Educational News
ജർമ്മനിയിൽ സൗജന്യമായി പഠിക്കാം; ഇതാണ് യൂണിവേഴ്‌സിറ്റികൾ
ഉയർന്ന നിലവാരത്തിൽ കുറഞ്ഞ ചെലവിൽ പഠിക്കാം എന്നതാണ് ജർമ്മനിയുടെ പ്രത്യേകത
വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ പലരുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ജർമ്മനി. ഉയർന്ന നിലവാരത്തിൽ കുറഞ്ഞ ചെലവിൽ പഠിക്കാം എന്നതാണ് ജർമ്മനിയുടെ പ്രത്യേകത. ജർമ്മനിയിലെ മിക്ക പൊതു സർവകലാശാലകളും ട്യൂഷൻ രഹിത ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് താങ്ങാനാവുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസം നേടാവുന്ന രാജ്യമായി ജർമ്മനിയെ മാറ്റുന്നു.
സൗജന്യനിരക്കിൽ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന ജർമ്മനിയിലെ ചില യൂണിവേഴ്‌സിറ്റികൾ പരിചയപ്പെടാം.
കൊളോൺ സർവകലാശാല
ജർമ്മനിയിലെ കൊളോണിലുള്ള ഒരു സർവ്വകലാശാലയാണ് കൊളോൺ സർവകലാശാല. ഇത് 1388-ൽ സ്ഥാപിതമായാണ് ചരിത്രം. വൈവിധ്യമാർന്ന പ്രോഗ്രാമുകൾക്കും ഗവേഷണങ്ങൾക്കും പേരുകേട്ട സർവകലാശാല 44,000 വിദ്യാർത്ഥികളുള്ള ജർമ്മനിയിലെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നാണ്. മിക്ക കോഴ്‌സുകൾക്കും 300 മുതൽ 400 ഡോളർ വരെ മാത്രമാണ് ഇവിടെ സെമസ്റ്റർ ഫീസുള്ളൂ. ഇന്ത്യൻ രൂപയിൽ ഇത് 30,000ൽ താഴെയാണ്.
ആർഡബ്ല്യുടിഎച്ച് ആച്ചെൻ സർവകലാശാല
എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും മികവ് പുലർത്തുന്ന സർവകലാശാലയാണിത്. ജർമ്മനിയിലെ വടക്കൻ റൈൻ-വെസ്റ്റ്ഫാലിയയിലെ ആക്കനിലാണ് സ്ഥിതിചെയ്യുന്നത്. 44 പഠന വിഭാഗങ്ങളിലായി 42,000 ൽ കൂടുതൽ വിദ്യാർത്ഥികൾ ചേർന്നു പഠിക്കുന്ന ജർമ്മനിയിലെ ഏറ്റവും വലിയ സാങ്കേതിക സർവകലാശാല കൂടിയാണിത്.
ഹാംബർഗ് സർവകലാശാല
ജർമ്മനിയിലെ ഹാംബർഗിലുള്ള ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ഹാംബർഗ് സർവകലാശാല. മുമ്പത്തെ ജനറൽ ലക്ചർ സിസ്റ്റം, ഹാംബർഗ് കൊളോണിയൽ ഇൻസ്റ്റിറ്റൂട്ട്, അക്കാദമിക് കോളേജ് എന്നിവ സംയോജിപ്പിച്ച് 1919 മാർച്ച് 28 നാണ് ഇത് സ്ഥാപിതമായത്. വിശാലമായ പ്രോഗ്രാമുകളും ഊർജ്ജസ്വലമായ അക്കാദമിക് അന്തരീക്ഷവും സർവകലാശാല വാഗ്ദാനം ചെയ്യുന്നു. ഇവിടെയും സെമസ്റ്ററിന് 340 യൂറോയാണ് ശരാശരി ഫീസ്.
ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ
ജർമ്മനിയിലെ ബെർലിനിലുള്ള ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ. 1948 – ൽ വെസ്റ്റ് ബെർലിനിലാണ് ഇത് സ്ഥാപിതമായത്. മാനവികത, സാമൂഹിക ശാസ്ത്രം, പ്രകൃതി ശാസ്ത്രം എന്നിവയിൽ പ്രശസ്‌തമായ യൂണിവേഴ്‌സിറ്റി നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നു.
ബോൺ സർവകലാശാല
ജർമ്മനിയിലെ ബോണിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവകലാശാലയാണിത്. 1818 ഒക്ടോബർ 18 ന് ഫ്രെഡറിക് വില്യം മൂന്നാമനാണ് ഇത് സ്ഥാപിച്ചത്. ട്യൂഷൻ ഫീസില്ലാതെ സാമ്പത്തിക ശാസ്ത്രം, ഗണിതം, ലൈഫ് സയൻസസ് എന്നിവയിൽ ലോകോത്തര പ്രോഗ്രാമുകൾ ബോൺ സർവകലാശാല നൽകുന്നു.
ആഗോള പ്രവേശനക്ഷമതയ്ക്കായി ഈ സർവകലാശാലകൾ നിരവധി ഇംഗ്ലീഷ് പഠിപ്പിക്കുന്ന പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു. അഡ്മിനിസ്ട്രേറ്റീവ് ചെലവുകളും ഗതാഗതവും ഉൾക്കൊള്ളുന്ന ഒരു ചെറിയ സെമസ്റ്റർ ഫീസ് മാത്രമേ വിദ്യാർത്ഥികളിൽനിന്ന് ഈ സർവകലാശാലകൾ ഈടാക്കുന്നുള്ളൂ. യുറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജർമ്മനിയിൽ പഠനച്ചെലവ് വളരെ കുറവാണ്. അതോടൊപ്പം പല സർവകലാശാലകളും പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട്.