Connect with us

ICF

യാംബു ഐ സി എഫ് ഇടപെടൽ; തൊഴിൽ പ്രതിസന്ധിയിലായ പ്രവാസി നാടണഞ്ഞു

യാംബു ഐ സി എഫ് നൽകിയ എയർ അറേബ്യ വിമാന ടിക്കറ്റിൽ കഴിഞ്ഞ ദിവസം യുവാവ് നാടണഞ്ഞു.

Published

|

Last Updated

യാംബു | തൊഴിൽ പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത മലയാളി പ്രവാസിക്ക്‌ യാംബു ഐ സി എഫ് വെൽഫെയർ സമിതിയുടെ ഇടപെടലിലൂടെ നാട്ടിലെത്താൻ കഴിഞ്ഞു. യാംബുവിൽ നേരത്തേ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി പുതിയ വിസയിൽ തിരികെ എത്തിയത് തന്നെ പ്രതിസന്ധിയിലേക്കായിരുന്നു. സ്പോൺസർ പുതുതായി ആരംഭിച്ച തൊഴിൽ സ്ഥാപനത്തിന് ലൈസൻസ് നേടാൻ കഴിയാത്തതാണ് തുടക്കം മുതൽ അദ്ദേഹത്തിന് പ്രതിസന്ധി ഉണ്ടാക്കിയത്.

സ്ഥാപനം തുടങ്ങാതെ ശമ്പളം തരാൻ കഴിയില്ലെന്നും അവധിയോ നാട്ടിലേക്കു മടങ്ങാൻ എക്‌സിറ്റ് വിസയോ തരില്ലെന്നും സ്പോൺസർ വാശി പിടിക്കുകയായിരുന്നു. ആറ് മാസമായി വേതനമില്ലാതെ പ്രയാസപ്പെട്ട് നിരാശനായി കഴിഞ്ഞ യുവാവിൻ്റെ പ്രശ്നത്തിൽ യാംബു ഐ സി എഫ് വെൽഫെയർ സമിതി സെക്രട്ടറി ഗഫൂർ ചെറുവണ്ണൂർ, ദഅവ സെക്രട്ടറി അലി വയനാട് എന്നിവർ ഇടപെടുകയായിരുന്നു.

ഇവർ സ്പോൺസറുമായി നിരന്തരം ആശയവിനിമയം നടത്തുകയും അവസാനം പ്രവാസിക്ക് ലീവ് നൽകാൻ അദ്ദേഹം തയ്യാറാകുകയുമായിരുന്നു. യാംബു ഐ സി എഫ് നൽകിയ എയർ അറേബ്യ വിമാന ടിക്കറ്റിൽ കഴിഞ്ഞ ദിവസം യുവാവ് നാടണഞ്ഞു.