Connect with us

Ongoing News

പ്രവാചക നഗരിയില്‍ നിന്നും കാല്‍നടയായി മസ്ജിദ് ഖുബായിലെത്താം; ഖുബാ വാക്ക് വിശ്വാസികള്‍ക്കായി തുറന്നു

അന്ത്യ പ്രവാചകന്‍ പതിവായി മദീനയില്‍ നിന്നും ഖുബാ പള്ളിയിലേക്ക് നടന്നിരുന്ന പാത കൂടിയാണ് 4.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത.

Published

|

Last Updated

മദീന | ഇസ്‌ലാമിക ചരിത്രത്തില്‍ പ്രാധാന്യം നിറഞ്ഞ പള്ളിയായ മദീനയിലെ മസ്ജിദ് ഖുബായിലേക്ക് പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ നിന്നും കാല്‍നടയായി എത്തിച്ചേരാന്‍ കഴിയുന്ന ചരിത്ര പാതയായ ഖുബാ വാക്ക് (ഖുബായിലേക്കുള്ള നടപ്പാത) വിശ്വാസികള്‍ക്കായി തുറന്നു. അന്ത്യ പ്രവാചകന്‍ പതിവായി മദീനയില്‍ നിന്നും ഖുബാ പള്ളിയിലേക്ക് നടന്നിരുന്ന പാത കൂടിയാണ് 4.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്. മദീനയിലെ റോഡുകളും ചത്വരങ്ങളും വൈവിധ്യവത്കരിക്കുന്നതോടൊപ്പം, അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടുള്ള പരിപാടികളുടെ ഭാഗമായാണ് മദീന വികസന അതോറിറ്റി പാത നിര്‍മിച്ചിരിക്കുന്നത്.

ഖുബായിലേക്കുള്ള വെറുമൊരു നടത്തം എന്നതിലുപരി ചരിത്രത്തിലൂടെയും വിശ്വാസത്തിലൂടെയുമുള്ള ഒരു യാത്രകൂടിയാണിത്. അന്ത്യ പ്രവാചകരുടെ പാദസ്പര്‍ശമേറ്റ വഴികളിലൂടെ നടക്കുന്നത് പ്രവാചക ജീവിതത്തിന്റെ ലാളിത്യത്തെയും ശക്തിയെയുമാണ് പ്രവാചക നഗരിയിലെത്തുന്ന വിശ്വാസികള്‍ക്ക് നല്‍കുന്നത്,

ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയായ മസ്ജിദ് ഖുബായിലേക്കുള്ള ഓരോ ചുവടും ആത്മീയ യാത്രയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും സാധിക്കും. ഇസ്‌ലാമിക ചരിത്രത്തിന്റെ കാലാതീതമായ സൗന്ദര്യം സ്വീകരിക്കുന്നതിനും തിരുനബിയുടെ ത്യാഗങ്ങളെ ഓര്‍മിപ്പിക്കുന്നതിനുമൊപ്പം പൈതൃകവുമായി ആഴത്തില്‍ ബന്ധപ്പെടാനും സ്വന്തം ആത്മീയ യാത്രയെക്കുറിച്ച് ചിന്തിക്കാനുമുള്ള ഒരു അവസരം കൂടിയാണിത്. ഏകദേശം 30 മിനുട്ട് മുതല്‍ 60 മിനുട്ട് വരെയാണ് കാല്‍നട യാത്രക്കായി എടുക്കുന്നത്. കൂടാതെ ഗോള്‍ഫ് ബഗ്ഗിയും ഒരുക്കിയിട്ടുണ്ട്.

മസ്ജിദ് ഖുബാ
മുഹമ്മദ് നബി (സ) മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോയ സമയത്ത് സഞ്ചരിച്ച ഒട്ടകം ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഖുബാ. പ്രവാചകന്‍ സ്വന്തം കൈകളാല്‍ നിര്‍മിച്ച മദീനയിലെ ആദ്യത്തെ പള്ളി കൂടിയാണിത്. അതിനാല്‍ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമൂഹത്തിന്റെയും പ്രതീകമെന്ന നിലയില്‍ ഈ പള്ളിക്ക് വലിയ പ്രാധാന്യമാണുള്ളത്.

മുഹമ്മദ് നബി (സ) യുടെ വഫാത്ത് വരെ എല്ലാ ശനിയാഴ്ചകളിലും ഖുബായില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. മസ്ജിദു ഖുബായില്‍ വെച്ചുള്ള നിസ്‌കാരം ഉംറയോട് തുല്യമാണെന്നാണ് തിരുനബി വചനം. ഹജ്ജിനും ഉംറക്കുമായി എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളാണ് മസ്ജിദുല്‍ ഖുബാ സന്ദര്‍ശിക്കാനെത്തുന്നത്. മുഹമ്മദ് നബി (സ)യുടെ വിടവാങ്ങലിനു ശേഷം സ്വഹാബിമാരും അനുയായികളും ഖുബാ പള്ളി സന്ദര്‍ശിക്കുകയും നിസ്‌കരിക്കുകയും ചെയ്തിരുന്നു.

രണ്ടാം ഖലീഫ ഉമർ റളിയള്ളാഹു അൻഹു  (റ) ന്റെ ഭരണകാലം മുതല്‍ ഇന്ന് വരെ ചരിത്രത്തിലുടനീളം മികച്ച വിപുലീകരണങ്ങളും പരിചരണവുമാണ് ഭരണാധികാരികള്‍ ഖുബാ പള്ളിക്ക് നല്‍കിവരുന്നത്.

 

---- facebook comment plugin here -----

Latest