International
ഒന്നര കോടിക്കൊരു ദ്വീപ് വാങ്ങാം
ഏകദേശം 1.5 കോടി രൂപക്കാണ് സ്കോട്‌ലാൻഡിലെ ആൾ പാർപ്പില്ലാത്ത ദ്വീപ് വിൽക്കുന്നത്
എഡിൻബർഗ് | സ്കോട്‌ലാൻഡിന്റെ തെക്കൻ തീരത്തെ ജനവാസമില്ലാത്ത ദ്വീപ് വിൽപ്പനക്ക്. 1,90,000 ഡോളറിന് (ഏകദേശം 1.5 കോടി രൂപ) ബാർലോകോ ദ്വീപ് സ്വന്തമാക്കാമെന്ന് സി എൻ എൻ റിപോർട്ട് ചെയ്യുന്നു. ഏത് കാലാവസ്ഥയിലും നിറയെ വെള്ളമുള്ള വലിയ തടാകവും കാൽനടയായി എത്തിച്ചേരാവുന്ന പെബിൾ ബീച്ചും വേലിയേറ്റ സമയത്ത് ബോട്ട് അടുപ്പിക്കാനുള്ള സൗകര്യവുമാണ് ദ്വീപിന്റെ പ്രത്യേകത.
ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാനും ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ നിന്ന് സമാധാനവും ശാന്തതയും ആസ്വദിക്കാനുമുള്ള അവസരമാണിതെന്ന്, വിൽപ്പനക്ക് മേൽനോട്ടം വഹിക്കുന്ന ഗാൽബ്രെയ്ത്ത് ഗ്രൂപ്പ് പ്രതിനിധി ആരോൺ എഡ്ഗാർ പറഞ്ഞു. ഇറ്റലി, ജർമനി, നോർവേ, യു എസ് എന്നിവിടങ്ങളിൽ നിന്നുള്ള അന്പതോളം ആളുകൾ ഇതിനകം തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും എഡ്ഗാർ വ്യക്തമാക്കി.
25 ഏക്കർ വിസ്തീർണമുള്ള ബാർലോകോയുടെ ഏറ്റവും അടുത്തുള്ള പട്ടണം ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ്. റോഡ് മാർഗം അടുത്തുള്ള റെയിൽവേ സ്റ്റേഷനിലെത്താൻ ഒരു മണിക്കൂർ എടുക്കും. ലണ്ടനിലേക്ക് 560 കിലോമീറ്ററും എഡിൻബർഗിലേക്ക് 160 കിലോമീറ്ററും ദൂരമുണ്ട്. വിൽപ്പനക്ക് വെച്ച ഏറ്റവും പുതിയ സ്കോട്ടിഷ് ദ്വീപാണ് ബാർലോകോ. രണ്ട് വർഷം മുന്പ്, വടക്കുപടിഞ്ഞാറൻ സമ്മർ ഐൽസ് ദ്വീപസമൂഹത്തിലെ ചെറിയ ദ്വീപായ കാർൺ ഡീസ് വിൽപ്പനക്ക് വെച്ചിരുന്നു. വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള റോണയും ഇത്തരത്തിൽ വിറ്റൊഴിവാക്കിയ ദ്വീപാണ്.
ആൾത്താമസമില്ലാത്ത ദ്വീപുകളിലേക്ക് ജനങ്ങളെ മാറ്റുന്നതിനുള്ള 50,000 പൗണ്ടിന്റെ പദ്ധതി സ്കോട്ടിഷ് സർക്കാർ നേരത്തേ ഉപേക്ഷിക്കുകയായിരുന്നു.