National
ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷയാണ് വൈ കാറ്റഗറിയായി ഉയര്‍ത്തിയത്.
ബെംഗളുരു| ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷയാണ് വൈ കാറ്റഗറിയായി ഉയര്‍ത്തിയത്. ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. തമിഴ്‌നാട് തൗഹീത് ജമാഅത്ത് പ്രവര്‍ത്തരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.
സ്‌കൂള്‍, കോളജ് യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്.
ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു. റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്.