Ongoing News
അടിസ്ഥാന സേവനങ്ങൾക്ക് വാർഷിക സബ്സ്ക്രിപ്ഷൻ പരീക്ഷിക്കാൻ ഒരുങ്ങി എക്സ്
ബോട്ടുകളെയും സ്പാമർമാരെയും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എക്സ് വൃത്തങ്ങൾ അറിയിച്ചു
സാൻഫ്രാൻസിസ്കോ |അടിസ്ഥാന സേവനങ്ങൾക്ക് വാർഷിക സബ്സ്ക്രിപ്ഷൻ പരീക്ഷിക്കാനൊരുങ്ങി എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം. എക്സ് വെബ് പതിപ്പിൽ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതിനും റീപോസ്റ്റ് ചെയ്യുന്നതിനും ചെറിയ തുക വാർഷിക സബ്സ്ക്രിപ്ഷൻ ഈടാക്കാനാണ് നീക്കം. ഒരു ഡോളറായിരിക്കും വാർഷിക സബ്സ്ക്രിപ്ഷൻ തുക. എക്സ്ചേഞ്ച് നിരക്കിനെ അടിസ്ഥാനമാക്കി ഓരോ രാജ്യത്തിനും ഈ ഫീസ് വ്യത്യാസപ്പെടും.
നോട്ട് എ ബോട്ട് എന്ന പേരിലാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്. ബോട്ടുകളെയും സ്പാമർമാരെയും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എക്സ് വൃത്തങ്ങൾ അറിയിച്ചു. ന്യൂസിലൻഡിലും ഫിലിപ്പീൻസിലുമാകും ഇത് ആദ്യമായി നടപ്പാക്കുക. പുതിയ പരീക്ഷണത്തിന്റെ ഭാഗമായി നിലവിലുള്ള ഉപയോക്താക്കൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും അനുഭവപ്പെടില്ലെന്നും കമ്പനി അറിയിച്ചു.
സബ്സ്ക്രിപ്ഷൻ എടുക്കാത്ത ഉപയോക്താക്കൾക്ക് പോസ്റ്റുകളും വീഡിയോകളും കാണാനും വായിക്കാനും അക്കൗണ്ടുകൾ പിന്തുടരാനും കഴിയും. പോസ്റ്റുകൾ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും സബ്സ്ക്രിപ്ഷൻ നിർഭന്ധമാണ്.
എക്സ് ഏറ്റെടുത്തതിനു ശേഷം ഇലോൺ മസ്ക് നേരിട്ട പ്രധാന വെല്ലുവിളി ബോട്ടുകൾ ഉപയോഗിച്ചുള്ള വ്യാജ ലൈക്കുകളും റീപോസ്റ്റുകളുമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പ്ലാറ്റ്ഫോമിന്റെ ആധികാരികത ഉറപ്പാക്കാൻ പരമാവധി കാണാൻ സാധിക്കുന്ന ട്വീറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു.