Editors Pick
ഒരേ സമയം നാല് ഡിവൈസുകളിൽ ലോഗിൻ ചെയ്യാം; പരിഷ്കരിച്ച മൾട്ടി ഡിവൈസ് സപ്പോർട്ടുമായി വാട്സ്ആപ്പ്
ഒരേ അക്കൗണ്ട് നാല് ഡിവൈസുകളിലും സ്വതന്ത്രമായി ഉപയോഗിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത
ഒരേസമയം നാല് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം. ഈ ഫീച്ചർ ഉൾപ്പെടുത്തിയുള്ള വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് മെറ്റ പുറത്തിറക്കി. നാല് ഫോണുകളിലോ അല്ലെങ്കിൽ പിസി, ഫോൺ, ടാബ് തുടങ്ങി നാല് വ്യത്യസ്ത ഡിവൈസുകളിലോ ഇനി എളുപ്പത്തിൽ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകും. മൾട്ടി ഡിവൈസ് സപ്പോട്ട് വാട്സ്ആപ്പ് നേരത്തെ തന്നെ പരീക്ഷിച്ചിരുന്നുവെങ്കിലും എല്ലാ ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാകും വിധത്തിൽ ഇതിന്റെ അപ്ഡേറ്റ് ലഭ്യമാക്കുന്നത് ഇപ്പോഴാണ്.
ഒരേ അക്കൗണ്ട് നാല് ഡിവൈസുകളിലും സ്വതന്ത്രമായി ഉപയോഗിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രൈമറി അക്കൗണ്ട് ഉള്ള ഫോണുമായി നെറ്റ്‍വർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് സാധ്യമാണ്. എന്നാൽ പ്രൈമറി അക്കൗണ്ട് സ്ഥിതി ചെയ്യുന്ന ഡിവൈസ് ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ മറ്റു ഡിവൈസുകളിലും വാട്സ്ആപ്പ് ലോഗൗട്ട് ആകും.
നാല് ഡിവൈസുകളിലും വളരെ ലളിതമായി തന്നെ വാടസ്ആപ്പ് ആക്ടീവാക്കാൻ സാധിക്കും. രണ്ടാമത്തെ ഡിവൈസിലും ഫോൺ നമ്പർ നൽകി തന്നെയാണ് വാട്സ്ആപ്പ് തുറക്കേണ്ടത്. തുടർന്ന് ഒന്നാമത്തെ അക്കൗണ്ടിലേക്ക് ഒരു ഒ ടി പി നമ്പർ ലഭിക്കും. ഇത് നൽകിയാൽ രണ്ടാമത്തെ ഫോണിലും വാട്സ്ആപ്പ് ആക്ടീവാകും. മറ്റു രണ്ട് ഡിവൈസുകളിലും ഇതേ രീതിയിൽ തന്നെ വാട്സ്ആപ്പ് കണക്ട് ചെയ്യാം.
ആഗോളതലത്തിൽ പുതിയ അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാവർക്കും ഇത് ലഭ്യമാകും. വാട്സ് ആപ്പ് ഉപഭോക്താക്കളുടെ നിരന്തര ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
വാടസ് ആപ്പ് വെബ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നേരത്ത ഒന്നിലധികം ഡിവൈസുകളിൽ വാടസ്സ്ആപ്പ് ഉപയോഗിച്ചിരുന്നത്.