Infotainment
യമഹ ബേബി സൂപ്പര്‍ബൈക്കിന് വില കൂടും; അധികം മുടക്കേണ്ടത് 3,000 രൂപ
അടുത്ത മാസം മുതല്‍ ആര്‍15 വി4 വേരിയന്റിന്റെ വില 1.71 ലക്ഷം രൂപയില്‍ ആരംഭിച്ച് 1.83 ലക്ഷം രൂപ വരെ ഉയരും.
ന്യൂഡല്‍ഹി| ഇന്ത്യയില്‍ യമഹയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ച മോഡലുകളില്‍ ഒന്നാണ് ആര്‍15. ബേബി സൂപ്പര്‍ബൈക്ക് എന്നറിയപ്പെടുന്ന മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുത്തന്‍ മോഡല്‍ വിപണിയില്‍ എത്തിയത് പോയ മാസം സെപ്തംബറിലായിരുന്നു. മുന്‍ഗാമിയായ ആര്‍15 വി3 പതിപ്പിനേക്കാള്‍ നിരവധി നവീകരണങ്ങളുമായാണ് പുതിയ പതിപ്പ് ആര്‍15 വി4 എത്തിയത്.
പുതിയ ആര്‍15 മോഡലിന് 1.68 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേസമയം ബൈക്കിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിന് 1.80 ലക്ഷം രൂപയുമാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍15 വി4 പതിപ്പിന്റെ വിലയില്‍ ഒരു മാറ്റം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 2021 നവംബര്‍ ഒന്നു മുതല്‍ ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ വില 3,000 രൂപ വരെ വര്‍ധിപ്പിക്കുകയാണ് യമഹ. യമഹ ഇന്ത്യ ഇതുവരെ ഔദ്യോഗിക വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡീലര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ വില പ്രാബല്യത്തില്‍ എത്തുമെങ്കിലും ബൈക്കില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.
അടുത്ത മാസം മുതല്‍ ആര്‍15 വി4 വേരിയന്റിന്റെ വില 1.71 ലക്ഷം രൂപയില്‍ ആരംഭിച്ച് 1.83 ലക്ഷം രൂപ വരെ ഉയരും. ഇനി മുതല്‍ ബൈക്ക് ബുക്ക് ചെയ്യുന്നവരും പുതുക്കിയ വിലയായിരിക്കും മുടക്കേണ്ടി വരിക. സ്റ്റാന്‍ഡേര്‍ഡ്, എം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുതിയ ആര്‍15 വി4 വിപണിയില്‍ എത്തുന്നത്. മെറ്റാലിക് റെഡ്, ഡാര്‍ക്ക് നൈറ്റ്, റേസിംഗ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ആര്‍15 സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് തെരഞ്ഞെടുക്കാനാവുക.
155 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എസ് ഒ എച്ച് സി ഫ്യുവല്‍ ഇന്‍ജക്റ്റഡ് എഞ്ചിന്‍ ആണ് ആര്‍15 വി4 മോഡലിന് തുടിപ്പേകുന്നത്. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് 10,000 ആര്‍പിഎംല്‍ പരമാവധി 18.2 ബിഎച്ച്പി പവറും 7,500 ആര്‍പിഎംല്‍ 14.1 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം ക്വിക്ക് ഷിഫ്റ്ററും യമഹ മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.