National
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി
വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്.
ന്യൂഡല്‍ഹി | മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യെമന്‍ എംബസി. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് ശരിവെച്ചു എന്ന വാര്‍ത്തള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് യെമന്‍ എംബസി പ്രസ്താവനയുമായി രംഗത്തു വന്നത്.
യുഎന്നും ഇന്ത്യയും ഔദ്യോഗികമായി അംഗീകരിക്കുന്നത് റാഷീദ് അല്‍ അലിമി നയിക്കുന്ന സര്‍ക്കാരിനെയാണ്. ഇന്ത്യ ഹൂതി വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാല്‍ ഹൂതി സര്‍ക്കാരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച സാധ്യമല്ല.വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായ ഇറാന്റെ സഹായം വഴി മാത്രമേ നിമിഷപ്രിയയുടെ കേസില്‍ ഇനി ഇടപെടല്‍ സാധ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്.
യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയയ്ക്ക് യെമനില്‍ വധശിക്ഷ വിധിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം.തുടര്‍ന്ന് 2020ലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്.