National
യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും
മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.
ന്യൂഡല്‍ഹി | അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളജിന് പഠനത്തിന് വിട്ടു നല്‍കും. ഇന്ന് എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.
നാളെ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് എകെജി ഭവനില്‍ പൊതുദര്‍ശനം. അവിടെ നിന്നും മൃതദേഹം വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വിട്ടുനല്‍കും.
ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് യെച്ചൂരി അന്തരിച്ചത്.ആഗസ്റ്റ് 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണവിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് മരണം ഔദ്യോഗികമായി ആശുപത്രി അധികൃതര്‍ അറിയിച്ചത്.