interview
എഴുത്തിനെ വായന കൊണ്ട് അളക്കണം
പുതു തലമുറയെ വായനയിലേക്ക് ആകർഷിക്കാൻ എന്റെ എഴുത്തിന് എത്രമാത്രം കഴിഞ്ഞു എന്ന് അറിയില്ല. അതു പറയേണ്ടതും ഞാനല്ല. എന്നാൽ, ഒരു ടീച്ചർ എന്ന നിലയിൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരാൻ എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യാറുണ്ട്. അവർക്ക് കഥകൾ പറഞ്ഞുകൊടുത്തും പുസ്തകങ്ങളേയും എഴുത്തുകാരെയും പരിചയപ്പെടുത്തിയും രക്ഷിതാക്കൾക്ക് എഴുത്തിനും വായനക്കുമുള്ള പ്രാധാന്യം അറിയിച്ചും അവരെ അതിനു പ്രോത്സാഹിപ്പിച്ചും തന്നെയാണ് ഞാനെന്റെ എഴുത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.
? വി കെ ദീപ എന്ന എഴുത്തുകാരിയുടെ വീടുമായുള്ള ഓർമകൾ എന്തൊക്കെയാണ്? വായനയിലേക്ക് ആകൃഷ്ടയാകുന്നത് എപ്പോഴാണ്?
എന്നിലെ എഴുത്തുകാരി എനിക്കൊപ്പം തന്നെ ജനിക്കുകയും വളരുകയും ചെയ്തിട്ടുണ്ടാകാം എന്ന് വിചാരിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം. ഒരു കാലം കഴിഞ്ഞപ്പോൾ അതു പതിയെ, മറ്റുള്ളവർ കൂടി എന്നെ വായിക്കുന്നതിലൂടെ ബലപ്പെട്ടു. അമ്മ ഒരു നല്ല വായനക്കാരിയായിരുന്നു. അക്ഷരം കൂട്ടിവായിച്ചു തുടങ്ങിയ കാലം തൊട്ട് ഓരോ പ്രായത്തിലും വായിക്കേണ്ട പുസ്തകങ്ങൾ എപ്പോഴും കൺമുന്നിൽ ഉള്ള വീടായിരുന്നു എന്റെത്..അതിനു കാരണം അമ്മ എന്ന മികച്ച വായനക്കാരി തന്നെയാണ്. എനിക്ക് മാത്രമല്ല ആ പ്രദേശത്തെ എല്ലാ കുട്ടികൾക്കും എന്റെ വീട്ടിൽ വായിക്കാനും പുസ്തകങ്ങൾ എടുക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു. ആർക്കും എപ്പോഴും അവിടേക്ക് കയറിവരാമായിരുന്നു. പിന്നെ പിന്നെ ഞാൻ എന്റെ വ്യക്തിപരമായ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തേടി ലൈബ്രറി മെമ്പർഷിപ്പ് എടുത്തു. മൂന്നാം ക്ലാസ്സ് മുതലേ ഉണ്ട് ലൈബ്രറിയിൽ മെമ്പർഷിപ്പ്. വായന അന്നും ഇന്നും ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു പറയാം. ആദ്യകാലത്ത് എല്ലാ എഴുത്തുകാരേയും പോലെ, കിട്ടുന്നതെല്ലാം വായിച്ചിരുന്നുവെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ വായന സെലക്റ്റീവ് ആയി.
? ആദ്യമെഴുതിയ കഥ ഓർമയില്ലേ? അതു തന്നെയാണോ അച്ചടിമഷി പുരണ്ട ആദ്യ കഥ? അതോ കവിതയോ?
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കഥാ ശരീരം ഉള്ള ഒരു കഥ ആദ്യമായി എഴുതുന്നത്. അതൊരു യക്ഷിയുടെ കഥയായിരുന്നു. ആരോ പറഞ്ഞു കേട്ടതിൽ എന്റെ ഭാവന കൂട്ടി വെച്ചു എഴുതിയുണ്ടാക്കിയ ഒന്ന്. അന്നൊക്കെ ഞാൻ എഴുതുന്നു. ഞാൻ തന്നെ വായിക്കുന്നു. ഞാൻ തന്നെ അഭിപ്രായവും പറയുന്നു എന്ന ലൈനിൽ ആയിരുന്നു കാര്യങ്ങൾ. പിന്നെ കവിതകൾ ആയിരുന്നു മറ്റൊരു കമ്പം. അക്കാലത്ത് എഴുതുന്നത് മറ്റാരെയെങ്കിലും കാണിക്കണം എന്നോ എവിടേക്കെങ്കിലും അയച്ചു കൊടുക്കണമെന്നോ എന്നൊന്നും അന്നു തോന്നിയിരുന്നില്ല. കോളജിൽ പഠിക്കുമ്പോൾ ഇന്റർസോൺ കലോത്സവത്തിൽ കഥക്കും കവിതക്കും ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഒന്നാം സമ്മാനം കിട്ടിയ ഓർമയുണ്ട്. പിന്നെ എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ഒരു കഥ അയക്കുന്നത്. അതു പ്രസിദ്ധീകരിച്ചു വന്നപ്പോൾ പിന്നെ ഇടക്കൊക്കെ അയച്ചു തുടങ്ങി. 2010 ൽ ആണ് ആദ്യകഥ വന്നത്.
? അവാർഡുകൾ സാഹിത്യത്തിന്റെ വളർച്ചക്ക് എത്ര മാത്രം ഗുണകരമാണെന്നാണ് ടീച്ചർ വിചാരിക്കുന്നത് ?
