Connect with us

Articles

യോഗി നേരിട്ടിറങ്ങുന്നതിലെ ഒളിയജന്‍ഡകള്‍

'ഒരു പള്ളിയില്‍ ത്രിശൂലത്തിന് എന്താണ് കാര്യം. അവിടെ ശിവലിംഗവും വിഗ്രഹങ്ങളുമൊക്കെയുണ്ട്. അവിടുത്തെ ഓരോ വാസ്തുവിദ്യയും അത് തെളിയിക്കുന്നുണ്ട്. നമ്മള്‍ അതിനെ പള്ളി എന്ന് വിളിച്ചാല്‍ അവിടെ വിയോജിപ്പുകള്‍ ഉണ്ടാകും'- യോഗി പറഞ്ഞതാണ്. നോക്കൂ. വിയോജിപ്പുകള്‍ ഒഴിവാക്കാന്‍ നമുക്കതിനെ പള്ളി എന്ന് വിളിക്കേണ്ട എന്ന്. അതിലൊരു ഭീഷണിയുണ്ട്. ഇനിയും പള്ളിയെന്ന് പറഞ്ഞു നിന്നാല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഒരു മുഖ്യമന്ത്രിയുടെ ഭീഷണിയാണത്.

Published

|

Last Updated

ജനാധിപത്യത്തിന്റെ നോവായി മാറിയ ബാബരി പള്ളിയുടെ ഓര്‍മകളെ മണ്ണിട്ട് മൂടി അയോധ്യയില്‍ കെട്ടിപ്പൊക്കിയ രാമക്ഷേത്രം ഉദ്ഘാടനത്തിനുള്ള അവസാന വട്ട മിനുക്കു പണികളിലാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തുറക്കുമെന്ന് തന്നെയാണ് ഇതുവരെയുള്ള നീക്കുപോക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാം മറന്നുവെന്ന് തോന്നിപ്പിക്കും വിധം മൗനമവലംബിക്കാന്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനാധിപത്യ വിശ്വാസികളെ ഈ രാജ്യത്തിന്റെ ഭരണകൂടം പഠിപ്പിച്ചു കഴിഞ്ഞു. നീതിപീഠത്തിന്റെ ഭാഗത്ത് നിന്ന് പോലും ഒരു ദാക്ഷിണ്യവും ലഭിക്കാത്ത വിധം കാര്യങ്ങള്‍ കുഴമറിഞ്ഞുകിടക്കുന്നു.
അടുത്തൊരു തിരഞ്ഞെടുപ്പിന് ഇനിയൊരു വര്‍ഷം പോലും ബാക്കിയില്ല. കലഹവും കലാപവും വര്‍ഗീയതയും വിദ്വേഷ പ്രചാരണങ്ങളുമില്ലാതെ മുന്നോട്ടുപോകാന്‍ സാധ്യമല്ല എന്ന് കരുതുന്ന ഒരു വിഭാഗം ആളുകള്‍ അടുത്ത പോരാട്ട ഭൂമിയിലേക്ക് എന്തൊക്കെ നീക്കിയിരിപ്പുകളാണ് കരുതി വെച്ചിരിക്കുന്നത് എന്നറിയില്ല. ഒരു ഭാഗത്ത് മണിപ്പൂരില്‍ നിന്ന് സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുകഞ്ഞു കൊണ്ടിരുന്ന ഉത്തര്‍ പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദ് വിവാദത്തിന് തിരികൊളുത്തി യോഗി ആദിത്യനാഥ് ഒരു മുഴം മുന്നോട്ടെറിഞ്ഞിരിക്കുന്നു.

ഗ്യാന്‍വാപി പള്ളിയിലെ വുളൂഖാനയില്‍ ശിവലിംഗമുണ്ടെന്ന ഹിന്ദു സ്ത്രീകളുടെ ആരോപണം കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം വുളൂഖാന മുദ്രവെച്ച് അടച്ച് ആ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചതും സര്‍വേ നടത്താനുള്ള ഉത്തരവുണ്ടാകുന്നതും. പ്രദേശത്തെ തന്നെ തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍ അടക്കമുള്ള ഹിന്ദുക്കളും മുസ്ലിംകളും എല്ലാം ഈ വാദത്തെ ഒരുമിച്ചെതിര്‍ത്തു. അത് വെറും ഫൗണ്ടെയ്ന്‍ മാത്രമാണെന്ന് തെളിയിച്ചു. പക്ഷേ, അപ്പോഴേക്കും വലതുപക്ഷ ദേശീയ രാഷ്ട്രീയത്തിന്റെ വരവു പട്ടികയിലേക്ക് ഗ്യാന്‍വാപി ചേര്‍ക്കപ്പെട്ടു കഴിഞ്ഞിരുന്നു. വിദ്വേഷ രാഷ്ട്രീയത്തിന്റെ ആയുധപ്പുരയില്‍ ഗ്യാന്‍വാപിയെ അടിവരയിട്ടു വെച്ചിരുന്നു.

വാരാണസി ജില്ലാ കോടതി കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദിലെ വുളൂഖാന അല്ലാത്ത ഭാഗങ്ങളില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എ എസ് ഐ) ആവശ്യപ്പെട്ടു. ലക്ഷ്യം വ്യക്തമായിരുന്നു. പള്ളി നില്‍ക്കുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് കണ്ടെത്തണം. സര്‍വേയുടെ ആരംഭമെന്നോണം മതിലുകള്‍ പൊളിഞ്ഞു തുടങ്ങിയതോടെ പള്ളി പരിപാലനം നടത്തുന്ന ഇന്‍തിസാമിയ മസാജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. മുസ്ലിംകളെ പ്രാര്‍ഥനക്ക് അനുവദിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായ കാര്യങ്ങളാണ് ഇപ്പോള്‍ മസ്ജിദില്‍ നടക്കുന്നതെന്നും പ്രാര്‍ഥനക്ക് വിഘാതം സൃഷ്ടിക്കരുതെന്നും പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെട്ടു. ജില്ലാ കോടതിയുടെ സര്‍വേ ആഹ്വാനത്തിനെതിരെ മസ്ജിദ് അധികാരികള്‍ക്ക് അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം അനുവദിച്ച കോടതി ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി യോഗി കഴിഞ്ഞ ദിവസം വാ തുറന്നത്.

ഗ്യാന്‍വാപി മസ്ജിദ് ചരിത്രപരമായി സംഭവിച്ച ഒരു അബദ്ധമായിരുന്നു എന്നും ആ അര്‍ഥത്തില്‍ അത് തിരുത്തപ്പെടണം എന്നും സമ്മതിച്ച് കൊണ്ട് മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു പ്രൊപോസല്‍ വരണമെന്ന് ഞാന്‍ വിചാരിക്കുന്നു എന്നാണ് യോഗി പറഞ്ഞത്. ‘ഒരു പള്ളിയില്‍ ത്രിശൂലത്തിന് എന്താണ് കാര്യം. അവിടെ ശിവലിംഗവും വിഗ്രഹങ്ങളുമൊക്കെയുണ്ട്. അവിടുത്തെ ഓരോ വാസ്തുവിദ്യയും അത് തെളിയിക്കുന്നുണ്ട്. നമ്മള്‍ അതിനെ പള്ളി എന്ന് വിളിച്ചാല്‍ അവിടെ വിയോജിപ്പുകള്‍ ഉണ്ടാകും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. നോക്കൂ. വിയോജിപ്പുകള്‍ ഒഴിവാക്കാന്‍ നമുക്കതിനെ പള്ളി എന്ന് വിളിക്കേണ്ട എന്ന്. അതിലൊരു ഭീഷണിയുണ്ട്. ഇനിയും പള്ളിയെന്ന് പറഞ്ഞു നിന്നാല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഒരു മുഖ്യമന്ത്രിയുടെ ഭീഷണിയാണത്. ഭരണം കൈയാളുന്ന അധികാരിയില്‍ നിന്ന് വാക്കുകള്‍ കൊണ്ട് പോലും പ്രതീക്ഷകള്‍ കിട്ടാത്ത ഒരു ജനതയുടെ ദുരവസ്ഥ എന്തായിരിക്കും. അതറിയാന്‍ ഉത്തര്‍ പ്രദേശിലേക്ക് നോക്കണം. അപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള, ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനവിഭാഗത്തെ എത്രത്തോളം പക്ഷപാതപരമായാണ് അഭിമുഖീകരിക്കുന്നത് എന്ന് കാണാം.

ഹിന്ദുത്വ വാദികളുടെ ആരോപണങ്ങള്‍ കേള്‍ക്കുമ്പോഴേക്കും തെളിവുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി ഓടിക്കേറി വന്ന് സര്‍വേ നടത്തുന്നതല്ല ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രീതി. വാദങ്ങളും പ്രതിവാദങ്ങളും തെളിവ് സമര്‍പ്പണങ്ങളുമെല്ലാം ഔദ്യോഗികമായും കോടതി സമക്ഷവും നടക്കേണ്ടതുണ്ട്. കൃത്യമായ എത്രയോ ഘട്ടങ്ങള്‍ കഴിയേണ്ടതുണ്ട്. പക്ഷേ, എന്തു ചെയ്യാനാണ്. ജനാധിപത്യവും നീതിപീഠവും നോക്കിയിരുന്നാല്‍ ബാലറ്റ് പെട്ടിക്കെന്ത് കിട്ടാനാണ്. തിരഞ്ഞെടുപ്പിന് അത്രയൊന്നും സമയം ബാക്കിയില്ലാത്ത നേരത്ത് അല്‍പ്പം ധൃതിപ്പെട്ടാലേ മതിയാകൂ. പതിനേഴാം നൂറ്റാണ്ടിലുണ്ടാക്കിയ ഒരു പള്ളിയുടെ അടിത്തറ തുരന്ന് അവശിഷ്ടങ്ങളില്‍ നിന്ന് തെളിവ് പിടിക്കാന്‍ കുറച്ച് സമയമെടുക്കുമല്ലോ.

ആരാധനാലയങ്ങളെ തൊട്ടാല്‍ വിശ്വാസികള്‍ക്ക് രോഷമിളകും. അത് ശത്രുക്കളെന്ന് പഠിപ്പിച്ചുവെച്ച മതത്തിന്റെ ആളുകളെയാകുമ്പോള്‍ അനുയായികള്‍ക്ക് ആവേശവും കൂടും. ഇങ്ങനെ പരസ്പരം ജനങ്ങളുടെ മനസ്സില്‍ മതത്തിന്റെ പേരില്‍ ഭ്രാന്ത് കേറ്റി വോട്ടും അധികാരവും നേടാന്‍ ഇതില്‍പരം കാമ്പുള്ള വിഷയം മറ്റൊന്ന് കിട്ടുമോ. ഗ്യാന്‍വാപിയെ തൊടാന്‍ യോഗി ഈ സമയത്ത് നേരിട്ടിറങ്ങിയത് വെറുതെയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ഇത് മോദി ഭരിക്കുന്ന ഇന്ത്യയാണ്. ബി ജെ പി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ്. സമാജ്വാദി പാര്‍ട്ടി തിരിച്ചു ചോദിച്ച പോലെ, ബദ്രിനാഥ്, കേദാര്‍നാഥ് അടക്കമുള്ള ക്ഷേത്രങ്ങളെയൊക്കെ കുഴിച്ച് നോക്കി ബുദ്ധിസ്റ്റ് ആശ്രമങ്ങളുണ്ടെന്ന് തെളിയിച്ചാല്‍ അവര്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നും കിട്ടാനില്ല.

തങ്ങളുടെ ദൈവങ്ങളുടെയും ക്ഷേത്രങ്ങളുടെയും സംരക്ഷണത്തിനുള്ള ബാധ്യതയാണ് ഇതെല്ലാം എന്ന കറകളഞ്ഞ മതബോധമാണ് ഈ കോലാഹലങ്ങളൊക്കെ ഉണ്ടാക്കുന്നതിന് പിന്നില്‍ എന്ന് ആരെങ്കിലും ചിന്തിക്കുമോ. എന്നാല്‍ ഇപ്പോഴും ഇങ്ങനെയൊക്കെ നിഷ്‌കളങ്കമായി വിശ്വസിക്കുന്ന അരവയറിന് പോലും ഗതിയില്ലാത്ത, അക്ഷരമറിയാത്ത അനേകലക്ഷം സാധു മനുഷ്യരാണ് ഈ സംഘ് കുടുംബത്തില്‍ ഭൂരിഭാഗവും. ഇവരുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത് അധികാരം പറ്റുന്ന മനുഷ്യത്വ വിരുദ്ധതയാണ് യഥാര്‍ഥത്തില്‍ ഇവിടെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യരെന്ന നിലയില്‍ പൊതു ജനങ്ങള്‍ക്ക് ഭരണകൂടം നല്‍കേണ്ട ശൗചാലയം പോലുള്ള അടിസ്ഥാന കാര്യങ്ങളില്‍ ഇന്ത്യ വളരെ പിന്നിലാണെന്ന് ശരിയായ കണക്കുകള്‍ പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സര്‍വേ തലവനെ കഴിഞ്ഞ ദിവസമാണ് കേന്ദ്രം പുറത്താക്കിയത്. ബാബരി നിലനിന്നിടത്ത് രാമക്ഷേത്രം വന്നെന്ന് കരുതിയോ ഔറംഗസേബ് പണിത ഗ്യാന്‍വാപി പൊളിച്ച് മറ്റേതെങ്കിലും ക്ഷേത്രം ഉയര്‍ത്തി എന്ന് കരുതിയോ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ വികസനം സംഭവിക്കില്ലല്ലോ. രാജ്യം നേരിടുന്ന തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും പരിഹാരമാകില്ലല്ലോ. രാജ്യത്തെ മുഴുവന്‍ പള്ളികളും ക്രിസ്ത്യന്‍ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടത് കൊണ്ട് ഇന്ത്യ ലോക വികസന സൂചികയില്‍ മുന്നിലെത്തുമെന്നോ ലോക ദാരിദ്ര്യ സൂചികയില്‍ നിന്ന് കരകയറുമെന്നോ കരുതാനാകില്ലല്ലോ.