First Gear
2022 മോഡല്‍ എക്‌സ്എസ്ആര്‍155 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് യമഹ
മോട്ടോര്‍സൈക്കിള്‍ ഇത്തവണ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്.
ന്യൂഡല്‍ഹി| ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി ഏറെ കാത്തിരുന്ന ആഗോള മോഡലായിരുന്നു യമഹ എക്‌സ്എസ്ആര്‍155. എന്നാല്‍ രാജ്യത്തിന് കിട്ടിയത് എഫ് സെഡ് എക്‌സ് എന്നൊരു വേരിയന്റാണ്. ഇപ്പോള്‍ യമഹയുടെ ഇന്തോനേഷ്യ ഡിവിഷന്‍ വിപണിയില്‍ പുതിയ 2022 മോഡല്‍ എക്‌സ് എസ് ആര്‍ 155 അവതരിപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള മോട്ടോര്‍സൈക്കിളിന്റെ ലൈഫ് സൈക്കിള്‍ നീട്ടുന്നതിന് ചെറിയ പരിഷ്‌ക്കാരങ്ങളുമായാണ് നിയോ-റെട്രോ ബൈക്ക് ഇത്തവണ നിരത്തിലെത്തുന്നത്.
മോട്ടോര്‍സൈക്കിള്‍ ഇത്തവണ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. അതില്‍ ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ യമഹയുടെ എക്കാലത്തെയും മികച്ച ഗ്രാന്‍ഡ് പ്രിക്‌സ് വിജയം ആഘോഷിക്കുന്നതിനായി അവതരിപ്പിച്ച 2022 എക്‌സ് എസ് ആര്‍ 155 60-ാം ആനിവേഴ്സറി ഷേഡാണ് കാഴ്ച്ചയില്‍ ആകര്‍ഷിക്കുന്നത്.
യമഹ ആര്‍15 വി4, എംടി15 എന്നിവയിലേതുപോലെ വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ ടെക്നോളജി ഉള്ള 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2022 എക്‌സ് എസ് ആര്‍ 155 മോട്ടോര്‍സൈക്കിളിനും തുടിപ്പേകുന്നത്. ഇത് 10,000 ആര്‍പിഎംല്‍ പരമാവധി 19.3 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎംല്‍ 14.7 എന്‍എം ടോര്‍ക്കും വികസിപ്പിക്കാന്‍ പ്രാപ്തമാണ്.
മോണോഷോക്ക് റിയര്‍ സസ്പെന്‍ഷന്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റം എന്നിവയാണ് 2022 യമഹ എക്‌സ് എസ് ആര്‍ 155 മോഡലിന്റെ പ്രധാന ഹൈലൈറ്റുകള്‍. 2,007 മില്ലീമീറ്റര്‍ നീളം, 804 മില്ലീമീറ്റര്‍ വീതി, 1,330 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസ് 134 കിലോഗ്രാം ഭാരം എന്നിങ്ങനെയുള്ള അളവുകളിലാണ് റെട്രോ ബൈക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബൈക്കിന് 10.4 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് കമ്പനി നല്‍കിയിരിക്കുന്നത്.
എക്‌സ് എസ് ആര്‍ 155 ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് വളരെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം യമഹ എഫ് സെഡ്എക്‌സ്, നാലാം തലമുറ ആര്‍15 എന്നിവ പുറത്തിറക്കി. ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റവും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സഹിതം യമഹ എംടി15 സൂപ്പര്‍സ്പോര്‍ട്സിന്റെ പുതുക്കിയ പതിപ്പ് വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.