Kerala
ഭാര്യയെ വെട്ടിക്കൊന്ന യാസിറും താമരശ്ശേരിയില്‍ മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും സുഹൃത്തുക്കള്‍; ദൃശ്യങ്ങള്‍ പുറത്ത്
ഒരുമാസം മുന്‍പാണ് അടിവാരം സ്വദേശി സുബൈദയെ മയക്കുമരുന്നിന് അടിമയായ ആഷിഖ് കൊലപ്പെടുത്തിയത്

കോഴിക്കോട്|കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ഇന്നലെ ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരുമാസം മുന്‍പ് താമരശ്ശേരിയില്‍ മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും സുഹൃത്തുക്കള്‍. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നു. മാതാവിനെ വെട്ടിക്കൊന്ന ആഷിഖ് യാസറിന്റെ സുഹൃത്താണെന്ന് അറിഞ്ഞത് ഷിബില ചോദ്യം ചെയ്തിരുന്നു. യാസര്‍ ആഷിഖിന്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെ ഷിബില താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. ഷിബിലയുടെ പേരില്‍ യാസര്‍ പലയിടത്തായി വായ്പ എടുത്തിരുന്നു. യാസറുമായി നിയമപരമായി വേര്‍പിരിയാന്‍ ഷിബില തയ്യാറെടുക്കവെയാണ് കൊലപാതകം.
കഴിഞ്ഞ മാസമാണ് ലഹരിമരുന്നിന് അടിമയായ ആഷിഖ് മാതാവിനെ വെട്ടിക്കൊന്നത്. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. ബ്രെയിന്‍ട്യൂമര്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്.
ബെംഗളുരുവിലെ ഡി അഡിഷന്‍ സെന്ററിലായിരുന്ന ആഷിഖ് ഉമ്മയെ കാണാന്‍ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. സുബൈദയെ കൊലപ്പെടുത്തിയ ശേഷം ആഷിഖ് കടന്നുകളയുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കക്കാട് സ്വദേശിനി ഷിബിലയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭര്‍ത്താവ് യാസര്‍ രക്ഷപ്പെട്ടു. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്മാന്‍ എന്നിവര്‍ക്ക് പരുക്കേറ്റു വീട്ടില്‍ എത്തി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമത്തിനുശേഷം കാറില്‍ രക്ഷപെട്ട യാസിര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തു വെച്ച് പോലീസ് പിടിയിലായി. നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒന്നായത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കാനും തുടങ്ങി. യാസറിനും ഷിബിലയ്ക്കുമിടയില്‍ വഴക്ക് പതിവായതോടെ ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.