Connect with us

National

ഇന്നലെ 'ഫലസ്തീൻ ബാഗ്'; ഇന്ന് 'ബംഗ്ലാദേശ് ബാഗ്'; മർദിതർക്ക് ഐക്യദാർഢ്യം തുടർന്ന് പ്രിയങ്ക

'ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്താനികള്‍ക്കുമൊപ്പം നിലകൊള്ളുക' എന്നാണ് പ്രിയങ്ക ഇന്ന് ധരിച്ച ബാഗില്‍ എഴുതിയിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഫലസ്തീന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും പ്രിയങ്ക ഗാന്ധിയുടെ ഐക്യദാർഢ്യം. ബംഗ്ലാദേശിലെ ‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച പാര്‍ലമെന്റിലെത്തിയത്. ഇന്നലെ ഫലസ്തീന്റെ പ്രതീകമായ മുറിച്ച തണ്ണിമത്തൻ ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക എത്തിയിരുന്നത്. ഇതിനെതിരെ ബിജെപി സഭയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്താനികള്‍ക്കുമൊപ്പം നിലകൊള്ളുക’ എന്നാണ് പ്രിയങ്ക ഇന്ന് ധരിച്ച ബാഗില്‍ എഴുതിയിരുന്നത്. ബംഗ്ലാദേശിലുള്ള ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

ഇന്നലെ സഭയിൽ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പ്രിയങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. പാർലിമെന്റിന് പുറത്ത് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിലും അവർ ബാഗുമായാണ് പങ്കെടുത്തിരുന്നത്. ഫലസ്തീൻ പ്രതീകമായ ബാഗുമായി എത്തിയതിന് പ്രിയങ്കയെ ഭരണ പക്ഷ അംഗങ്ങൾ വിമർശിച്ചിരുന്നു. ആഭ്യന്തരവിഷയങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ വിദേശരാജ്യങ്ങളുടെ വിഷയങ്ങള്‍ക്കാണ് പ്രിയങ്ക പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു ആരോപണം.

എന്നാല്‍, താനോ മറ്റു സ്ത്രീകളോ ധരിക്കുന്ന വസ്ത്രങ്ങളേയോ മറ്റു വസ്തുക്കളെയോ കുറിച്ച് ആരും അഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ല എന്നായിരുന്നു പ്രിയങ്കയുടെ ശക്തമായ പ്രതികരണം.

Latest