International
ഇസ്‌റാഈലിന് വഴങ്ങി; മുഖം തിരിച്ച് അമേരിക്കയും ബ്രിട്ടനും
ഗസ്സയിലെ രൂക്ഷമായ പ്രതിസന്ധിയിലും യു എൻ ഏജൻസിക്കുള്ള സഹായം പുനരാരംഭിക്കുന്നില്ല
യു എൻ | ഐക്യരാഷ്ട്ര സഭാ ദുരിതാശ്വാസ ഏജൻസിക്കുള്ള ധനസഹായം പുനഃസ്ഥാപിക്കാതെ അമേരിക്കയും ബ്രിട്ടനും. ഇസ്‌റാഈൽ സ്വാധീനത്തിന് വഴങ്ങി നിർത്തിവെച്ച ഫണ്ടിംഗ് പുനരാരംഭിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇരു രാജ്യങ്ങളും ചെവികൊള്ളാൻ തയ്യാറായിട്ടില്ല. യു എൻ ആർ ഡബ്ല്യു എ ഫലസ്തീൻ ഗ്രൂപ്പുകളെ വഴിവിട്ട് സഹാ
യിക്കുകയാണെന്ന സയണിസ്റ്റ് പ്രചാരണം അപ്പടി വിഴുങ്ങുകയാണ് ഈ രാജ്യങ്ങൾ.
ഗസ്സാ മുനമ്പ് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് വൻകിട രാജ്യങ്ങൾ ഈ നിലപാട് തുടരുന്നത്.
യു എൻ ദുരിതാശ്വാസ ഏജൻസിക്ക് ധനസഹായം നൽകുന്ന വൻകിട ദാതാക്കൾ 16 ആണ്. ഒക്‌ടോബർ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിന് ശേഷം ഇവയെല്ലാം ഫണ്ടിംഗ് നിർത്തിവെച്ചിരുന്നു. എന്നാൽ ജനുവരിയോടെ യു എസും ബ്രിട്ടനും ഒഴിച്ചുള്ള 14 രാജ്യങ്ങളും പുനരാരംഭിച്ചു.
യു എസായിരുന്നു ഏറ്റവും വലിയ ദാതാവ്. 2025 മാർച്ച് 25 വരെ ഒറ്റ ഡോളർ പോലും യു എൻ ആർ ഡബ്ല്യു എക്ക് നൽകേണ്ടെന്നാണ് യു എസ് കോൺഗ്രസ്സ് പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നത്.
ഹമാസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന ഇസ്‌റാഈലിന്റെ വാദത്തിന് തെളിവ് നൽകാൻ ഇതുവരെ ഇസ്‌റാഈലിന് സാധിച്ചിട്ടില്ല. അതിനിടെ, ഫണ്ടിംഗ് പുനരാരംഭിക്കാത്തതിൽ നിരാശ പ്രകടമാക്കി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സ് രംഗത്തെത്തി. ‘ഫലസ്തീൻ അഭയാർഥികൾക്കുള്ള ഒരേയൊരു പിടിവള്ളിയാണ് യു എൻ ദുരിതാശ്വാസ ഏജൻസി വഴിയുള്ള സഹായം. അതും കൂടി ഇല്ലാതായാൽ അവർ മരിച്ചു വീഴും. യു എൻ ഏജൻസിക്ക് ബദലില്ല. ഒരേയൊരു പ്രതീക്ഷാ കിരണമാണത്.
നശീകരണത്തിന്റെയും മരണത്തിന്റെയും ഇത്തിരി വട്ടത്തിലൂടെ മനുഷ്യരെ തലങ്ങും വിലങ്ങും ഓടിക്കുന്ന ഇസ്‌റാഈലിന്റെ ഒഴിപ്പിക്കൽ ഉത്തരവുകൾ സ്ഥിതിഗതികൾ സങ്കീർണമാക്കുകയാണ്- ഗുട്ടെറസ്സ് പറഞ്ഞു.
118 രാജ്യങ്ങൾ യു എൻ ആർ ഡബ്ല്യു എയെ പിന്തുണക്കാമെന്ന കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഏജൻസി മേധാവി ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. ഏജൻസിയുടെ പ്രവർത്തനം ഇല്ലാതാക്കാൻ പല കോണിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. ഇതെല്ലാം മറികടന്ന് കൂടെനിൽക്കുന്ന രാജ്യങ്ങളോട് കടപ്പാടുണ്ട്. വൻകിട ദാതാക്കളിൽ നിന്ന് സെപ്തംബർ വരെ ലഭിച്ച തുക മതിയാകാത്ത സ്ഥിതിയാണുള്ളത്. ആറ് ലക്ഷം സ്‌കൂൾ കുട്ടികൾ വിദ്യാഭ്യാസവും ഭക്ഷണവുമില്ലാതെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്നുണ്ട്.
അവരെ സഹായിക്കാൻ യു എൻ ആർ ഡബ്ല്യു എക്ക് ഫണ്ട് വേണം. യു കെയിൽ പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ- ലസ്സാറിനി പറഞ്ഞു.