Connect with us

isl 2022

ഹാട്രിക് തോല്‍വിക്ക് ശേഷം വിജയവഴിയില്‍ മഞ്ഞപ്പട

അവസാന മിനുട്ടുകളിൽ കളത്തിലിറങ്ങിയ സഹൽ അബ്ദുസ്സമദ് ഇരട്ട ഗോൾ നേടി.

Published

|

Last Updated

ഗുവാഹത്തി | തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. അവസാന മിനുട്ടുകളിൽ കളത്തിലിറങ്ങിയ സഹൽ അബ്ദുസ്സമദ് ഇരട്ട ഗോൾ നേടി. ആദ്യ രണ്ട് ഗോളുകൾക്ക് മലയാളി താരം രാഹുൽ കെ പിയായിരുന്നു വഴിയൊരുക്കിയത്.

ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 36ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിഷു കുമാറിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. 56ാം മിനുട്ടിലാണ് കാത്തിരുന്ന ഗോളെത്തിയത്. രാഹുൽ കെ പിയുടെ  അസിസ്റ്റില്‍ ദിമിത്രിയോസ് ദിയാമന്തകോസ് ആണ് ഗോള്‍ നേടിയത്. ഗ്രീക്ക് താരത്തിൻ്റെ അരങ്ങേറ്റ ഗോൾ കൂടിയായിരുന്നു ഇത്.

66ാം മിനുട്ടിൽ സൌരവ് മണ്ഡലിൻ്റെ പകരക്കാരനായി കളത്തിലിറങ്ങിയ സഹൽ അബ്ദുസ്സമദ് ആണ് 85ാം മിനുട്ടിൽ മഞ്ഞപ്പടയുടെ രണ്ടാം ഗോൾ നേടിയത്. രാഹുൽ കെ പി തന്നെയായിരുന്നു ഈ ഗോളിൻ്റെയും അസിസ്റ്റ്.  ഇഞ്ചുറി ടൈമിലാണ് സഹൽ അബ്ദുസ്സമദ് ടീമിൻ്റെ മൂന്നാം ഗോൾ നേടിയത്. സൊറൈശാം സന്ദീപ് സിംഗ് ആയിരുന്നു അസിസ്റ്റ്. അതേസമയം, സീസണിലെ അവസാനക്കാരെയാണ് പരാജയപ്പെടുത്തിയതെന്നത് വിജയത്തിന്റെ ശോഭക്ക് നേരിയ മങ്ങലേല്‍പ്പിക്കുന്നുണ്ട്.

Latest