Connect with us

Web Special

ദാ, ഇവരാണ്‌ ലോകത്തിലെ ഏറ്റവും മനോഹര പൂച്ചകൾ

അബിസീനിയൻ പൂച്ച ആകർഷകമായ രൂപത്താലും സൗമ്യമായ സ്വഭാവത്താലും പേരുകേട്ടതാണ്. പ്രാചീന ഈജിപ്തുകാർ മെരുക്കിയെടുത്ത പൂച്ചവർഗ്ഗമാണ് അബിസീനിയൻ പൂച്ച. ഇന്നത്തെ വളർത്തു പൂച്ചകളിൽ ഏറെയും ഇവയുടെ പിന്തുടർച്ചക്കാരാണ്.

Published

|

Last Updated

അബിസീനിയൻ പൂച്ച

ലോകത്ത്‌ ഏറ്റവും കൂടുതൽ വളർത്തുന്ന പെറ്റുകളാണ്‌ പൂച്ചകൾ. കാണാൻ സുന്ദരന്മാരും സുന്ദരികളുമായ പൂച്ചകൾക്ക്‌ യജമാന സ്‌നേഹവും കൂടുതലാണ്‌. എത്രത്തോളം സ്‌നേഹിക്കുന്നോ അതിനേക്കാൾ ഏറെ തിരിച്ചുസ്‌നേഹിക്കുന്നവ. എന്നാൽ ലോകത്തിൽ ഏറ്റവും മനോഹരമായ പൂച്ചകൾ ഏതെന്ന്‌ അറിയുമോ, അവയെ പരിചയപ്പെടാം.

അബിസീനിയൻ പൂച്ച ആകർഷകമായ രൂപത്താലും സൗമ്യമായ സ്വഭാവത്താലും പേരുകേട്ടതാണ്. പ്രാചീന ഈജിപ്തുകാർ മെരുക്കിയെടുത്ത പൂച്ചവർഗ്ഗമാണ് അബിസീനിയൻ പൂച്ച. ഇന്നത്തെ വളർത്തു പൂച്ചകളിൽ ഏറെയും ഇവയുടെ പിന്തുടർച്ചക്കാരാണ്. നല്ല ബുദ്ധിശക്തിയും ഇണക്കവുമുള്ളവയാണ് ഇവ. അമേരിക്കയിൽ പ്രിയമേറിയ പെറ്റുകളാണിവ. വലിയ ചെവികൾ ഉള്ളതുകാരണം ഇവയ്ക്ക് നല്ല കേൾവി ശക്തിയുമുണ്ട്.

അരുമ പൂച്ചകളുടെ പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ്‌ മെയിൻ കൂൺ (Maine Coon). വടക്കേ അമേരിക്കയിലാണ്‌ ഇവ കൂടുതലായും ഉള്ളത്‌. സവിശേഷമായ ശാരീരിക പ്രത്യേകതകളാലും വേട്ടയാടൽ കഴിവുകളാലും ഇവ പ്രസിദ്ധമാണ്‌. വലിപ്പമേറിയതും ഇണക്കമുള്ളതുമായ ശരീരമാണ്‌ ഇവയുടെ പ്രത്യേകത. അതിനാൽ “സൌമ്യനായ ഭീമൻ” എന്ന്‌ ഇരട്ടപ്പേരുമുണ്ട്‌. നെഞ്ചിനോടൊപ്പം ഉയർന്നു നിൽക്കുന്ന നീളംകൂടിയ മൃദുരോമം, ബലിഷ്ഠമായ അസ്ഥിഘടന, ത്രികോണാകൃതിയിലുള്ള ശരീര ആകാരം, മേലാവരണത്തിൽ നീണ്ട സംരക്ഷിത രോമങ്ങൾ, പട്ടുപോലെ മിനുസമുള്ള കീഴ്ഭാഗാവരണം, നീണ്ടതും ഇടതൂർന്ന രോമങ്ങളുള്ളതുമായ വാൽ എന്നിവയാണ് ഇവയ്‌ക്ക്‌ ഭംഗിയേകുന്നത്‌.

മെയിൻ കൂൺ

ഏറ്റവും മനോഹരമായ പൂച്ചകളിൽ ആദ്യ സ്ഥാനത്തുള്ളവയാണ്‌ ബംഗാൾ പൂച്ചകൾ. വന്യമായ രൂപത്തിനൊപ്പം പുള്ളിപ്പുലികളുടേത്‌ പോലുള്ള അടയാളങ്ങൾ ഇവയ്‌ക്ക്‌ ഭംഗിയേകുന്നു. കട്ടിയുള്ളതും സമൃദ്ധവുമായ രോമമാണ്‌ ഇവയ്‌ക്കുള്ളത്‌.

മൃദുവും സമൃദ്ധവുമായ രോമങ്ങളാലും ആഴത്തിലുള്ള നീല കണ്ണുകളാലും മനോഹരമാണ്‌ ബർമൻ പൂച്ചകൾ. “ബർമ്മയിലെ വിശുദ്ധ പൂച്ച” എന്നും ബിർമൻ അറിയപ്പെടുന്നു. ബർമ്മയുടെ ഫ്രഞ്ച് രൂപമായ ബിർമനിയിൽ നിന്നാണ് ഈ ഇനത്തിൻ്റെ പേര് ഉരുത്തിരിഞ്ഞത് . 1925-ൽ ഫ്രാൻസിലാണ് ഈയിനം ആദ്യമായി തിരിച്ചറിഞ്ഞത്. വിശാലമായ മുഖവും റോമൻ മൂക്കും ഉള്ള ഇടത്തരം വലിപ്പമുള്ള ദീർഘചതുരാകൃതിയിലുള്ള ശരീരമാണ് ബിർമന്മാർക്കുള്ളത്. ചെവികൾ ഉയരമുള്ളതും അടിത്തറയിൽ വീതിയുള്ളതുമാണ്. വൃത്താകൃതിയിലുള്ളതും ആഴത്തിൽ നീലകലർന്നതുമായ കണ്ണുകൾ ബിർമന്മാരെ മനോഹരമാക്കുന്നു.

ബംഗാൾ പൂച്ച

ഭംഗിയിൽ പേർഷ്യൻ പൂച്ചകളും ആദ്യസ്ഥാനങ്ങളിൽ വരും. നീണ്ട രോമങ്ങളും വട്ട മുഖവും പതിഞ്ഞ മൂക്കും ആണ് ഇവയുടെ പ്രത്യേകതകൾ. പത്തൊമ്പതാം നൂറ്റാണ്ട്‌ മുതൽ തന്നെ പ്രശസ്തമാണ് ഈ ജെനുസിൽപ്പെട്ട പൂച്ചകൾ. ഇംഗ്ലീഷ്കാരാണ് ഇവയെ ആദ്യം ഉരുത്തിരിച്ച് എടുത്തത്‌. ഇറാനിയൻ പൂച്ചകളോട്‌ സാമ്യമുള്ളതിനാലാണ്‌ ഇവയ്‌ക്ക്‌ പേർഷ്യൻ പൂച്ച എന്ന പേരുവീണത്‌. ആഡംബര ജീവിതം ഇഷ്‌ടപ്പെടുന്നവയാണ്‌ ഇവ.

നീലക്കണ്ണുകളാൽ ശാന്തമായ സ്വഭാവമുള്ള റാഗ്‌ഡോൾ പൂച്ചയും ലോകത്ത്‌ ഏറ്റവും മനോഹരമായ പൂച്ചകളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്‌. “പട്ടിക്കുട്ടികളെപ്പോലെയുള്ള പൂച്ചകൾ” എന്ന്‌ ഇവയെ വിശേഷിപ്പിക്കാറുണ്ട്‌.

Latest