National
കുംഭമേളയിലെ വിസര്‍ജ്ജ്യ ബാക്ടീരിയയുടെ സാന്നിധ്യമുള്ള ജലം കുടിക്കാനും ഉപയോഗിക്കാമെന്ന് യോഗി
പ്രയാഗ് രാജിലെയും യമുനയിലെയും ജലം കുളിക്കാന്‍ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു

ന്യൂഡല്‍ഹി | മനുഷ്യ- മൃഗ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അമിത സാന്നിധ്യം കണ്ടെത്തിയ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെയും യമുനയിലെയും ജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും യോഗ്യമാണെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വന്‍ തോതില്‍ കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രയാഗ് രാജിലെയും യമുനയിലെയും ജലം കുളിക്കാന്‍ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മതപരമായ സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചാരണമെന്നായിരുന്നു യോഗി നിയമസഭയില്‍ വിശദീകരിച്ചത്. ഗംഗയിലെയും യമുനയിലെയും ജലം വിശുദ്ധസ്‌നാനത്തിന് അനുയോജ്യമാണ്. കുളിക്കാന്‍ മാത്രമല്ല ഇത് ആച്മന്‍ എന്ന ആചാരത്തിന്റെ ഭാഗമായി കുടിക്കാനും യോഗ്യമാണെന്ന് നിയമസഭയില്‍ യോഗി പറഞ്ഞു.
ഈ മേള ഏതെങ്കിലും പാര്‍ട്ടിയോ സര്‍ക്കാരോ സംഘടിപ്പിച്ചതല്ല. ഇത് സമൂഹത്തിന്റേതാണ്. തങ്ങള്‍ സഹായികള്‍ മാത്രമാണ്. ഉത്സവത്തിന് ഏഴ് ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഈ നൂറ്റാണ്ടിലെ മഹത്തരമായ കുംഭമേള നടത്താന്‍ മോദി സര്‍ക്കാരിന് അവസരം ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും യോഗി പറഞ്ഞു.