Ongoing News
കലാശത്തില്‍ ഇന്ത്യയെ നേരിടാന്‍ മഞ്ഞപ്പട; സെമിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് മൂന്ന് വിക്കറ്റിന്
നിശ്ചിത 50 ഓവര്‍ അവസാനിക്കാന്‍ രണ്ട് പന്ത് ശേഷിക്കേ ദക്ഷിണാഫ്രിക്കയെ 212 റണ്‍സിന് എറിഞ്ഞിട്ട കംഗാരുക്കള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
കൊല്‍ക്കത്ത | ആധികാരിക ജയത്തോടെ ലോകകപ്പ് കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്ത് മഞ്ഞപ്പട. കരുത്തരായ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളിയെ പോരാട്ട വീറിന്റെ പിന്‍ബലത്തില്‍ തകര്‍ത്തുവിട്ടാണ് ആസ്‌ത്രേലിയ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനാണ് കംഗാരുക്കളുടെ വിജയം. ഈമാസം 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന അങ്കത്തില്‍ ഇന്ത്യയാണ് ആസ്‌ത്രേലിയയുടെ എതിരാളി.
നിശ്ചിത 50 ഓവര്‍ അവസാനിക്കാന്‍ രണ്ട് പന്ത് ശേഷിക്കേ ദക്ഷിണാഫ്രിക്കയെ 212 റണ്‍സിന് എറിഞ്ഞിട്ട കംഗാരുക്കള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 16 പന്തുകള്‍ ബാക്കിയിരിക്കുമ്പോഴാണ് ആസ്‌ത്രേലിയ വിജയം നേടിയത്. 62 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് നേടുകയും ചെയ്ത ആസ്‌ത്രേലിയയുടെ ട്രാവിഡ് ഹെഡാണ് മാന്‍ ഓഫ് ദി മാച്ച്.
ലോകകപ്പ് ഫൈനലില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും ആസ്‌ത്രേലിയയും മുഖാമുഖം വരുന്നത്. എട്ടാം തവണയാണ് ആസ്‌ത്രേലിയ ഫൈനലിലെത്തുന്നത്. അഞ്ചാമത്തെ പ്രാവശ്യമാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ തോല്‍ക്കുന്നത്.
48 പന്തില്‍ 62ലേക്കു കുതിച്ച ട്രാവിസ് ഹെഡാണ് ആസ്‌ത്രേലിയന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഡേവിഡ് വാര്‍ണര്‍ (18ല്‍ 29), സ്റ്റീവ് സ്മിത്ത് (62ല്‍ 30), ജോഷ് ഇംഗ്ലിസ് (49ല്‍ 28) എന്നിവരും മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ ജെറാള്‍ഡ് കോയറ്റ്‌സി, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതവും കിഗോസ് റബാദ, ഐദന്‍ മാര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി.
ഡേവിഡ് മില്ലറുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക 212ല്‍ എത്തിയത്. 116 പന്തില്‍ 101 റണ്‍സെടുത്താണ് മില്ലര്‍ പുറത്തായത്. ഹെയ്ന്റിച്ച് ക്ലാസനാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. 48 പന്തില്‍ 47 റണ്‍സാണ് ക്ലാസന്റെ സമ്പാദ്യം. ഇതര ബാറ്റര്‍മാരില്‍ ഐഡന്‍ മാര്‍ക്രം (10), ജെറാള്‍ഡ് കോയറ്റ്‌സി (19), കഗിസോ റബാദ (10) എന്നിവര്‍ക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
ആസ്‌ത്രേലിയക്കായി മിഷേല്‍ സ്റ്റാര്‍ക്കും നായകന്‍ പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ഇവരില്‍ സ്റ്റാര്‍കാണ് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ കടപുഴക്കിയത്. 9.4 ഓവര്‍ എറിഞ്ഞ കമ്മിന്‍സ് 51 റണ്‍സ് വിട്ടുകൊടുത്തു. ജോഷ് ഹേസല്‍വുഡ്, ട്രാവിഡ് ഹെഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.