Ongoing News
പുതിയ ഉപയോക്താക്കളിൽ നിന്ന് പോസ്റ്റിന് പണം ഈടാക്കാൻ ഒരുങ്ങി എക്സ്
ലൈക്ക്, റീപോസ്റ്റ്, മറ്റു അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ കോട്ട് ചെയ്യൽ, പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യുക എന്നിവക്കെല്ലാം പുതുതായി പ്ലാറ്റ്ഫോമിലെത്തുന്നവരിൽനിന്ന് ഇനിമുതൽ വരിസംഖ്യ ഈടാക്കും
വാഷിംഗ്ടൺ | എക്സിൽ പുതുതായി എത്തുന്ന ഉപയോക്താക്കൾക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കുമെന്ന് സൂചന നൽകി ഇലോൺ മസ്ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പുതുതായി അക്കൗണ്ട് തുടങ്ങാൻ എത്തുന്നവരിൽ നിന്നാണ് എക്സ് ചാർജ് ഈടാക്കാൻ ഒരുങ്ങുന്നത്.
ലൈക്ക്, റീപോസ്റ്റ്, മറ്റു അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ കോട്ട് ചെയ്യൽ, പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യുക എന്നിവക്കെല്ലാം പുതുതായി പ്ലാറ്റ്ഫോമിലെത്തുന്നവരിൽനിന്ന് ഇനിമുതൽ വരിസംഖ്യ ഈടാക്കും. ബോട്ടുകളും സ്പാമുകളും തടയാനാണ് ഇത്തരത്തിൽ ഒരു സബ്ക്രിപ്ഷൻ മോഡൽ പരിചയപ്പെടുത്തുന്നത് എന്നാണ് ഇലോൺ മസ്ക് എക്സിൽ നൽകുന്ന വിശദീകരണം.
പുതിയ പരീക്ഷണം നിലവിലെ ഉപയോക്താക്കളെ ബാധിക്കില്ലെന്നും പുതിയ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണെന്നും മൂന്ന് മാസത്തിന് ശേഷം അവർക്കും സൗജന്യമായി പ്ലാറ്റ്ഫോം ഉപയോഗിക്കാൻ കഴിയുമെന്നും മസ്ക് വ്യക്തമാക്കി.
ഈ മാസം ആദ്യം എക്സ് നടത്തിയ പ്രഖ്യാപനത്തിൽ ബോട്ടുകൾക്കും സ്പാമുകൾക്കും എതിരെ കർശന നടപടി എടുക്കും എന്ന് എക്സ് അറിയിച്ചിരുന്നു. കുറച്ച് മാസങ്ങളായി സ്പാം, പോൺ ബോട്ടുകൾ പ്ലാറ്റ്ഫോമിൽ തിങ്ങിനിറഞ്ഞതിനെ തുടർന്നാണ് നടപടി. നിലവിൽ പ്ലാറ്റ്ഫോമിൽ എത്ര ബോട്ടുകൾ ഉണ്ടെന്നതിനെക്കുറിച്ചുള്ള കണക്കുകൾ എക്സ് പങ്കിട്ടിട്ടില്ല.