National
81.10 ശതമാനം; ത്രിപുരയില്‍ റെക്കോർഡ് പോളിംഗ്
ഇനി കണക്കു കൂട്ടലിൻ്റെയും കാത്തിരിപ്പിൻ്റെയും നാളുകൾ.ഫലം മാർച്ച് രണ്ടിന്
അഗര്‍ത്തല | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ റെക്കോർഡ് പോളിംഗ്. അന്തിമ കണക്ക് പ്രകാരം 81.10 ശതമാനം പോളിംഗാണ് സംസ്ഥാനത്താകമാനം ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 60 നിയമസഭാ മണ്ഡലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിനിടെ ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങളുണ്ടായി. സി പി എം നേതാവും രണ്ട് പോളിംഗ് ഏജന്റുമാരും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വിവിധ സംഘര്‍ഷങ്ങള്‍ക്കിടെ പരുക്കേറ്റു. 45ഓളം ഇടങ്ങളില്‍ വോട്ടര്‍ മെഷീനിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബി ജെ പി- ഐ പി എഫ് ടി മുന്നണിയും സി പി എം- കോണ്‍ഗ്രസ്സ് സംഖ്യവും പ്രാദേശിക പാര്‍ട്ടിയായ തിപ്ര മോത്തയുമാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. തുടര്‍ ഭരണത്തിനായി കിണഞ്ഞു ശ്രമിക്കുന്ന ബി ജെ പി 55 സീറ്റിലാണ് മത്സരിക്കുന്നത്. മറുവശത്ത്, ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സി പി എം 47 സീറ്റിലും സഖ്യ കക്ഷിയായ കോണ്‍ഗ്രസ്സ് 13 സീറ്റിലുമാണ് മത്സരിക്കുന്നത്. തിപ്ര മോത്ത 42 സീറ്റിലാണ് മത്സരിക്കുന്നത്. അതേസമയം, തരക്കേടില്ലാത്ത ജനപിന്തുണയുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ്സ് 28 സീറ്റിലും മത്സരിക്കുന്നുണ്ട്.
മാര്‍ച്ച് രണ്ടിനാണ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. അതുവരെയുള്ള നാളുകൾ ത്രിപുരയിലെ നേതാക്കൾക്കും പ്രവർത്തകർക്കും കണക്കു കൂട്ടലുകളുമായി ഫലത്തിനായി കാത്തിരിക്കും.