിവക്ക് വിശദീകരണമായി രചിച്ച രിസ്ഖുൽ അസ്ഫിയാഅ്, സഹാബു സുലാൽ, അൽഅജ്സാദുൽ അജീബ, തസ്ജീലുശ്ശുറൂഹ്, ബുസ്താനു സ്സബ്അ, രിഹ് ലതുൽ അഅ്ലാം, കിതാബുൽ ജൂദി വസഖാഅ, തസ്കിയതുൽ വിൽദാൻ, തൻവീറുൽ വിൽദാൻ തുടങ്ങിയ നിരവധി കൃതികൾ ഇവ്വിഷയകമായി അദ്ദേഹത്തിന്റെ സമ്പന്നമായ രചനകളാണ്.

ജീവചരിത്ര ഗ്രന്ഥങ്ങൾ മനുഷ്യ മനസ്സുകളെ ആഴത്തിൽ സ്വാധീനിക്കും. ശീലങ്ങളും ഊന്നലുകളും പുനർനിർണയിക്കാൻ മാത്രം അവക്ക് കരുത്തുണ്ടാകും. അത്തരം രചനകളിലും ബാവ മുസ്‌ലിയാരുടെ തൂലികയുടെ ശക്തി കാണാം. ഇബ്റാഹീം ഇബ്നു അദ്ഹം (റ), ശൈഖ് ജീലാനി (റ), ഇമാം ബുഖാരി (റ), ഉമർ ഇബ്നു അബ്ദുൽ അസീസ്(റ), ഇമാം ശാഫിഈ (റ) എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെതായി രചിക്കപ്പെട്ടിട്ടുണ്ട്.

ഖുർആൻ വ്യാഖ്യാനശാഖയിൽ അതുല്യമായ സംഭാവനയായി അദ്ദേഹത്തിന്റെ തഫ്സീർ ഗ്രന്ഥത്തിന്റെ രചന പൂർത്തിയായ സമയമാണിത്. ലോകപ്രസിദ്ധവും കേരളത്തിലെ മതപഠനശാലകളിൽ സിലബസിലുള്ളതുമായ തഫ്സീർ ജലാലൈനിക്ക് എഴുതിയ വ്യാഖ്യാനമായ തയ്സീറുൽ ജലാലൈനിയാണ് അറിവന്വേഷികളുടെ കൈകളിലേക്കെത്തുന്നത്. മുപ്പത് വാള്യങ്ങളിലായി 14,200 പേജുകളുള്ള ഈ കൃതിക്ക് പിന്നിൽ 18 വർഷത്തെ കഠിനാധ്വാനമുണ്ട്. ഇതിൽ ചർച്ച ചെയ്യപ്പെടുന്ന തലക്കെട്ടുകൾ നൂറിലധികമുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു തഫ്സീർ ഗ്രന്ഥം ആദ്യത്തെ അനുഭവമായിരിക്കും.

മലയാളത്തിലും പ്രത്യേക പരാമർശമർഹിക്കുന്ന നിരവധി രചനകൾ അദ്ദേഹത്തിനുണ്ട്. കാത്തിരുന്ന പ്രവാചകൻ, ഇൻഷ്വറൻസും ഷെയർ ബിസിനസും, ഹദീസ് അർഥവും വ്യാഖ്യാനവും, ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാലം, ചിന്താകിരണങ്ങൾ എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു.

വിശ്വാസവും കർമവും ആചാരവും അനുഷ്ഠാനവും തുടങ്ങി പോസ്റ്റ്മോർട്ടവും ക്ലോണിംഗും ക്രോമസോമുമെല്ലാം പ്രമേയമാക്കി അറബിയിലും മലയാളത്തിലുമായി 150 ഓളം രചനകൾ. “ഖലമുൽ ഇസ്‌ലാം’ എന്ന ബഹുമതിയെ ശരിവെക്കും വിധം അതുല്യമായ ഈ രചനാവിലാസം കാലങ്ങളായി സമൂഹം നേരിട്ട പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാണ്. മനുഷ്യൻ നിലനിൽക്കുന്ന കാലത്തോളമുള്ള സമ്പാദ്യമാണ്.

ഒരു മനുഷ്യന്റെ സമയം അനേകം തലമുറകൾക്ക് എങ്ങനെ ഉപകാരപ്രദമാകും എന്നതിനുള്ള സാക്ഷ്യമാണീ രചനകൾ. ബാവ മുസ്‌ലിയാരുടെ എഴുത്തുമുറിയുടെ ചുമരിൽ സന്ദർശകരെ കരുതി എഴുതിവെച്ച വാക്കുകൾ ഇങ്ങനെയാണ്: “”കുറച്ചു സംസാരിക്കുക. സമയം വിലപ്പെട്ടതാണ്, നിങ്ങളുടേതും നമ്മുടേതും”. അദ്ദേഹത്തിന്റെ സമയനിഷ്ഠ ആ ചുമരിൽ നിന്നല്ല അദ്ദേഹം എഴുതിത്തീർത്ത അതിരുകളില്ലാത്ത അറിവിന്റെ ആകാശത്ത് നിന്നു തന്നെയാണ് നമുക്ക് അനാവൃതമാകുന്നത്.

Latest