Connect with us

Editorial

യു എന്നിന്റെ ബലഹീനത

ഹമാസിനെ ശിക്ഷിക്കാനെന്ന വ്യാജേന സാധാരണ മനുഷ്യരെ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്നത് ഗസ്സ കീഴടക്കാന്‍ വേണ്ടി തന്നെയാണ്. ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണ്. അതിനുള്ള ശക്തിയും ആധികാരികതയും സ്ഥൈര്യവും യു എന്നിനുണ്ടോയെന്ന ചോദ്യം ഉച്ചത്തില്‍ ഉയരേണ്ട ഘട്ടമാണിത്.

Published

|

Last Updated

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതി ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യയുടെ സ്വഭാവം കൈവരിച്ചിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഭക്ഷണവും തടഞ്ഞും ഒഴിഞ്ഞുപോകാന്‍ പോലും സാവകാശം നല്‍കാതെയും കരയില്‍ നിന്നും ആകാശത്ത് നിന്നും മരണം വിതയ്ക്കുകയാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന. യുദ്ധത്തില്‍ പാലിക്കേണ്ട അന്താരാഷ്ട്ര ചട്ടങ്ങളൊന്നും ഇസ്‌റാഈല്‍ സേനക്ക് പ്രശ്‌നമല്ല. കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയുമെല്ലാം നിര്‍ബാധം കൊല്ലുകയാണ്. ആശുപത്രിയെന്നോ സ്‌കൂളെന്നോ ചര്‍ച്ചെന്നോ വ്യത്യാസമില്ലാതെ ഇടിച്ചു നിരത്തുകയാണ്. ഈ മാനവവിരുദ്ധ നടപടിയെ വെള്ളപൂശുകയാണ് അമേരിക്കയടക്കമുള്ള വന്‍കിടക്കാര്‍. ഫലസ്തീന്‍ പക്ഷത്ത് ആത്മാര്‍ഥമായി നില്‍ക്കാന്‍ ആരും തയ്യാറല്ല. ഹമാസിനെ ശിക്ഷിക്കാനെന്ന വ്യാജേന സാധാരണ മനുഷ്യരെ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്നത് ഗസ്സ കീഴടക്കാന്‍ വേണ്ടി തന്നെയാണ്. ഇസ്‌റാഈല്‍ രാഷ്ട്രം ബലാത്കാരമായി സ്ഥാപിച്ച ശേഷം ആ രാജ്യം നടത്തിയ അധിനിവേശത്തിന്റെ നാള്‍വഴി നോക്കിയാല്‍ ഇനി എന്താണ് ഗസ്സയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് മനസ്സിലാകും. ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണ്. നിഷ്പക്ഷമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാകുകയെന്നതാണല്ലോ യു എന്നിന്റെ ദൗത്യം. അതിനുള്ള ശക്തിയും ആധികാരികതയും സ്ഥൈര്യവും യു എന്നിനുണ്ടോയെന്ന ചോദ്യം ഉച്ചത്തില്‍ ഉയരേണ്ട ഘട്ടമാണിത്.

കഴിഞ്ഞ ആഴ്ച യു എന്‍ രക്ഷാസമിതിയില്‍ ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പ്രമേയങ്ങള്‍ വന്നു. ഒന്ന് റഷ്യയുടെ മുന്‍കൈയില്‍ കൊണ്ടുവന്നതായിരുന്നു. ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഗണിച്ച് ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ആ പ്രമേയത്തിന്റെ ഉള്ളടക്കം. അവതരണാനുമതിക്കുള്ള വോട്ട് പോലും ആ പ്രമേയം നേടിയില്ല. അവതരിപ്പിച്ചാലും യു എസ് അതിനെ വീറ്റോ ചെയ്യുമായിരുന്നു. അമേരിക്കയുടെ മുന്‍കൈയില്‍ വന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഊന്നല്‍. അത് റഷ്യ വീറ്റോ ചെയ്തു. കഴിഞ്ഞ ദിവസം പൊതുസഭയില്‍ ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയമുണ്ട്. മാനുഷിക വെടിനിര്‍ത്തല്‍ വേണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. 120 വോട്ടുകള്‍ നേടി അത് പാസ്സായി. 14 വോട്ടുകള്‍ മാത്രമാണ് എതിരെ വന്നത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന നയമാണ് സ്വീകരിച്ചതെങ്കിലും ഫലത്തില്‍ ഇന്ത്യ ആ 14നൊപ്പം ചേര്‍ന്നുവെന്ന് തന്നെയാണ് പറയേണ്ടത്. ഈ പ്രമേയം രക്ഷാസമിതിയില്‍ എത്തിയാല്‍ എന്തായിരിക്കും സ്ഥിതി? നിശ്ചയമായും അമേരിക്ക വീറ്റോ ചെയ്യും. ഇതാണ് യു എന്നിന്റെ ബലഹീനത.

1945 മുതല്‍, ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശവുമായി ബന്ധപ്പെട്ട് മൊത്തം 36 രക്ഷാസമിതി കരട് പ്രമേയങ്ങള്‍ അഞ്ച് സ്ഥിരാംഗങ്ങളിലൊന്ന് വീറ്റോ ചെയ്തുവെന്നാണ് കണക്ക്. ഇതില്‍ 34 എണ്ണം യു എസും രണ്ടെണ്ണം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഈ പ്രമേയങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം പതിറ്റാണ്ടുകള്‍ നീണ്ട ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിനുള്ള ചട്ടക്കൂട് രൂപവത്കരിക്കുകയായിരുന്നു. മിക്കവയും ഇസ്‌റാഈലിന്റെ അധിനിവേശ നയം ചോദ്യം ചെയ്യുന്നതായിരുന്നു. സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ ലോകവികാരം അതിശക്തമായി ഉയരുകയും പൊതുസഭ ഈ വികാരം പങ്കുവെക്കുകയും ചെയ്തപ്പോഴെല്ലാം രക്ഷാ സമിതിയില്‍ അത്തരം പ്രമേയങ്ങള്‍ വരാതെ നോക്കാന്‍ യു എസ് ശ്രദ്ധിച്ചു. അമേരിക്കയുടെ രാഷ്ട്രീയ ശാഠ്യങ്ങള്‍ മറികടക്കാനുള്ള ശേഷി യു എന്നിനില്ല എന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നതാണ് പിറക്കാതെ പോയ ആ പ്രമേയങ്ങള്‍. ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഫലസ്തീന്‍ അനുകൂലികള്‍ക്ക് ആശ്വാസം പകര്‍ന്നുവെങ്കിലും യു എന്നിന് കാര്യമായൊന്നും ചെയ്യാനാകില്ലെന്ന വേദന ഒരാളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഗസ്സയില്‍ നിന്നുള്ള ചെറുത്തുനില്‍പ്പ് നീക്കങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടാകുന്നതല്ലെന്നായിരുന്നു ഗുട്ടെറസ് പറഞ്ഞത്. ഗസ്സക്കാര്‍ അനുഭവിക്കുന്ന നിസ്സഹായത ഗുട്ടെറസിന് മനസ്സിലാകുന്നുണ്ട്. പക്ഷേ, പരിഹാരത്തിലേക്ക് നീങ്ങാനുള്ള ശേഷി ഈ അന്താരാഷ്ട്ര സംഘടനക്കില്ലെന്ന് വ്യക്തമാക്കുന്നതാണല്ലോ ഇപ്പോഴും തുടരുന്ന കുരുതി.

1945ല്‍ നിലവില്‍ വന്ന സംഘടനയുടെ അടിസ്ഥാന പ്രമാണമായി യു എന്‍ ചാര്‍ട്ടറില്‍ നാല് ലക്ഷ്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അന്തര്‍ദേശീയ സമാധാനവും സുരക്ഷയും സംരക്ഷിക്കുക, രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സൗഹാര്‍ദം വര്‍ധിപ്പിക്കുക, സാമൂഹികവും സാമ്പത്തികവും തുടങ്ങി മറ്റെല്ലാ പ്രശ്‌നങ്ങളും അന്തര്‍ദേശീയ സഹകരണത്തോടെ പരിഹരിക്കുക, പൊതുലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ട സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നിവയാണ് അവ. ഇതില്‍ ഏത് ലക്ഷ്യമാണ് യു എന്‍ നേടിയിട്ടുള്ളത്? ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴെല്ലാം വന്‍ശക്തികളുടെ താത്പര്യങ്ങളില്‍ തട്ടി ആ ഉദ്യമങ്ങള്‍ തകരുകയാണ് ചെയ്യാറുള്ളത്. യു എന്നിന്റെ ഘടന തന്നെയാണ് അടിസ്ഥാനപരമായ പ്രശ്‌നം. യു എന്നിന്റെ നയരൂപവത്കരണ സമിതിയായ രക്ഷാ സമിതിയുടെ ഘടന നോക്കൂ. അഞ്ച് സ്ഥിരാംഗങ്ങളാണ് തുടക്കത്തിലേ രക്ഷാ സമിതിയില്‍ ഉള്ളത്. ഇന്നും അത് വിപുലീകരിക്കാതെ നില്‍ക്കുന്നു. ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണവ. അഞ്ച് പേരും രണ്ടാം ലോകമഹാ യുദ്ധം ജയിച്ചവര്‍. വന്‍ സാമ്പത്തിക, സൈനിക ശക്തികള്‍. ഇവയില്‍ ഒന്നിനെങ്കിലും ഹിതകരമല്ലാത്തതാണ് തീരുമാനമെങ്കില്‍ നടപ്പാകില്ലെന്ന് തന്നെ. രക്ഷാസമിതി സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം യു എന്നിന് മുകളില്‍ അഞ്ച് സൂപ്പര്‍ അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. പൊതുസഭ ദിവസങ്ങളോളം കുത്തിയിരുന്ന് ആലോചിച്ചുറപ്പിച്ച് തയ്യാറാക്കുന്ന പ്രമേയം രക്ഷാ സമിതിയില്‍ എത്തുന്നു. അവിടെ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യുന്നതിലൂടെ ആ പ്രമേയം നിഷ്ഫലമാകുന്നു. ഇത്രയും നിരര്‍ഥകമായ ഏര്‍പ്പാട് വേറെയുണ്ടോ? വീറ്റോ അധികാരം, രക്ഷാ സമിതിയിലെ അംഗത്വം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ പരിഷ്‌കരണത്തിന് തയ്യാറാകുകയാണ് ഇപ്പോള്‍ വേണ്ടത്. അതിനുള്ള ഊര്‍ജമായി ഗസ്സയിലെ കുഞ്ഞുങ്ങളുടെ രക്തസാക്ഷിത്വം മാറുമെങ്കില്‍ വലിയ വിപ്ലവമായിരിക്കുമത്.