Connect with us

Malappuram

അര്‍ഹമായത് തന്നെ കിട്ടുന്നില്ല; മുസ്‌ലിം സമുദായം അന്യായമായി പലതും നേടുന്നുവെന്ന പ്രചാരണം പ്രത്യേക അജണ്ടയുടെ ഭാഗം: ഖലീല്‍ തങ്ങള്‍

കുപ്രചാരണങ്ങള്‍ പ്രബുദ്ധ കേരളം അവജ്ഞയോടെ തള്ളും.

Published

|

Last Updated

എസ് വൈ എസ് സോണ്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സഹവാസം ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിക്കുന്നു.

മലപ്പുറം | കേരളത്തിലെ മുസ്‌ലിംകള്‍ സര്‍ക്കാരില്‍ നിന്ന് അന്യായമായി പലതും നേടിക്കൊണ്ടിരിക്കുന്നുവെന്ന നിരന്തരമായുള്ള പ്രസ്താവനകള്‍
തെറ്റിദ്ധാരണാജനകമാണെന്നും ഇത്തരം കുപ്രചാരണങ്ങള്‍ പ്രബുദ്ധ കേരളം അവജ്ഞയോടെ തള്ളുമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ 12 സോണുകളില്‍ നടക്കുന്ന സഹവാസം ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം മഅ്ദിന്‍ കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമുദായത്തിന് അര്‍ഹമായത് തന്നെ കിട്ടുന്നില്ലെന്നിരിക്കെ ഇത്തരം പ്രസ്താവനകള്‍ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മദ്‌റസാ അധ്യാപകര്‍ക്കുള്ള വേതനം കേരള സര്‍ക്കാരാണ് നല്‍കുന്നതെന്ന കള്ള പ്രചാരണം സര്‍ക്കാറിന്റെ വിശദീകരണത്തോടെ പൊളിഞ്ഞതാണ്. സുന്നി സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഒരു തുണ്ട് ഭൂമി പോലും സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. അങ്ങനെ ഒരാവശ്യവും നാളിതുവരെ സുന്നി പ്രസ്ഥാനം മുന്നോട്ടുവെച്ചിട്ടുമില്ല. കേരളത്തിലെ മതസൗഹാര്‍ദത്തിന് കോട്ടംതട്ടുന്ന ഇത്തരം നിഗൂഢ നീക്കങ്ങളില്‍ നിന്ന് അത്തരം പ്രസ്താവന നടത്തുന്നവര്‍ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുര്‍തളാ സഖാഫി അധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപപ്പെടുത്തിയ സന്നദ്ധ സംഘമായ പ്ലാറ്റൂണ്‍ അംഗങ്ങളും സോണ്‍, സര്‍ക്കിള്‍ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുന്ന ദ്വിദിന സഹവാസം ക്യാമ്പുകള്‍ ജില്ലയിലെ 12 സോണുകളിലും നടക്കും.

ഹിസ്റ്ററി ടോക്ക്, കള്‍ച്ചറല്‍ ട്രാന്‍സ്ഫര്‍മേഷന്‍, സംഘടനാ വിചാരം, പാനല്‍ ഡിസ്‌കഷന്‍സ്, പ്രഭാത സൗന്ദര്യം, ഏളീബേഡ്, ടീ ടോക്ക് മുതലായ സെഷനുകളാണ് ക്യാമ്പില്‍ ക്രമീകരിച്ചിരിക്കുന്നത്. നാളെ വൈകിട്ട് സമാപിക്കുന്ന ക്യാമ്പില്‍ സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ശക്കീര്‍, ജില്ലാ ഭാരവാഹികളായ സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, എം ദുല്‍ഫുഖാര്‍ സഖാഫി, പി പി മുജീബ് റഹ്മാന്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സോണ്‍ നേതാക്കളായ ബദ്റുദ്ദീന്‍ കോഡൂര്‍, പി എ അഹമ്മദലി, സി കെ ഖാലിദ് സഖാഫി, ഹുസൈന്‍ മിസ്ബാഹി, അബ്ബാസ് സഖാഫി കോഡൂര്‍, വി കെ സ്വലാഹുദ്ദീന്‍ പ്രസംഗിക്കും.

സഹവാസം ക്യാമ്പുകള്‍ താഴെ പറയും പ്രകാരം ക്രമീകരിച്ചു. പുളിക്കല്‍ (ജൂലൈ 27, 28) എടക്കര, കൊളത്തൂര്‍, മഞ്ചേരി ഈസ്റ്റ്, മഞ്ചേരി വെസ്റ്റ്, കൊണ്ടോട്ടി (ആഗസ്റ്റ് 1, 2), നിലമ്പൂര്‍ (ആഗസ്റ്റ് 3, 4), വണ്ടൂര്‍, പെരിന്തല്‍മണ്ണ (ആഗസ്റ്റ് 8, 9), എടവണ്ണപ്പാറ (ആഗസ്റ്റ് 9, 10) അരീക്കോട് (ആഗസ്റ്റ് 10, 11).

 

Latest