Connect with us

International

ബലിപെരുന്നാൾ കാത്തിരിപ്പിനിടെ ബോംബ് വർഷം; ഗസ്സ! ആത്മധൈര്യം തുടരുക

ഇസ്‌റാഈൽ ആക്രമണത്തിൽൽ 28 മരണം • തൽ അൽ സുൽത്താനിലേക്ക് അധിനിവേശം വ്യാപിപ്പിച്ചു

Published

|

Last Updated

ഗസ്സ | കൊടുംക്രൂരതകൾക്കിടയിലും ആഘോഷങ്ങളില്ലാത്ത ബലിപെരുന്നാളിനെ കാത്തിരിക്കുന്ന ഫലസ്തീനികൾക്കു നേരെ ബോംബ് വർഷിച്ച് ഇസ്‌റാഈൽ സൈന്യം. ഇന്നലെ ഗസ്സയിലെ വീടുകൾക്കു നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.

കരയിൽ നിന്നും ആകാശത്ത് നിന്നും സമുദ്രത്തിൽ നിന്നും ഇസ്‌റാഈൽ ആക്രമണം തുടരുകയാണ്. രണ്ട് യുദ്ധക്കപ്പലുകളിൽ നിന്ന് ഫലസ്തീനികളെ ലക്ഷ്യം വെച്ച് വെടിവെപ്പുമുണ്ടായി.

റഫയിൽ ഇപ്പോൾ ഒരു ആശുപത്രിയും പ്രവർത്തിക്കുന്നില്ല. ആരോഗ്യ പ്രവർത്തകർക്ക് ഒരാളെപ്പോലും പരിചരിക്കാനാകാത്ത അവസ്ഥയാണ്. മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പാരാ മെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്ക് പല സ്ഥലങ്ങളിലും എത്താനാകുന്നില്ല. ഖാൻ യൂനുസിൽ സംഭവിച്ചതു പോലെ റഫയിലും ഫലസ്തീനികൾക്ക് കയറി നിൽക്കാൻ ഒരു മേൽക്കൂര പോലുമില്ല.

ഗസ്സാ മുനമ്പിൽ ഇസ്‌റാഈൽ വ്യോമാക്രമണത്തിനിടെ രണ്ട് ഇസ്‌റാഈൽ തടവുകാരും കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗം ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. സഊദി അതിർത്തിയോട് ചേർന്നുള്ള റഫയുടെ പടിഞ്ഞാറൻ നഗരമായ തൽ അസ് സുൽത്താനിൽ ശത്രുക്കൾക്ക് നേരെ ഖസ്സാം ബ്രിഗേഡ്‌സ് പ്രത്യാക്രമണം നടത്തുന്നുണ്ട്. തൽ അൽ സുൽത്താനിൽ ടാങ്കുകളുമായെത്തിയ ഇസ്‌റാഈൽ സൈന്യം കടുത്ത നാശം വിതക്കുകയാണ്. ഇവിടെ നിന്ന് ഫലസ്തീനികൾ പലായനം ചെയ്യുകയാണ്. അതിനിടെ, ഗസ്സാ മുനമ്പിൽ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ സ്ഥിരീകരിച്ചു.

ഒക്‌ടോബറിൽ ഇസ്‌റാഈൽ ഗസ്സയെ ആക്രമിച്ചതു മുതൽ ഇതുവരെ 498 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അധികൃതർ പറഞ്ഞു.
വടക്കൻ ഗസ്സയിലെ കിണറുകളെല്ലാം ഇസ്‌റാഈൽ തകർത്തിരിക്കുകയാണ്. കുടിവെള്ളം പോലും ലഭിക്കാതെ ദാഹജലത്തിനായി അലയുകയാണ് കുട്ടികളടക്കമുള്ളവർ.

അതേസമയം, യുദ്ധം അവസാനിപ്പിച്ച് ഗസ്സയിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിച്ചാൽ മാത്രമേ, ഇസ്‌റാഈൽ ബന്ദികളെ വിട്ടയക്കൂവെന്ന് ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫലസ്തീൻ സായുധവിഭാഗമായ അൽ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. വെടിനിർത്തലിനായി അന്താരാഷ്ട്ര സമ്മർദം ശക്തമാണെങ്കിലും പോരാട്ടം അവസാനിപ്പിക്കാനുള്ള കരാർ ഇപ്പോഴും അകലെയാണ്.

Latest