JACOBITE- ORTHODOX CHURCH ISSUE
സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറണമെന്ന് യോക്കോബായ അഭിഭാഷകന്റെ ആവശ്യം
നേരത്തേ ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു
കൊച്ചി | യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്മാറണമെന്ന് ആവശ്യം. കേസില്‍ യാക്കോബായ സഭക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ അഡ്വക്കേറ്റ് മാത്യൂസ് നെടുമ്പാറയാണ് ആവശ്യം ഉന്നയിച്ചത്. ഇന്ന് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവെ ആയിരുന്നു അഭിഭാഷകന്റെ ഈ ആവശ്യം. പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കുന്നത്. നേരത്തേ ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ നടപടി എടുക്കേണ്ടിവരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. അതേ സമയം കേസില്‍ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ കോടതി അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. അഭിഭാഷകന്റെ കക്ഷി യാക്കോബായ ഇടവകാംഗമല്ലെന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി.