Connect with us

From the print

യാ അല്ലാഹ്... ആത്മാവിന്റെ ആനന്ദ നിമിഷങ്ങള്‍

'പാതിരാത്രി എഴുന്നേറ്റ് വൃത്തിയായി വുളു ചെയ്ത്, നല്ല വസ്ത്രം ധരിച്ച്, സുഗന്ധം ഉപയോഗിച്ച്, രണ്ട് റക്അത്ത് നിസ്‌കരിച്ച് യാ അല്ലാഹ്... എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ? അതിനോളം വലിയ സന്തോഷം ഞാനനുഭവിച്ചിട്ടില്ല'- കമലാ സുരയ്യ.

Published

|

Last Updated

‘പാതിരാത്രി എഴുന്നേറ്റ് വൃത്തിയായി വുളു ചെയ്ത്, നല്ല വസ്ത്രം ധരിച്ച്, സുഗന്ധം ഉപയോഗിച്ച്, രണ്ട് റക്അത്ത് നിസ്‌കരിച്ച് യാ അല്ലാഹ്… എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ? അതിനോളം വലിയ സന്തോഷം ഞാനനുഭവിച്ചിട്ടില്ല’ – ഇസ്‌ലാമിലെ ദൈവിക ചിന്തയുടെ സൗന്ദര്യത്തെ വര്‍ണിക്കുകയാണ് കമലാ സുരയ്യ. ഇസ്‌ലാമിലേക്ക് വന്നിട്ടെന്തു കിട്ടി എന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മാധവിക്കുട്ടിയായിരുന്ന സുരയ്യ നല്‍കിയ മറുപടിയാണിത്. ഇവിടെ നില്‍ക്കുന്നില്ല, യാ അല്ലാഹ് എന്ന വിളിയിലെ ആനന്ദത്തിന്റെ കുളിരില്‍ നിന്ന് ഒരു കവിതാ സമാഹാരം തന്നെ പിറവിയെടുത്തു. ആ വരികളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കൂ.

‘ഞാന്‍ സുരക്ഷിത
യാ അല്ലാഹ്!
വാഗ്ദാന ലംഘനം ശീലിക്കാത്തവനേ!
പ്രണയത്തിന്റെ പരമോന്നത മുഖം
എനിക്ക് കാണിച്ച യജമാനാ!
നീയാകുന്ന സൂര്യന്റെ
കിരണങ്ങളേറ്റുവാങ്ങിയ
സൂര്യകാന്തിയായി മാറി ഞാന്‍.
നിദ്രയിലും ജാഗ്രതയിലും
നിന്നെ ഞാനറിഞ്ഞു.
പ്രേമിച്ച് മരിച്ച ഭര്‍ത്താവേ!
പ്രേമിച്ച് വേറിട്ട കാമുകാ!
നിങ്ങള്‍ക്കറിയില്ല,
ഞാന്‍ സുരക്ഷിതയായെന്ന്,
ഞാനും സനാഥയായെന്ന്’

മനുഷ്യന് ലഭിക്കേണ്ട ഏറ്റവും വലിയ കാര്യം സുരക്ഷയാണ്. സുരക്ഷാ ബോധമാണ്. ആ ബോധത്തിന്റെ പാരമ്യമാണ് അല്ലാഹുവിലേക്കുള്ള ഹൃദയം കൊണ്ടുള്ള യാത്ര. അല്ലാഹുവിന്റെ മുന്നിലെ സുജൂദ് ആനന്ദമുള്ള കര്‍മവും. മുത്ത്‌നബിക്ക് ആകാശ ഭൂമിയിലെ അത്ഭുതങ്ങള്‍ ചിന്തിപ്പിക്കുന്ന ആലുഇംറാനിലെ വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ട രാവ് ആനന്ദക്കണ്ണീര്‍ രാവായെന്ന് ചരിത്രത്തിലുണ്ട്. അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ രഹസ്യങ്ങള്‍ സുജൂദില്‍ കിടന്ന് ചിന്തിച്ച് കരയുന്ന നബിയെ കാണുന്നു. സഹാബത്തികള്‍ ചോദിച്ചു, എന്താ കരയാന്‍ കാരണം. എന്റെ രക്ഷിതാവിന്റെ സൃഷ്ടി സൗന്ദര്യത്തില്‍ വല്ലാതെ ചിന്തിച്ചു പോയെന്ന് പ്രതികരിച്ചു.

സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്റെ സ്വകാര്യ നിമിഷങ്ങളാണ് രാവ്. രാവിന്റെ നിശബ്ദത ഹൃദയം അവനിലേക്ക് തുറക്കാനുള്ള അവസരമാക്കണം. നിശയുടെ നിശബ്ദതയില്‍ അവന്റെ മുന്നില്‍ സുജൂദില്‍ കിടക്കാന്‍ ശ്രമിച്ചുനോക്കൂ. എന്തൊരു മധുരമാണതിനെന്നറിയോ? ഹൃദയത്തില്‍ കുളിര് കയറി കവിത വിരിയും. തീര്‍ച്ച. വി. ഖുര്‍ആന്‍ അധ്യായം 32 ല്‍ വചനം 16 ല്‍ കിടപ്പറയിലെ വിരിപ്പിനോട് വിടപറഞ്ഞ് സ്രഷ്ടാവിനോട് മിണ്ടി പ്പറയുന്നതിന്റെ പോരിശയാണ് അടിവരയിട്ട് പറയുന്നത്. രാത്രികളെ കൂടുതല്‍ ധന്യമാക്കേണ്ട നിമിഷങ്ങളിലേക്കാണ് പ്രവേശിക്കുന്നത്. അശ്രദ്ധ ഒഴിവാക്കി നല്ല ജാഗ്രതയോടെ രാത്രികളിലെ സുജൂദിന്റെ എണ്ണവും, വണ്ണവും കൂട്ടിക്കൊണ്ട് വസന്തകാലത്തെ ഉപയോഗിച്ച് സക്രിയമാക്കിയ ഇമാമുനാ ശാഫിഈ (റ)വിനെയൊക്കെ കൂടുതല്‍ അറിഞ്ഞ് ആ ജീവിതം പകര്‍ത്താന്‍ ശ്രമിക്കുക.