Connect with us

International

നിങ്ങൾ ഒറ്റക്കല്ല..

ഗസ്സയിലെ കുഞ്ഞുങ്ങളെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം. ആ മനുഷ്യരുടെ വേദന വായിക്കുമ്പോൾ ആവർത്തന വിരസത തോന്നുന്നുവെങ്കിൽ നമ്മൾ കൊലയാളികൾക്കൊപ്പമാണ്. ആ കുഞ്ഞുങ്ങളെ ഒറ്റക്കാക്കരുത്

Published

|

Last Updated

ഒക്‌ടോബർ ഏഴ്. ഗസ്സയിലെ ഇസ്‌റാഈൽ കൂട്ടക്കുരുതിക്ക്  ഒരു വർഷം തികയുകയാണ്. “ഗസ്സയിൽ മരിച്ചവരുടെ എണ്ണം 41,000 കവിഞ്ഞു’ എന്നാണ് പത്രങ്ങളുടെ തലക്കെട്ട്. ഓരോ ദിനവും കൊന്നു തള്ളുന്ന കുഞ്ഞുങ്ങൾ വെറും അക്കങ്ങൾ മാത്രമായി മാറിയിരിക്കുന്നു; നിർവികാരമായി കണ്ടുപോകാവുന്ന അക്കങ്ങൾ. പാശ്ചാത്യ മാധ്യമങ്ങളും അതേനയം തുടരുന്ന ഇന്ത്യൻ മാധ്യമങ്ങളും ഇസ്‌റാഈൽ കൊന്നു എന്ന് പറയാൻ മടിക്കുന്നു. ഫലസ്തീൻകാർ മരിച്ചു, ഇസ്‌റാഈലികളെ ഹമാസ് കൊന്നു എന്നാണ് ആഖ്യാനം. ഫലസ്തീനികൾ കൊല്ലപ്പെടേണ്ടവരാണെന്ന അർഥമാണ് ഈ ആഖ്യാനങ്ങൾക്കുള്ളത്.
വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നത്. ഒരു ജനതയെ കൊന്നുതീർക്കുന്നതിന് കാരണങ്ങൾ സൃഷ്ടിക്കുകയും ആ കുടിലദൗത്യം വളരെ സ്വാഭാവികമായി നടപ്പാക്കുകയും ചെയ്യുമ്പോൾ അത് വംശഹത്യയാകുന്നു. ഹമാസിന്റെ സാന്നിധ്യമാണ് ഈ കൊലപാതകങ്ങളുടെ ഹേതുവെന്ന് പറയുന്നതിനേക്കാൾ വലിയ കളവ് വേറെയില്ല. ഒക്‌ടോബർ ഏഴിലെ പ്രത്യാക്രമണം സംഭവിച്ചാലും ഇല്ലെങ്കിലും ഹമാസ് നിലനിന്നാലും ഇല്ലെങ്കിലും ഫലസ്തീൻ ജനതക്ക് മേലുള്ള അധിനിവേശ അതിക്രമം ഇസ്‌റാഈൽ അവസാനിപ്പിക്കില്ല. അവർക്ക് അമേരിക്കയടക്കം നൽകുന്ന പിന്തുണ നിലയ്ക്കുകയുമില്ല. ഇസ്‌റാഈൽ ബലാത്കാരമായി സ്ഥാപിക്കുന്നതിന് മുമ്പേ തുടങ്ങിയ അതിക്രമം ഇന്നും തുടരുന്നു.

ഗസ്സയിലെ കുഞ്ഞുങ്ങളെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം.
ആ മനുഷ്യരുടെ വേദന വായിക്കുമ്പോൾ ആവർത്തന വിരസത തോന്നുന്നുവെങ്കിൽ നമ്മൾ കൊലയാളികൾക്കൊപ്പമാണ്. ആ കുഞ്ഞുങ്ങളെ ഒറ്റക്കാക്കരുത്.

Latest