National
യോഗി വീണ്ടും യു പി മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന്
ലക്‌നൗ | യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. യോഗിയെ നിയമസഭാ കക്ഷി നേതാവായി ബി ജെ പി എം എല്‍ എമാരുടെ യോഗം തിരഞ്ഞെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തും.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് രണ്ടാമതും അവസരം ലഭിക്കുന്നതെന്ന് യോഗി പാര്‍ട്ടി നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേ പറഞ്ഞു. ദേശീയതയുടെയും സദ്ഭരണത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് പാര്‍ട്ടി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
1998 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ഗോരഖ്പൂരില്‍ നിന്ന് പാര്‍ലിമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. യു പിയില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 255 സീറ്റ് നേടിയാണ് ബി ജെ പി വീണ്ടും അധികാരത്തിലെത്തിയത്. 41.29 ശതമാനം വോട്ടാണ് പാര്‍ട്ടിക്ക് അനുകൂലമായി ലഭിച്ചത്.