International
യഹിയ സിൻവാർ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ മേധാവി
ഇസ്റാഈൽ അതിർത്തി കടന്ന് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം 61കാരനായ സിൻവാറാണ്.
ഗസ്സ |ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായി യഹിയ സിൻവാറിനെ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായാണ് യഹിയ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. ഹമാസ് പൊളിറ്റ്ബ്യൂറോയാണ് യഹിയയെ നേതാവായി തിരഞ്ഞെടുത്തത്.
ഇസ്റാഈൽ അതിർത്തി കടന്ന് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം 61കാരനായ സിൻവാറാണ്. അന്നത്തെ ആക്രമണത്തിൽ 1100 പേർ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തു. തുടർന്ന് ഇസ്റാഈൽ സൈന്യം ഗസ്സയിൽ നടത്തിയ ശക്തമായ വ്യോമ – കര ആക്രമണങ്ങളിൽ ഇതുവരെ 40,000ത്തിലേറെ ഫലസ്തീനിൾ കൊല്ലപ്പെട്ടു.
ഇറാൻ സന്ദർശനത്തിനിടെയാണ് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്റാഈൽ കൊലപ്പെടുത്തിയത്. ഹനിയ്യ താമസിച്ചിരുന്ന വീട്ടിലേക്ക് ഹ്രസ്വദൂര പ്രൊജക്ടൈലുകൾ ഉപേയാഗിച്ചായിരുന്നു ആക്രമണം.