Uae
വൈലിത്തറ; പ്രവാസലോകത്തും പ്രിയങ്കരന്‍
മൗലവിയുടെ മതപ്രഭാഷണം പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചു.
ദുബൈ | ഇന്നലെ നിര്യാതനായ പ്രശസ്ത പണ്ഡിതനും അനുഗ്രഹീത പ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെ ഓര്‍ത്ത് പ്രവാസ ലോകവും. യു എ ഇ അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി തവണ അദ്ദേഹം സന്ദര്‍ശനവും പ്രഭാഷണവും നടത്തിയിട്ടുണ്ട്. അത്തരം വേളകളിലെ പ്രഭാഷണങ്ങള്‍ പ്രവാസികളെ വലിയതോതില്‍ ആകര്‍ഷിച്ചിരുന്നു.
ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍ പലരും അദ്ദേഹത്തിന്റെ പ്രഭാഷണ കാസറ്റുകള്‍ സംഘടിപ്പിക്കാറുണ്ട്. മൗലവിയുടെ മതപ്രഭാഷണം പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായതിനാല്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചു. ഭഗവത്ഗീതയും ഉപനിഷത്തുകളും ബൈബിളും പരാമര്‍ശിച്ചും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും കവിതകളും മറ്റും ഉദ്ധരിച്ചും വിശാലമായ അര്‍ഥതലങ്ങളുള്ളതായിരുന്നു ഓരോ പ്രഭാഷണവും.
കാന്തപുരം ഉസ്താദുമായി അദ്ദേഹം നിലനിര്‍ത്തിയിരുന്ന ആത്മബന്ധമടക്കം പ്രവാസികള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പ്രമുഖ വ്യവസായി എം എ യൂസുഫലി 2019 ല്‍ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പല്ലന പാനൂരുള്ള വസതിയിലെത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു.