Connect with us

Jamaat-e-Islami

പത്രം കൊണ്ട് മുഖം മറയ്ക്കാം, നാണം മറയ്ക്കാനാകില്ല

പറയുന്നതൊന്ന്, പ്രവൃത്തി മറ്റൊന്ന്. ഈ ഇരട്ടത്താപ്പും അസഹിഷ്ണുതയും ജമാഅത്തെ ഇസ്‌ലാമിയുടെ നാൾവഴികളിലുടനീളം കാണാവുന്നതാണ്. അതിന് വേണ്ടി പേജുകളും വേദികളും ഉപയോഗിച്ചു. ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. മാധ്യമത്തിന്റെ പഴയ പത്രാധിപർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ജമാഅത്തിയൻ കാപട്യത്തിന്റെ വളരെ ചെറിയ ഒരധ്യായം മാത്രമാണ്. അതിന്റെ മെറിറ്റിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ പറയാം.

Published

|

Last Updated

വർഷത്തിന്റെ തുടക്കത്തിലാണ്, കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനത്തിലൊരു ലേഖനം പ്രത്യക്ഷപ്പെടുന്നത്, മുസ്‌ലിം മുഖ്യധാരക്കെതിരെ മർകസ് എ കെ ജി സെന്റർ സമവായം എന്നാണ് തലക്കെട്ട്. വഖ്ഫ് ബോർഡ് നിയമന വിവാദം നടക്കുന്ന നാളുകളാണ്. അതേത്തുടർന്ന് മുസ്‌ലിം ലീഗ് മുൻകൈയെടുത്തു രൂപവത്കരിച്ച കൂട്ടായ്മയിൽ കേരള മുസ്‌ലിം ജമാഅത്ത് പങ്കാളിയാകാനില്ലെന്ന് നേതൃത്വം ആദ്യമേ വ്യക്തമാക്കിയിരുന്നു. ആദ്യ മീറ്റിംഗിൽ പ്രതിനിധി പങ്കെടുത്തെങ്കിലും തുടർന്നുണ്ടാകില്ലെന്ന് സയ്യിദ് ജിഫ്‌രി തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയും അറിയിച്ചു. പള്ളികളിൽ പ്രതിഷേധിക്കാനുള്ള മുസ്‌ലിം ലീഗിന്റെ ആഹ്വാനം ജിഫ്‌രി തങ്ങൾ തള്ളിപ്പറയുകയും ചെയ്തു. അതേത്തുടർന്ന് അദ്ദേഹത്തെ ആരോ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെ ഒരിടത്ത് വെളിപ്പെടുത്തി. ആ ഭീഷണിയെ അപലപിച്ചവരിൽ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമുണ്ടായിരുന്നു. “ഞങ്ങൾ തമ്മിൽ സംഘടനാപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കാം.

എന്നാൽ ഇത്തരം ഭീഷണി ഒരിക്കലും അനുവദിക്കുകയില്ല’ എന്നായിരുന്നു ഉസ്താദിന്റെ പ്രസ്താവന. വിമർശിക്കപ്പെടാൻ അതിലൊന്നുമില്ല. വിയോജിപ്പുകളുണ്ടായിരിക്കെത്തന്നെ സൗഹൃദം സൂക്ഷിക്കുന്നതിൽ സുന്നി പ്രസ്ഥാനവും കാന്തപുരം ഉസ്താദും എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്‌രി മുത്തുക്കോയ തങ്ങൾ എന്നിവരോടെല്ലാം ആ അടുപ്പം സൂക്ഷിച്ചിട്ടുണ്ട്. സംഘടനാപരമായി ഒരു കൊടിക്കീഴിൽ നിൽക്കാത്തവരെ ശത്രുക്കളായി കാണുന്നവരല്ല സുന്നി പണ്ഡിതർ. ഇരുവിഭാഗം നേതാക്കളിലെ യോജിപ്പും രഞ്ജിപ്പും ജമാഅത്തെ ഇസ്‌ലാമിയെ എത്രമേൽ കുപിതരാക്കി എന്ന് തെളിയിക്കുന്ന വിധമാണ് അവർ സ്വന്തം പ്രസിദ്ധീകരണത്തിൽ അച്ചുനിരത്തിയത്.

“സുന്നത്ത് ജമാഅത്ത് എന്ന് കേരളത്തിലെ ഭൂരിപക്ഷം സുന്നി മുസ്‌ലിംകളും അരുമയാർന്ന ആദരവോടെ വിളിച്ചു വന്ന സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ പിളർപ്പിന് കാരണഭൂതരായ “പണ്ഡിതശിരോമണി’യും കൂട്ടത്തിൽ ഔപചാരികമായി ഞെട്ടിയിട്ടുണ്ട്’ എന്നായിരുന്നു ലേഖകന്റെ പരിഹാസം. കാന്തപുരം ഉസ്താദിനെ മാത്രമല്ല, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെയുമുണ്ടായിരുന്നു ആക്ഷേപ വർഷം. “അതിസമ്പന്നതയുടെ ദാരിദ്ര്യത്തിൽ കഴിയുന്ന അഖിലേന്ത്യാ സമസ്ത’ “പണ്ഡിതശിങ്കം’ തുടങ്ങിയ പ്രയോഗങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു ആ ലേഖനം. സംവാദങ്ങളിലും വിമർശങ്ങളിലും മാന്യത പുലർത്തണമെന്ന് സമുദായ സംഘടനകൾക്ക് ഇടക്കിടെ ട്യൂഷനെടുക്കുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി. പക്ഷേ അവരുടെ പ്രസിദ്ധീകരണം സമീപകാലത്തടക്കം ലോകമറിയപ്പെട്ട പണ്ഡിതരെ ഭർത്സിക്കാൻ മടിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമായാണ് ഈ ലേഖനമിപ്പോൾ ഓർത്തെടുത്തത്.
പറയുന്നതൊന്ന്, പ്രവൃത്തി മറ്റൊന്ന്. ഈ ഇരട്ടത്താപ്പും അസഹിഷ്ണുതയും ജമാഅത്തെ ഇസ്‌ലാമിയുടെ നാൾവഴികളിലുടനീളം കാണാവുന്നതാണ്. അതിന് വേണ്ടി പേജുകളും വേദികളും ഉപയോഗിച്ചു. ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. മാധ്യമത്തിന്റെ പഴയ പത്രാധിപർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ജമാഅത്തിയൻ കാപട്യത്തിന്റെ വളരെ ചെറിയ ഒരധ്യായം മാത്രമാണ്. അതിന്റെ മെറിറ്റിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ പറയാം.

വാർത്തകളോടും വാർത്താമാധ്യമങ്ങളോടും മലയാളികൾ കാണിക്കുന്ന താത്പര്യം എല്ലാവർക്കും അറിയുന്നതാണ്. രാവിലെ പത്രം ഉമ്മറത്ത് കിട്ടിയില്ലെങ്കിൽ അസ്വസ്ഥരാകുന്ന പരശ്ശതം വായനക്കാർ ഇവിടെയുണ്ട് എന്നതാണ് ഇക്കണ്ട ദിനപത്രങ്ങളൊക്കെ നിലനിന്നു പോകുന്നതിന്റെ പ്രധാന കാരണം. ന്യൂസ് ചാനലുകൾ മലയാളികളുടെ വീടകങ്ങളിൽ ഇടിച്ചുകേറി ഇരിപ്പിടമുറപ്പിച്ചിട്ട് രണ്ട് പതിറ്റാണ്ടിനോടടുക്കുന്നു. അപ്പോഴും വാർത്തയിലെ സത്യങ്ങൾക്ക് വേണ്ടി മലയാളികൾ അച്ചടി മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ഗൾഫ് നാടുകളിലേക്ക് ജീവിതം പറിച്ചുനട്ട മലയാളികൾ കേരളത്തിലെ പത്രങ്ങളുടെ വളർച്ചയെ/നിലനിൽപ്പിനെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. അങ്ങനെയാണ് പല മലയാള പത്രങ്ങൾക്കും ആധുനിക പ്രിന്റിംഗ് മെഷീനുകൾ സ്വന്തമാക്കാൻ സാധിച്ചതും മങ്ങിയ പേജുകൾ തിളക്കമുള്ളതായതും. പിന്നീട് തൊണ്ണൂറുകളുടെ അവസാനത്തിലാണ് മലയാളപത്രം ഗൾഫിൽ തന്നെ വായിക്കാനുള്ള പ്രവാസികളുടെ സ്വപ്നം പൂവണിയുന്നത്.

ഇന്ന് പ്രധാന മലയാള പത്രങ്ങൾക്കെല്ലാം ഗൾഫ് എഡിഷനുണ്ട്. അവിടെയുള്ള സർക്കാറുകളുടെ അനുമതിയോടെ അവിടെത്തനെ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്ന പല പത്രങ്ങളുണ്ടായതോടെ സ്വാഭാവികമായും മത്സരബുദ്ധി ഉണ്ടായിവന്നു. വാർത്തയിലും അച്ചടിയിലും കൂടുതൽ മികവ് പുലർത്തിക്കൊണ്ടാണ് ആ മത്സരത്തിൽ ജയിക്കാൻ പത്രസ്ഥാപനങ്ങൾ താത്പര്യപ്പെട്ടത്. ആരോഗ്യകരമായ ആ മത്സരത്തിൽ പങ്കെടുത്ത പത്രങ്ങളുടെ നിരയിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമത്തെ എണ്ണാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. ഓടി ജയിക്കുന്നതിനേക്കാൾ മുന്നേ ഓടുന്നയാളെ ഇടങ്കാല് വെച്ച് താഴത്തിടാനായിരുന്നു ആ പത്രത്തിന്റെ പ്രസാധകർ ശ്രമിച്ചത് എന്നാണ് പഴയ പത്രാധിപരുടെ ഏറ്റുപറച്ചിലിൽ നിന്ന് മനസ്സിലാകുന്നത്.

ഖത്വറിൽ രണ്ട് മലയാള പത്രങ്ങളുടെ പ്രസിദ്ധീകരണം മുടക്കാൻ കേരള ജമാഅത്തെ ഇസ്‌ലാമി ഇടപെട്ടു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു പത്രത്തിന്റെ പേര് അദ്ദേഹം പറയുന്നുണ്ട്. അത് സിറാജ് ആണ്. ഗൾഫ് രാജ്യങ്ങളിലാകെയും നല്ല വായനാസമൂഹമുള്ള പത്രമാണ് സിറാജ്. ഉള്ളടക്കത്തിലും പ്രിന്റിംഗ് ക്വാളിറ്റിയിലും ഇന്ത്യയിലെ മറ്റേത് ഭാഷാപത്രത്തോടും കിടപിടിക്കാവുന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ തുടക്കം മുതലിന്നോളം ഗൾഫ് സിറാജിന് സാധിച്ചിട്ടുണ്ട്. നേരത്തേ ഖത്വറിൽ വർഷങ്ങളോളം തടസ്സമേതുമില്ലാതെ വിതരണം ചെയ്തുകൊണ്ടിരുന്ന സിറാജ് പത്രത്തിന് അവിടെ പിന്നീടുണ്ടായ വിലക്ക് ജമാഅത്തിന്റെ ഇടപെടൽ മൂലമാണെന്നാണ് ഇപ്പോഴും ജമാഅത്തുകാരൻ ആയി ജീവിക്കുന്ന മുൻ എഡിറ്റർ പറയുന്നത്. സുന്നികളോടുള്ള വിശ്വാസപരമായ എതിർപ്പ് കാരണമാണ് ഈ വക ചതിപ്രയോഗങ്ങൾ എന്ന് വിചാരിക്കാൻ ന്യായമില്ല. മറ്റൊരു പത്രത്തിന്റെ വിതരണം തടസ്സപ്പെടുത്താൻ ജമാഅത്ത് ഇടപെട്ട കഥയും ആ സംസാരത്തിലുണ്ട്. അപ്പോൾ ആദർശപരമായ പ്രശ്‌നം അല്ല. അങ്ങനെ ആയിരുന്നെങ്കിൽ മൗദൂദിയൻ ആദർശം പിന്തുടരുന്ന മറ്റൊരു പത്രത്തെ റിയാദിലെ മലയാളി ഉദ്യോഗസ്ഥനെ മുന്നിൽനിർത്തി കാലു വെച്ച് വീഴ്ത്താൻ ശ്രമിക്കുമായിരുന്നോ? അപ്പോൾ പ്രശ്‌നം ആദർശം അല്ല. പിന്നെയോ? തങ്ങളുടെ താത്പര്യങ്ങൾക്ക് വിഘാതമാണ് എന്ന് മനസ്സിലാക്കിയാണ് ഈ വക ചതിപ്രയോഗങ്ങൾ. തങ്ങൾക്ക് മുന്നിൽ ഓടിക്കയറുമോ എന്ന ഭീതിയിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ. എല്ലാം സമഗ്ര ഇസ്‌ലാമിന് വേണ്ടിയാണല്ലോ എന്നത് മാത്രമാണ് ഏക ആശ്വാസം. ഏതെങ്കിലുമൊക്കെ പ്രധാന ഓഫീസുകളിലെ സ്വാധീനത്തെ ദുരുപയോഗിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഇങ്ങനെയൊക്കെ സാധ്യമാണോ എന്ന് സംശയിക്കുന്നവർ, ഖത്വറിലെ ഇന്ത്യൻ എംബസിയിലെ ജോലിക്കാലത്ത് ഒ അബ്ദുല്ലയും ഒ അബ്ദുർറഹ്മാനുമൊക്കെ ജമാഅത്തിന് വേണ്ടി നടത്തിയ ഇടപെടലുകളെ കുറിച്ച് അവർ എഴുതിയതും പ്രസംഗിച്ചതുമൊക്കെ ശ്രദ്ധിച്ചാൽ മതി, സംശയം നീങ്ങിക്കിട്ടും.

പത്രമാധ്യമങ്ങൾക്കടിയിൽ മത്സരങ്ങൾ ഉണ്ടായിരിക്കെത്തന്നെ സൗഹൃദങ്ങൾ നിലനിർത്താൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കാറുണ്ട്. വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ ഈ സൗഹൃദം കൂടുതൽ പ്രകടമാകാറുണ്ട്. അവിടെ പരസ്പരം ആശ്രയിച്ചു മാത്രമേ മലയാളികൾ ജീവിക്കാറുള്ളൂ. ആ നന്മയെ തല്ലിക്കെടുത്തുന്ന കടുംകൈ ആണ് ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പത്രവും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള ഒരു മുജാഹിദ് നേതാവിനെ ഗൾഫിൽ അകത്താക്കാൻ വേണ്ടി വെള്ളിമാട്കുന്ന് നിന്നൊരു കുറിമാനം അങ്ങോട്ട് പറന്ന വാർത്തയും അന്തരീക്ഷത്തിലുണ്ട്. അതെഴുതിയ ആൾ തന്നെ അത് വൈകാതെ വെളിപ്പെടുത്തുമായിരിക്കും. മുഖംമൂടിയിൽ എത്രകാലം ഒളിച്ചിരിക്കും എന്ന ചോദ്യം തന്നെയാണ് ജമാഅത്ത് നേതൃത്വം ഇന്നേരത്ത് പ്രധാനമായും അഭിമുഖീകരിക്കുന്നത്. ആശയ സംവാദത്തെ കുറിച്ച് ആഴ്ചയിലും തെരുവിൽ പ്രസംഗിക്കും. ഓഫീസിലെത്തിയാൽ അപരനെ എങ്ങനെ ചവിട്ടി വീഴ്ത്താം എന്ന് ഗവേഷണം നടത്തും. പാത്രത്തിനനുസരിച്ച് ആകൃതി സ്വീകരിക്കാൻ കഴിയുന്ന ദ്രാവകപ്പരുവത്തിലുള്ള ഉള്ളടക്കമേ ജമാഅത്തിനുള്ളൂ. അതറിയുന്നവർക്ക് ഇപ്പോൾ വെളിപ്പെടുന്ന കാര്യങ്ങളിൽ ഒരു ഞെട്ടലും ഉണ്ടാകില്ല.!

---- facebook comment plugin here -----

Latest