National
ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് യാഹൂ ന്യൂസ്
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറൈസണ്‍ എന്ന കമ്പനി 2017 ല്‍ യാഹൂവിനെ ഏറ്റെടുത്തിരുന്നു
ന്യൂഡല്‍ഹി | ഇന്ത്യയില്‍ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ. പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ മൂലമാണ് യാഹൂ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്. വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുകയും ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളില്‍ വിദേശ നിക്ഷേപത്തിന് പരിമിതികളുണ്ട്. യാഹൂവിന്റെ ന്യൂസ് സൈറ്റുകളായ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടൈന്‍മെന്റ്, മേക്കേഴ്‌സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
2021 ആഗസ്റ്റ് 26 മുതല്‍ യാഹൂ ഇന്ത്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയില്ല. എന്നാല്‍ നിങ്ങളുടെ യാഹൂ അക്കൗണ്ടിനേയും മെയിലിനേയും സെര്‍ച്ച് എഞ്ചിനേയും ഇത് ബാധിക്കില്ലെന്നും മുമ്പുള്ളത് പോലെ അവ പ്രവര്‍ത്തിക്കുമെന്നും യാഹൂവിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ പറഞ്ഞു. ഇതുവരെയുള്ള വായനക്കാരുടെ പിന്തുണക്ക് യാഹൂ നന്ദിയറിയിച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറൈസണ്‍ എന്ന കമ്പനി 2017 ല്‍ യാഹൂവിനെ ഏറ്റെടുത്തിരുന്നു. ഈ തീരുമാനത്തിലേക്ക് തങ്ങള്‍ പെട്ടെന്ന് എത്തിചേരുകയല്ലായിരുന്നുവെന്നും പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടായിരുന്നെന്നും അവര്‍ അറിയിച്ചു.