Connect with us

Kerala

യാത്രയായത് ഇടതു രാഷ്ട്രീയത്തിന്റെ കരുത്തുറ്റ തേരാളി; ഉള്‍ക്കൊള്ളാനാകാതെ രാഷ്ട്രീയ കേരളം

സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള കരുത്തുറ്റ നേതൃത്വം തുടരാന്‍ അദ്ദേഹം ഇനിയില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാകാതെ വിങ്ങുകയാണ് ഓരോ രാഷ്ട്രീയ മനസ്സും.

Published

|

Last Updated

തിരുവനന്തപുരം | ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമുന്നതനായ ഒരു നേതാവിന്റെ ആകസ്മിക വിയോഗം ഉള്‍ക്കൊള്ളാനാകാതെ രാഷ്ട്രീയ കേരളം. ഏറെ അപ്രതീക്ഷിതമായിരുന്നു മൂന്നു തവണ തുടര്‍ച്ചയായി സി പി ഐയുടെ സംസ്ഥാന സെക്രട്ടറി പദവിയിലിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം. 52 വര്‍ഷത്തോളമായി പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ച നേതാവാണ് വിടപറഞ്ഞിരിക്കുന്നത്.

പ്രമേഹം ബാധിച്ച് അവശനായിരുന്നെങ്കിലും ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത് കാനം തിരിച്ചുവരുമെന്നു തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള കരുത്തുറ്റ നേതൃത്വം തുടരാന്‍ അദ്ദേഹം ഇനിയില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാകാതെ വിങ്ങുകയാണ് ഓരോ രാഷ്ട്രീയ മനസ്സും.

സി പി ഐ എന്ന പാര്‍ട്ടിയെ അതിന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും മുന്നില്‍ നിന്ന് നയിച്ച നേതാവാണ് കാലയവനികക്കുള്ളില്‍ മറയുന്നത്. മുന്നണി സംവിധാനത്തില്‍ നില്‍ക്കുമ്പോഴും അത് നേതൃത്വം നല്‍കുന്ന ഭരണത്തിന്റെ തെറ്റുകളെയും പിഴവുകളെയും മുഖം നോക്കാതെ വിമര്‍ശിച്ച കരുത്തും ഇച്ഛാശക്തിയുമുള്ള നേതാവായിരുന്നു കാനം. ഇത്തരത്തില്‍ കാലം അടയാളപ്പെടുത്തിയ കാനത്തിന്റെ രാഷ്ട്രീയ സവിശേഷതകള്‍ അനവധിയുണ്ട്.

വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തനമാണ് കാനത്തെ പക്വതയും ആര്‍ജവവുമുള്ള രാഷ്ട്രീയ നേതാവാക്കി വളര്‍ത്തിയെടുത്തത്. സി കെ ചന്ദ്രപ്പന്‍ 1969 ല്‍ അഖിലേന്ത്യാ യൂത്ത് ഫെഡറേഷന്‍ (എ ഐ വൈ എഫ്) ദേശീയ പ്രസിഡന്റ് ആയപ്പോള്‍ 19-ാം വയസ്സില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റായിരുന്നു കാനം സി പി ഐയുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള വഴി വെട്ടിത്തുറന്നത്.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടങ്ങളില്‍ ഒന്നാണ് യുവജന പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയായി ചുമതലയേറ്റത് .

21-ാം വയസ്സില്‍ സിപിഐ അംഗമായ കാനം 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീടും രണ്ട് വട്ടം വാഴൂരിനെ പ്രതിനിധീകരിച്ച് മത്സരിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പൂര്‍ണമായും സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് മാറുകയായിരുന്നു. 2015 ല്‍ ആദ്യമായി സി പി ഐ സംസ്ഥാന സെക്രട്ടറിയായ കാനം 2018ലും 2022ലും പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കിടങ്ങൂര്‍ സ്വദേശിയായ പി കെ വാസുദേവന്‍ നായര്‍ക്കു ശേഷം സി പി ഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയത്തുകാരനെന്ന സവിശേഷത കൂടിയുണ്ട് കാനത്തിന്.

അനാരോഗ്യംമൂലം സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയതിനു തൊട്ടുപിന്നാലെയാണ് കാനത്തെ മരണം വന്നു വിളിച്ചത്. അദ്ദേഹത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹ ബാധിതനായിരുന്നതിനാല്‍ പരുക്ക് അവസ്ഥ കൂടുതല്‍ മോശമാക്കി. അണുബാധയേറ്റതിനാല്‍ പാദം മുറിച്ചു മാറ്റേണ്ടി വന്നു. എന്നിട്ടും മരണത്തെ തടയാന്‍ വൈദ്യലോകത്തിനായില്ല.

ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലെ അതികായരിലൊരാള്‍ കൂടി വിടപറയുന്നത്. കേരളത്തിന്റെ തീരാനഷ്ടം തന്നെയാണ് കാനത്തിന്റെ വിയോഗം.

 

---- facebook comment plugin here -----

Latest