സാഹിത്യത്തിന്റെ വളർച്ചക്ക് അവാർഡുകൾ എത്രത്തോളം സംഭാവന നൽകിയിട്ടുണ്ടെന്ന് അറിയില്ല. പക്ഷേ, എഴുത്തുകാരന്റെ ആത്മവിശ്വാസം കൂട്ടാൻ അവാർഡുകൾ ഒരു പരിധി വരെ സഹായിക്കും. അംഗീകരിക്കപ്പെടുക എന്നതിനോട് മനുഷ്യസഹജമായ ഒരിഷ്ടം എല്ലാവർക്കും ഉണ്ടാകുമല്ലോ. അവാർഡുകൾ ശരിയായ മാനദണ്ഡങ്ങളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും ആണ് എഴുത്തുകാരെ തേടിയെത്തേണ്ടത് എന്ന് മാത്രം.അവാർഡുകൾ പുതുതലമുറ പഴയ തലമുറ എന്നൊന്നും ഇല്ലാതെ ആ കാലഘട്ടത്തിലെ മികച്ച രചനകൾക്ക് ആകണം എന്ന തോന്നൽ കൂടെ ഒരു വായനക്കാരി എന്ന നിലയിൽ പങ്കുവെക്കുന്നു.
? സാഹിത്യം മനുഷ്യപക്ഷത്താണ് നിലകൊള്ളേണ്ടതെന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. എന്നാലിപ്പോൾ ചില വേർതിരിവുകൾ ഇവിടെ സജീവമായുണ്ട്. ദളിതെഴുത്ത്, സ്ത്രീപക്ഷം, ഭിന്ന ലൈംഗികത, മത ന്യൂനപക്ഷങ്ങൾ… ഇത്തരം വേർതിരിവുകൾ അഭിലഷണീയമാണെന്ന് തോന്നിയിട്ടുണ്ടോ?
എത്രപേർ ഞാൻ പറയുന്നതിനോട് യോജിക്കുമെന്നറിയില്ല, എന്റെ കാഴ്ചപ്പാടിൽ സാഹിത്യം അതിന്റെ ഭാഷാമൂല്യം കൊണ്ടും സർഗാത്മകതകൊണ്ടും രചനാ വൈഭവം കൊണ്ടും അംഗീകരിക്കപ്പെടേണ്ട ഒന്നാണ്. അത് മറ്റൊന്നു കൊണ്ടും വേർതിരിക്കേണ്ട കാര്യമില്ല. പക്ഷേ, ഒരു പുരുഷൻ എഴുതുന്ന പോലെ അത്ര എളുപ്പമല്ല സ്ത്രീയെ സംബന്ധിച്ച എഴുത്ത്. അതുകൊണ്ടു തന്നെ സമൂഹത്തിലെ പല തട്ടുകളിൽ നിൽക്കുന്ന വിഭാഗങ്ങൾക്ക് അവരുടെ ജീവിതത്തിൽ എന്നപോലെ സാഹിത്യത്തിലും സ്വന്തം സ്ഥാനം പൊരുതി നേടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെ തരം തിരിക്കപ്പെടുമ്പോൾ കൂടുതൽ സ്പേസ് കിട്ടുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പ്രത്യേകിച്ചും ഇവിടെ വായനക്കാരേക്കാൾ കൂടുതലും എഴുത്തുകാരാണെന്ന് പറയപ്പെടുന്ന ഈ കാലത്ത്. എങ്കിലും അതല്ല ശരിയായ രീതി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എഴുത്തിനെ വായന കൊണ്ട് മാത്രമാണ് അളക്കപ്പെടേണ്ടത്. എന്നാലിപ്പോൾ വായന കൊണ്ട് മാത്രമല്ല എഴുത്ത് അളക്കപ്പെടുന്നത്. അത്തരം മനോനിലവാരത്തിലേക്ക് എത്തിപ്പെടാൻ നമ്മളും സമൂഹവും മാനസികമായി ഇനിയും എത്രയോ ഉയരേണ്ടതുണ്ട്.
? എഴുത്തും വായനാ സമൂഹവും വളരെയധികം മാറിമറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതു കൊണ്ടു തന്നെ വായിക്കാൻ പ്രേരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വം പുതിയ എഴുത്തുകാർക്കുണ്ട്. വായനയിൽ നിന്ന് അകലാൻ തുടങ്ങിയ പുതുതലമുറയെ പിടിച്ചുനിർത്തുന്നതിൽ ടീച്ചറുടെ എഴുത്ത് എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്?
പുതു തലമുറയെ വായനയിലേക്ക് ആകർഷിക്കാൻ എന്റെ എഴുത്തിന് എത്രമാത്രം കഴിഞ്ഞു എന്ന് അറിയില്ല. അതു പറയേണ്ടതും ഞാനല്ല. എന്നാൽ, ഒരു ടീച്ചർ എന്ന നിലയിൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരാൻ എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യാറുണ്ട്. അവർക്ക് കഥകൾ പറഞ്ഞുകൊടുത്തും പുസ്തകങ്ങളേയും എഴുത്തുകാരെയും പരിചയപ്പെടുത്തിയും രക്ഷിതാക്കൾക്ക് എഴുത്തിനും വായനക്കുമുള്ള പ്രാധാന്യം അറിയിച്ചും അവരെ അതിനു പ്രോത്സാഹിപ്പിച്ചും തന്നെയാണ് ഞാനെന്റെ എഴുത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.