Connect with us

Ongoing News

യാദവ താണ്ഡവം; കൂറ്റന്‍ ജയവുമായി ഇന്ത്യ

ടി20 പരമ്പരയിലെ മൂന്നാം അങ്കത്തില്‍ 106 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്.

Published

|

Last Updated

ജോഹന്നസ്ബര്‍ഗ് | നായകന്റെ ഇന്നിംഗ്‌സുമായി സൂര്യകുമാര്‍ യാദവ് കത്തിക്കയറിയ മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ടി20 പരമ്പരയിലെ മൂന്നാം അങ്കത്തില്‍ 106 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. ഇതോടെ അഞ്ച് മത്സര പരമ്പര സമനിലയിലായി (1-1). സ്‌കോര്‍ ഇന്ത്യ: ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201. ദക്ഷിണാഫ്രിക്ക: 95ന് എല്ലാവരും പുറത്ത്. 56 പന്തില്‍ ശതകത്തിലേക്കു പറന്ന സൂര്യകുമാര്‍ ആണ് കളിയിലെ താരം.

202 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 25 പന്തില്‍ 35 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ക്കും 14ല്‍ 25ലെത്തിയ ഐഡന്‍ മാര്‍ക്രത്തിനും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായത്. രണ്ടുപേര്‍ അക്കൗണ്ട് തുറക്കാനാകാതെയും മൂന്നുപേര്‍ ഒരു റണ്‍സ് മാത്രമെടുത്തും കൂടാരം കയറി. ഇന്ത്യക്കായി അഞ്ച് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങി. വെറും 17 പന്തുകളില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ അടപടലം കരിച്ചു കളഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാറിന്റെയും (56 പന്തില്‍ 100), യശസ്വി ജയ്‌സ്വാളിന്റെയും (41 പന്തില്‍ 60) ബാറ്റിംഗ് കരുത്തിലാണ് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശുഭ്മന്‍ ഗില്‍ ആറ് പന്തില്‍ എട്ട് റണ്‍സുമായി പെട്ടെന്ന് മടങ്ങി. റിങ്കു സിംഗ് 10 പന്തില്‍ 14 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്കാര്‍ക്കും രണ്ടക്കം കാണാനായില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ കേശവ് മഹാരാജും ലിസാദ് വില്യംസും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നാന്ദ്രെ ബര്‍ഗറും തബ്രൈസ് ഷംസിയും രണ്ട് വീതം വിക്കറ്റെടുത്തു.

Latest