International
എക്സ് പണിമുടക്കി; വന്‍ സൈബര്‍ ആക്രമണമെന്ന് മസ്ക്
യുഎസില്‍ പലയിടത്തും ഉച്ചവരെ എക്‌സ് ലഭ്യമായിരുന്നില്ല. പലര്‍ക്കും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല.

സാന്‍ഫ്രാന്‍സിസ്‌കോ | സാമൂഹിക മാധ്യമമായ എക്‌സിന്റെ പ്രവര്‍ത്തനം ഇന്നലെ തടസ്സം നേരിട്ടതില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌ക് രംഗത്ത്.തിങ്കളാഴ്ച വൈകുന്നേരം മൂന്നിനും ഒമ്പതിനുമിടയിലാണ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. എക്‌സിനെതിരെ ആഗോളതലത്തില്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് സംഭവത്തില്‍ ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്.
യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് തീര്‍ച്ചയില്ല. പക്ഷേ എക്‌സിനെ തകര്‍ക്കുന്നതിനായി വലിയയൊരു സൈബര്‍ ആക്രമണം ഉണ്ടായി.ഞങ്ങളുടെ പ്ലാറ്റ്ഫോം എല്ലാ ദിവസവും ആക്രമിക്കപ്പെടുന്നു, ഇതിനുപിന്നില്‍ വലിയൊരു ശക്തി തന്നെ പ്രവര്‍ത്തിക്കുന്നു. ഒന്നുകില്‍ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യം തന്നെയോ ഇതിനുപിന്നിലുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മസ്‌ക് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മൂന്നിലേറെ തവണയാണ് എക്സ് പ്ലാറ്റ്ഫോമില്‍ തടസം നേരിട്ടത്.എക്‌സ് സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിരവധിപേരാണ് രംഗത്തെത്തിയത്. യുഎസില്‍ പലയിടത്തും ഉച്ചവരെ എക്‌സ് ലഭ്യമായിരുന്നില്ല. പലര്‍ക്കും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല.