Kerala
ഇടതു കോട്ട കാത്ത് യു ആര്‍ പ്രദീപ്
12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം. 64,827 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസ് 52,626 വോട്ട് നേടി. ബി ജെ പി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന് 33,609.
തൃശൂര്‍ | ചേലക്കരയില്‍ യു ആര്‍ പ്രദീപ് ഇടതു കോട്ട കാത്തു. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം നേടിയത്. പോസ്റ്റല്‍ ബാലറ്റ് മുതല്‍ ഒരു ഘട്ടത്തിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനു തലപൊക്കാനായില്ല. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയും മണ്ഡലത്തില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും നാലായിരത്തിനടുത്ത് വോട്ട് പിടിച്ച് സാന്നിധ്യമറിയിച്ചു. പുറത്തുവന്ന കണക്കുപ്രകാരം 64,827 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസ് 52,626 വോട്ട് നേടി.
ബി ജെ പി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന് 33,609 വോട്ട് ലഭിച്ചപ്പോള്‍ പി വി അന്‍വറിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ എന്‍ കെ 3,920 വോട്ട് സ്വന്തമാക്കി.
ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്.
2016ല്‍ മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താന്‍ കഴിഞ്ഞത് യു ആര്‍ പ്രദീപിനും നേട്ടമാണ്. 2016ല്‍ 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 2021ല്‍ കെ രാധാകൃഷ്ണന്‍ എത്തിയതോടെ ഭൂരിപക്ഷം 39,400 ആക്കി ഉയര്‍ത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞിരുന്നു. ചേലക്കര വിജയിച്ചതോടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എല്‍ ഡി എഫ് നേതാക്കള്‍ പ്രതികരിച്ചു.